ഇടക്കാലത്ത് ഇഷ്ടവേഷങ്ങൾ ഇവിടെ കിട്ടിയില്ല; ഇന്നത്തെ തലമുറയെ സംബന്ധിച്ച് ഞാൻ തന്ത വൈബ്- ജയറാം

കനകക്കുന്ന്: സിനിമയിലും ജീവിതത്തിലും അച്ഛനും മകനുമായ രണ്ടു പേർ. അവർ ഒരുമിച്ചിരുന്ന് മനസ്സു തുറക്കുമ്പോൾ എന്തെല്ലാം കഥകളായിരിക്കും പറയാനുണ്ടാവുക. നിറഞ്ഞ സദസ്സിലാണ് മാതൃഭൂമി അക്ഷരോത്സവത്തിൽ നടൻ ജയറാമും കാളിദാസും സംവദിച്ചത്. പി. പ്രജിത്ത് മോഡറേറ്ററായി.
താൻ ഇന്നത്തെ തലമുറയെ സംബന്ധിച്ചിടത്തോളം തന്ത വൈബാണെന്നും പ്രേക്ഷകർക്ക് കൂടുതൽ ചോദിക്കാനുണ്ടാവുക കണ്ണനോടാവുമെന്നും (കാളിദാസൻ) പറഞ്ഞാണ് ജയറാം തുടങ്ങിയത്. എന്നാൽ അപ്പയുടെ ക്ലാസിക് സിനിമകളെയും സിനിമാനുഭവങ്ങളേയും പറ്റി എനിക്ക് ഇപ്പഴേ ചോദിക്കാൻ പറ്റൂ എന്നായിരുന്നു കാളിദാസൻ്റെ വാദം. കാരണം വീട്ടിൽ സിനിമ സംസാരവിഷയമാവാറില്ല. അത് ജയറാമും സമ്മതിച്ചു.
താൻ ആദ്യത്തെ സിനിമയായ അപരൻ അഭിനയിക്കാൻ 38 വർഷം മുൻപ് ഇതേ കനകക്കുന്ന് കൊട്ടാരത്തിൽ വന്ന കഥ ജയറാം ഓർമിച്ചു. ഫോട്ടോഗ്രാഫറും നടനുമായിരുന്ന എൻ.എൻ.ബാലകൃഷ്ണൻ കെട്ടാരത്തിൻ്റെ മുക്കിലും മൂലയിലും കൊണ്ടു നടന്ന് ഫോട്ടോ എടുത്തു.
രണ്ടാമത്തെ സിനിമയായ മൂന്നാംപക്കത്തിന് വേണ്ടി അന്ന് പത്മരാജൻ ചോദിച്ചു, നിനക്ക് നീന്താനറിയാമോ? കടലിൽ നീന്തുന്ന രംഗമുണ്ട്. ജയറാംപറഞ്ഞു, ഇല്ല. 'നാണമുണ്ടോ, പെരുമ്പാവൂർ പോലുള്ള സ്ഥലത്തു നിന്ന് വന്നിട്ടും നീന്താൻ പഠിക്കാത്തത് നാണക്കേടല്ലേ' എന്നായിരുന്നു മറുപടി. അതു കേട്ടപ്പോൾ കാളിദാസൻ ഇടപെട്ടു,' അപ്പക്ക് ഇപ്പോഴും ശരിക്ക് നീന്താനറിയില്ല'.
'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന സിനിമയിൽ ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾത്തന്നെ ഞാൻ തീരുമാനിച്ചിരുന്നു എൻ്റെ വഴി സിനിമയാണെന്ന്- കാളിദാസൻ പറഞ്ഞു. അപ്പ വേറേ ലെവലാണ്. ആക്ഷൻ പറയുമ്പോൾ വേറൊരാൾ, അതു കഴിഞ്ഞാൽ മറ്റൊരാൾ. അതൊന്നും എനിക്ക് പറ്റില്ല. അപ്പക്ക് കിട്ടിയ പോലുള്ള മഹാരഥൻമാരായ സിനിമാ പ്രവർത്തകരെ കിട്ടിയില്ലെങ്കിലും സത്യൻ അന്തിക്കാടിനെയും പി.വി.ഗംഗാധരനെയും പോലുള്ള പ്രതിഭകളെ തനിക്കും കിട്ടിയിട്ടുണ്ട്.
