ഇത് ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ അർഥമറിഞ്ഞു പഠിക്കേണ്ട കാലം -സ്വാമി സാന്ദ്രാനന്ദ

#News Desk
'ഗുരുദൈവം സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സംസാരിക്കുന്നു
'ഗുരുദൈവം സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സംസാരിക്കുന്നു

തിരുവനന്തപുരം: കാലാതിവർത്തിയായ ഗുരുദർശനങ്ങളെ അർഥമറിഞ്ഞു പഠിക്കേണ്ട കാലഘട്ടമാണിതെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പിന്റെ മുന്നോടിയായി കനകക്കുന്നിൽ നടക്കുന്ന ബുക്‌ഫെയർ വേദിയിൽ സംഘടിപ്പിച്ച ചർച്ചയിൽ ‘ഗുരുദൈവം സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവിനെയാണ് ഗുരു ദൈവമായിക്കണ്ടത്. അതേ അറിവ് തന്നെയാണ് സ്വാതന്ത്ര്യമെന്നും ഗുരു ഓർമ്മിപ്പിച്ചു. ഗുരുവും ദൈവവും പരമമായ ലക്ഷ്യമായി ജ്ഞാനത്തിലൂടെയുള്ള ആനന്ദത്തെ തിരിച്ചറിഞ്ഞു. ആർജിത ജ്ഞാനത്തിലൂടെയുള്ള സ്വാതന്ത്ര്യം എന്നും മനുഷ്യനെ നവീകരിക്കാൻ പ്രാപ്തമാണെന്നും ഗുരു തന്റെ വാക്കുകളിലൂടെയും കർമങ്ങളിലൂടെയും ബോധ്യപ്പെടുത്തി.

ഗുരുവിനെ തിരിച്ചറിയേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജാതിഭേദത്തിനപ്പുറത്ത് സാഹോദര്യം പുലരണമെന്ന ഉദാത്തമായ സങ്കല്പത്തിലൂടെ ഗുരു എക്കാലത്തെയും സമൂഹങ്ങളുടെ കണ്ണുതുറപ്പിക്കുകയായിരുന്നുവെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

മാതൃഭൂമി ന്യൂസ് സീനിയർ ഡെപ്യൂട്ടി എഡിറ്റർ കെ. മധു ചർച്ചയിൽ മോഡറേറ്ററായി. മാതൃഭൂമി ബുക്‌സ് മാനേജർ അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: At an MBIFL 2026 pre-event discussion, Aruvippuram Math Secretary Swami Sandrananda emphasized the need to study Sree Narayana Guru's philosophies deeply. He highlighted how Guru equated knowledge with God and freedom, urging society to move beyond caste through universal brotherhood.