'ഇന്ന് ജാതിയും മതവും ഉൾക്കൊള്ളിക്കാതെ എഴുതാനാകില്ല, ദൈവങ്ങളെ കച്ചവടംചെയ്യാൻ വിട്ടുകൊടുക്കരുത്'

തിരുവനന്തപുരം: ദൈവങ്ങളെ കച്ചവടമാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിലേക്ക് അവരെ വിട്ടുകൊടുക്കരുതെന്നും ദൈവങ്ങളെ നമ്മൾ നവീകരിക്കണമെന്നും നോവലിസ്റ്റ് കെ.പി രാമനുണ്ണി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാം പതിപ്പിൽ നടന്ന 'എഴുതാമോ ജാതിയും മതവും തൊടാതെ?' എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരായ ഫ്രാൻസിസ് നൊറോണ, ഖദീജ മുംതാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. അധ്യാപികയായ സീമ ജെറോം ആയിരുന്നു മോഡറേറ്റർ.
സദസ്സിനെ ചൂടുപിടിപ്പിക്കുന്ന ചർച്ചയ്ക്കാണ് അക്ഷരോത്സവം വേദിയായത്. 'വിസ്‌ഫോടനമായ തലങ്ങളിലേക്ക് പോകാവുന്ന ഒരു വിഷയമാണിത്. ജാതിയും മതവും സ്പർശിക്കാതെ വേണമെങ്കിൽ എഴുതാം. ചരിത്രം ഉണ്ടാകാത്ത കാലത്തെ സൂചിപ്പിച്ചോ ഫാന്റസി ലോകത്തെക്കുറിച്ചോ വേണമെങ്കിൽ എഴുതാം എന്നേയുള്ളൂ. വർത്തമാന കാലത്തെക്കുറിച്ച് എഴുതാൻ സാധിക്കില്ല. സാഹിത്യത്തിൽ ജീവിതം പ്രതിഫലിക്കും. നമ്മുടെ അന്തരീക്ഷത്തിൽ ജാതിയും മതവും എല്ലാം ഉണ്ട്. അമേരിക്കയിൽ എത്തുമ്പോൾ അത് വർണമായി മാറും. സാഹിത്യത്തിൽ തിന്മയെ രേഖപ്പെടുത്താതെ ഇരിക്കാൻ സാധിക്കില്ല. ദൈവങ്ങളെ കച്ചവടവും ആക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിലേക്ക് വിട്ടുകൊടുക്കരുത്. ദൈവങ്ങളെ നമ്മൾ നവീകരിക്കണം, അല്ലെങ്കിൽ അവരെ ആളുകൾ ചെകുത്താന്മാരാക്കി മാറ്റും', കെ.പി. രാമനുണ്ണി പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതെ ആചാരങ്ങൾ കുടുക്കിയിടുന്നുവെന്ന് ഖദീജ മുംതാസ് ചൂണ്ടിക്കാട്ടി.
'ജാതി ഒരു തിന്മയാണെന്ന് നമുക്കറിയാം. പക്ഷെ ജാതിയിൽ പോലും നല്ല വശങ്ങൾ ഉണ്ട്. സൗന്ദര്യാത്മകതയും പ്രതിരോധവുമാണ് എഴുത്തിന്റെ രണ്ട് വശം. ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതെ ആചാരങ്ങൾ കുടുക്കിയിടുന്നു. മതത്തെ സ്‌ത്രൈണവത്ക്കരിക്കുന്ന എഴുത്തുകൾ നമുക്ക് കാണാനാകും. സ്ത്രീയുടെ എഴുത്ത് ഒരു തിരുത്തൽ ശക്തിയായി മാറുകയാണ്', ഖദീജ മുംതാസ് പറഞ്ഞു.
മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത സംഗതിയാണ് മതമെന്നും പക്ഷേ അത് ഉപേക്ഷിക്കൽ ദുഷ്‌കരമാണെന്നും ഫ്രാൻസിസ് നൊറോണ അഭിപ്രായപ്പെട്ടു.
'ഒരുപാട് ജാതിയുണ്ടെങ്കിലും രണ്ട് ജാതിയിലേക്ക് നമുക്ക് അവരെ തരം തിരിക്കാനാകും. ഒന്ന് ഭൂമിയേ പരിപാലിക്കുന്ന, ലാളിക്കുന്ന ഒരു കൂട്ടർ. മറ്റൊന്ന് അധികാര സ്വഭാവത്തോടെ ഭൂമിയെ ഭരിക്കുന്നവർ. മറ്റൊരു ലോകം ഉണ്ടെന്ന് മതം പറഞ്ഞു പഠിപ്പിക്കുന്നു. ജാതി നമുക്ക് എഴുത്തിൽ പരാമർശിക്കേണ്ടി വരും. ഇപ്പോഴത്തെ തലമുറയിൽ ജാതിയില്ലെന്ന് ഞാൻ പണ്ട് പറഞ്ഞിരുന്നു. എന്നാൽ അത് ഞാനിപ്പോൾ തിരുത്തുകയാണ്. ജനിക്കുമ്പോൾ മുതൽ ഒരു കുട്ടിയുടെ തലയിൽ ജാതിയും മതവും ഒക്കെ ഉണ്ട്. മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത സംഗതിയാണ് മതം. പക്ഷേ അത് ഉപേക്ഷിക്കൽ ദുഷ്‌കരമാണ്.
മതം ഉപേക്ഷിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ അതിലൊരുപാട് പ്രയാസങ്ങൾ ഉണ്ട്. ബന്ധുക്കളുടെ കല്യാണത്തിന് എന്നെ വിളിക്കാറില്ല. ഇനി വിളിച്ച് ഫോട്ടോ എടുത്താലും ആൽബത്തിൽ പോലും കാണില്ല. ഞാൻ മരിച്ച് കഴിഞ്ഞാൽ എന്നെ പൊതുശ്മശാനത്തിൽ സാധാരണ പൗരന്റെ മൃതദേഹത്തിന് കൊടുക്കുന്ന പോലെ ആദരവ് കൊടുത്ത് കത്തിച്ചു കളയണമെന്ന് എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. നമ്മളുടെതായ രാമനെ സൃഷ്ടിക്കുകയോ അല്ലാഹുവിനെ സൃഷ്ടിക്കുകയോ ക്രിസ്തുവിനെ സൃഷ്ടിക്കുകയല്ല വേണ്ടത്. അവരെ ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്', ഫ്രാൻസിസ് നൊറോണ പറഞ്ഞു.
മോഡറേറ്ററിന്റെ കൃത്യമായ ഇടപെടലുകളും സദസ്സിന്റെ ഭാഗത്തുനിന്നുമുള്ള ചോദ്യങ്ങളും ചർച്ചയെ ആവേശഭരിതമാക്കി.
Content Highlights: Writers debate caste & religion`s role in contemporary literature at Mathrubhumi fest. Don`t let gods be commercialized, urged K.P. Ramanunni.