ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം: പാർലമെന്റിൽ ഉത്തരേന്ത്യക്കാർ മാത്രമാകുമോ?

#ജോസഫ് മാത്യു
ഫോട്ടോ: ജെ.ഫിലിപ്പ്
ഫോട്ടോ: ജെ.ഫിലിപ്പ്

തിരുവനന്തപുരം: ജനസംഖ്യാടിസ്ഥാനത്തിൽ പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം നടത്തിയാൽ ഇന്ത്യൻ പാർലമെന്റ് വടക്കേയിന്ത്യക്കാർ മാത്രം എന്ന സ്ഥിതി വരുമെന്ന ആശങ്ക ഉയർത്തി മാതൃഭൂമി അക്ഷരോത്സവത്തിൽ ചർച്ച. പുതിയ സെൻസസ് അനുസരിച്ച് പാർലമെന്റ് സീറ്റുകളുടെ എണ്ണം കൂട്ടിയാൽ കേരളത്തിൽ രണ്ടോമൂന്നോ സീറ്റ് മാത്രം കൂടുമ്പോൾ ഉത്തർപ്രദേശിൽ 80-ൽനിന്ന് 150 ആയി ഉയരും. ഇത് വടക്കേയിന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ അപ്രമാദിത്വമുണ്ടാക്കുമെന്നാണ് ആശങ്കയുയർന്നത്.

മാത്യു കുഴൽനാടൻ എം.എൽ.എ., ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി.ആചാരി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളും പോണ്ടിച്ചേരിയും ചേർത്ത് ഇപ്പോൾത്തന്നെ 130 സീറ്റേയുള്ളൂവെന്ന് ആചാരി ചൂണ്ടിക്കാട്ടി. ആകെ 543 സീറ്റാണുള്ളത്. സെൻസസ് നടക്കുമ്പോൾ രാജ്യത്തെ ജനസംഖ്യ 148 കോടിയായി ഉയരുമെന്നാണ് അനുമാനം. ഭരണഘടനയനുസരിച്ച് ജനസംഖ്യയനുസരിച്ച് മണ്ഡല പുനർനിർണയം നടത്തണം. ഇന്ദിരാഗാന്ധിയും പിന്നീട് വാജ്‌പേയിയും അതു തത്കാലം മരവിപ്പിച്ചിരിക്കുകയായിരുന്നു. ഒരു മണ്ഡലത്തിൽ പത്തുലക്ഷത്തോളം പേർ എന്നാണ് നിലവിലുള്ള മാനദണ്ഡം.

ഇന്ദിരാഗാന്ധി മണ്ഡല പുനർനിർണയം മരവിപ്പിച്ചത് വടക്ക്-തെക്ക് അസന്തുലിതാവസ്ഥ വരുമെന്ന ദൂരക്കാഴ്ചയോടെയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ധനക്കമ്മിഷന്റെ നമുക്കുള്ള വിഹിതം 3.6 ശതമാനത്തിൽനിന്ന് 1.9 ശതമാനമായി കുറഞ്ഞുവെന്ന് കേരളത്തിലെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ താത്പര്യമനുസരിച്ച് നമ്മൾ ജനസംഖ്യാ നിയന്ത്രണങ്ങൾ പാലിച്ചതിന് നമ്മൾ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയാണ്. ഇതു രാഷ്ട്രീയ അസന്തുലിതാവസ്ഥയുണ്ടാക്കും. നമുക്ക് പൊതുനയങ്ങളിൽ സേ ഇല്ലാതാകും. രാജ്യം ഏകശിലാരൂപമാക്കിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും- കുഴൽനാടൻ പറഞ്ഞു.

ഇന്ത്യയിൽ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്ന വേർതിരിവ് ആവശ്യമില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നെഹ്രുവും മോദിയും സാങ്കേതികമായി പടിഞ്ഞാറു ഭാഗത്തുള്ളവരാണ്. പക്ഷേ അവരെ ഇന്ത്യയുടെ മൊത്തം പ്രതിനിധികളായാണ് രാജ്യം കാണുന്നത്. ജനങ്ങളുടെ പ്രാതിനിധ്യമാണ് പാർലമെന്റിൽ പ്രതിഫലിക്കേണ്ടത്. കേരളത്തിൽ മണ്ഡല പുനർനിർണയം നടത്തിയപ്പോൾ പത്തനംതിട്ടയിൽ സീറ്റ് കുറഞ്ഞു. മലപ്പുറത്ത് കൂടി. അപ്പോൾ മലപ്പുറം ഭരിക്കുമെന്ന് ആരും പറഞ്ഞില്ലല്ലോ-അബ്ദുള്ളക്കുട്ടി പറഞ്ഞു. സദസിൽനിന്നുള്ള ചോദ്യങ്ങൾക്ക് മൂവരും മറുപടി പറഞ്ഞു. മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ മോഡറേറ്ററായി.

Content Highlights: Debate on India`s parliament seat redistribution post-census. Concerns over North India`s dominance and South India`s representation. Experts discuss.