എന്തിനാണ് അന്യഭാഷകളിലെ ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ പോയതെന്ന ജയറാമിനോടുള്ള ചോദ്യത്തിന് കാളിദാസൻ ഇടയിൽക്കയറി മറുപടി പറഞ്ഞു, 'നല്ല പണം കിട്ടുന്നുണ്ട്, അതുകൊണ്ടാവും'. അതു കൊണ്ടുമാത്രമല്ലെന്നും ഇടക്കാലത്ത് ഇഷ്ടപ്പെട്ട വേഷങ്ങൾ ഇവിടെ കിട്ടാത്തതുകൊണ്ടാണെന്നും ജയറാമും കൂട്ടിച്ചേർത്തു.
'അച്ഛൻ്റേയും അമ്മയുടേയും വഴിയിലായതിനാൽ എനിക്ക് ചില പ്രിവിലേജുകൾ ഉണ്ടെന്ന് എനിക്കറിയാം'- കാളിദാസൻ തുടർന്നു. നമ്മുടെ പയ്യനാണ് എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. അതിൻ്റെ നന്ദിയുണ്ട്. എന്നാൽ സിനിമയിൽ പിടിച്ചു നിൽക്കാൻ അതു മാത്രം പോരാ. അഭിനയം തന്നെ വേണമെന്നും കാളിദാസൻ കൂട്ടിച്ചേർത്തു.
കാളിദാസൻ്റെ പ്രണയം പിടികൂടിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജയറാം ആ കഥ പറഞ്ഞു. ഒരിക്കൽ ഒരു ഹിന്ദി ഡയറക്ടർ വിളിച്ചിട്ടുണ്ട്, ഒന്നു പോയി കാണണം എന്ന് പറഞ്ഞ് മുംബൈയിൽ പോയി. തിരിച്ചു വന്ന് രണ്ടാഴ്ച്ചകഴിഞ്ഞപ്പോൾ വീണ്ടും ഇതേ കാരണം പറഞ്ഞ് അങ്ങോട്ടു തന്നെ പോയി. അപ്പോൾ മോൾ ചക്കിയാണ് ഇതിൻ്റെ രഹസ്യം പിടികൂടിയത്- ജയറാം പറഞ്ഞു. അത് താൻ വീട്ടിൽ പറയാനിരിക്കുകയാണെന്നായിരുന്നു കാളിദാസൻ്റെ വാദം.
കേരളത്തിലെ പ്രധാനപ്പെട്ട 25 ആനകളെയെങ്കിലും ഒറ്റനോട്ടത്തിൽ താൻ തിരിച്ചറിയുമെന്ന് ജയറാം പറഞ്ഞപ്പോൾ കാളിദാസൻ്റെ കൗണ്ടർ, 'പക്ഷേ ഞാൻ പഠിച്ച കോളേജോ കോഴ്സോ ചോദിച്ചാൽ അറിയില്ല'. അപ്പക്ക് വിനയം അൽപം കൂടുതലാണ്. വല്ലാതെ വിനയമായാൽ മറ്റുള്ളവർ തലയിൽ കയറുമെന്ന് കാളിദാസൻ പറഞ്ഞപ്പോൾ 'ഞാൻ അങ്ങനെ ആയിപ്പോയി ' എന്നായിരുന്നു മറുപടി. രണ്ടു പേരും നീണ്ട കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന 'ആശകൾ ആയിരം ' എന്ന സിനിമയെക്കുറിച്ചും ഇരുവരും സംസാരിച്ചു.
Content Highlights: Actor Jayaram and son Kalidas Jayaram share their cinema journey, life stories, and acting insight.