‘സാഹോദര്യ ഭാവനയുടെ ലോകത്തേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടുവന്നത് ഗാന്ധിയുടെ നിരാഹാരം’

തിരുവനന്തപുരം: മതാധിഷ്ഠിതമായ മൂല്യങ്ങളെ ചൊല്ലിയുള്ള ഒരു രാഷ്ട്രഭാവനയെയും നാം വകവെച്ചു കൊടുത്തുകൂടാ എന്നതാണ് ഗാന്ധി ഇന്ത്യയ്ക്ക് നൽകിയ ഏറ്റവും വലിയ പാഠമെന്ന് ഡോ. സുനിൽ പി. ഇളയിടം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഗാന്ധിസ്മൃതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വർഗീയതയ്‌ക്കെതിരെ അവസാനംവരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഗാന്ധി കൈക്കൊണ്ടതെന്നും സാഹോദര്യ ഭാവനയുടെ ലോകത്തേയ്ക്ക് ഇന്ത്യയെ മടക്കിക്കൊണ്ടുവന്നത് അവസാന ദിവസങ്ങളിൽ ഗാന്ധി നടത്തിയ നിരാഹാരമാണെന്നും സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു.
ഇന്ത്യയെ ഒരു മതരാജ്യമാക്കിമാറ്റാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ നൂറിൽ നൂറു പേരും ഒരു മതത്തിൽ പെട്ടവരായാലും ഇതൊരു മതരാജ്യമായിക്കൂടാ എന്ന ഗാന്ധിയുടെ വാക്കുകൾ നമ്മൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെടിയേറ്റ് വീഴുമ്പോൾ ഈ ആശയമാണ് ഗാന്ധി ഭാവിക്ക് വേണ്ടി മാറ്റിവെച്ചത്.
അത് പ്രാവർത്തനമാക്കാൻ നമ്മൾ ഉത്തരവാദപ്പെട്ടിരിക്കുന്നു എന്നതാണ് ഗാന്ധിസ്മൃതിയുടെ അന്തിമമായ അർത്ഥം. സത്യബോധത്തെയാണ് ഗാന്ധി രാമൻ എന്ന് പേരിട്ടത്.
മതാത്മകതയിൽ നിന്ന് മതനിരപേക്ഷമായ ജനകീയമായ ഒരു ദേശീയത സങ്കല്പത്തിലേക്ക് ദേശീയ പ്രസ്ഥാനത്തെ വഴിതിരിച്ചു വിട്ടതിന്റെ കേന്ദ്രം ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി വെറുതെ ദേശീയ ഐക്യം, മതനിരപേക്ഷത തുടങ്ങിയ കാര്യങ്ങൾ പറയുകയല്ല, മുഴുവൻ മനുഷ്യരെയും സ്പർശിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് സമരം തുടങ്ങുകയാണ് ചെയ്തത്.
ആ വഴിതിരിച്ചു വിടലാണ് മതാത്മക ഹിന്ദുത്വത്തിന്റെ പ്രതിനിധികളിൽ നിന്ന് മതനിരപേക്ഷ ഇന്ത്യ എന്ന ആശയത്തിലേക്ക് പിൽക്കാല ഇന്ത്യയെ കൊണ്ടുപോയത്. അങ്ങനെ ദേശീയതയുടെ ഉള്ളടക്കത്തിൽ അവസാനത്തെ മനുഷ്യൻ ആവശ്യങ്ങളെയും ചേർത്തുവെക്കുന്ന നിലയിലേക്ക് ദേശീയതാ സങ്കല്പത്തെ പുനർവിഭാവനം ചെയ്തതിന്റെ കേന്ദ്രമായിരുന്നു ഗാന്ധി.
കേവലം ബ്രിട്ടീഷ് വിരുദ്ധത എന്നതിനു പകരം ഇന്ത്യയുടെ ദേശീയത സങ്കല്പത്തിനുള്ളിലേക്ക് ഇന്ത്യയിലെ മുഴുവൻ മനുഷ്യരെയും ചേർത്തുവെച്ചു എന്നതാണ് ഗാന്ധിയുടെ പ്രാധാന്യം. ഇന്ത്യൻ ദേശീയ സ്ഥാനത്തിന്റെ കാതൽ ഹിന്ദു-മുസ്ലിം ഐക്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. ഇത് രണ്ട് രാജ്യങ്ങളോ രണ്ട് സംസ്‌കാരങ്ങളോ രണ്ട് രാഷ്ട്രീയ രൂപങ്ങളോ അല്ല, ഒരൊറ്റ ജീവിതക്രമമാണെന്ന് അദ്ദേഹം ഇന്ത്യക്കാരോട് പറഞ്ഞുകൊണ്ടേയിരുന്നു.
ഫാസിസം നമുക്കിടയിൽ വിതയ്ക്കുന്ന വിദ്വേഷത്തിന് കീഴടങ്ങില്ലെന്ന് നമ്മൾ ലോകത്തോട് പറയണം. പരസ്പരം സ്‌നേഹിക്കുക എന്ന മഹരമായ ആശയമാണ് നാം പിന്തുടരേണ്ടത്. അതിലൂടെയാണ് ഗാന്ധിസ്മൃതി അർഥപൂർണമാവുക. ഇതിന്റെ ഉത്തരവാദിത്തം നമ്മൾ മറ്റാർക്കും കൈമാറരുത്. മുന്നിലുള്ള വർഗീയതയുടെ ഏത് സന്ദർഭത്തോടും വിട്ടുവീഴ്ചയില്ലാതെ പൊരുതി നിൽക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഓർക്കുന്നതിന്റെ പേരാണ് ഗാന്ധിസ്മൃതി. അത് നമ്മുടെ ബാധ്യതയാണ്-സുനിൽ പി. ഇളയിടം പറഞ്ഞു.
Content Highlights: Dr. Sunil P. Ilayidom discusses Gandhi`s legacy, highlighting his fast that brought India back to fraternity, unity, and secularism. Learn more about Gandhi`s message against communalism.