'ഉപഭോക്താവ് പ്രധാനം, ജീവനക്കാരിലും ശ്രദ്ധ; വിശ്വാസം അനുഭവങ്ങളിലും മൂല്യങ്ങളിലും'

നിരന്തരമായ സേവനത്തിലൂടെയാണ് വിശ്വാസം ഉണ്ടാകുന്നതെന്ന് കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു. ‘സ്‌കെയിലിങ് ട്രസ്റ്റ് എക്രോസ് ബോർഡേഴ്‌സ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “വിപണിയിലിറങ്ങി ആളുകൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി അതു നൽകുകയാണ് വേണ്ടത്.”-അദ്ദേഹം പറഞ്ഞു. ഒരു ഔട്ട്‍ലെറ്റിൽനിന്ന് 52 സ്റ്റോറുകളിലേക്ക് കല്യാൺ സിൽക്സ് വളർന്നപ്പോൾ, ഉടമയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽനിന്ന് പ്രൊഫഷണൽ സംവിധാനങ്ങളിലേക്ക് കമ്പനി മാറി. -അദ്ദേഹം വിശദീകരിച്ചു.
വിശ്വാസത്തിന്റെ വാഹകർ ജീവനക്കാരാണെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ജീവനക്കാരുടെ ആന്തരിക വളർച്ചയ്ക്കും സ്ഥാനക്കയറ്റത്തിനും ലുലു മുൻഗണന നൽകുന്നുണ്ട്. ഉപഭോക്താക്കൾ കേവലം മുദ്രാവാക്യങ്ങളിലല്ല, മറിച്ച് അനുഭവങ്ങളിലും മൂല്യങ്ങളിലുമാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈകാരികമായ തീരുമാനങ്ങൾ എടുക്കുന്ന ഉപഭോക്താക്കളുമായി ഇടപഴകുമ്പോൾ ജീവനക്കാരുടെ മനോഭാവം എത്രത്തോളം നിർണായകമാണെന്ന് മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് എക്സിക്യുട്ടീവ് ഡയറക്ടർ സൂസന്ന മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ‘കുറഞ്ഞ വരുമാനമുള്ള, സാമ്പത്തിക സ്ഥാപനങ്ങളുമായി അധികം ബന്ധമില്ലാത്ത വിഭാഗമാണ് ഞങ്ങളുടെ ഉപഭോക്താക്കൾ,’ അവർ പറഞ്ഞു. വീടുനിർമാണം, മക്കളുടെ വിദ്യാഭ്യാസം അല്ലെങ്കിൽ ചികിത്സാ ആവശ്യങ്ങൾ തുടങ്ങിയ സമ്മർദമുണ്ടാകുന്ന സാഹചര്യങ്ങളിലാണ് പലരും വായ്പയ്ക്കായി സമീപിക്കുന്നത്. അവിടെ പലിശ നിരക്കിനേക്കാൾ ഉപരിയായി സുതാര്യതയ്ക്കും ജീവനക്കാരുടെ കരുണയോടുള്ള പെരുമാറ്റത്തിനുമാണ് പ്രാധാന്യമെന്ന് അവർ വിശദീകരിച്ചു.
ജീവനക്കാരെ വെറും തൊഴിലാളികളായല്ല, മറിച്ച് വിശ്വാസത്തിന്റെ പതാകാവാഹകരായാണ് പാനലിസ്റ്റുകൾ വിശേഷിപ്പിച്ചത്. ‘വിശ്വാസം നഷ്ടപ്പെട്ടിരുന്നെങ്കിൽ നമ്മൾ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു,’ സദസ്സുമായുള്ള സംവാദത്തിനിടെ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു. മാതൃഭൂമി ഡയറക്ടർ(ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര മോഡറേറ്ററായി.
Content Highlights: Business leaders stress that lasting customer trust is built through consistent service, empowered employees, and value-driven experiences rather than slogans.