കലുഷിതകാലത്തും ആരെയും ഭയക്കാത്ത അരുന്ധതി റോയ്‌- എം.വി.ശ്രേയാംസ് കുമാർ

#സ്വന്തം ലേഖകന്‍
മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറും ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് സമ്മാനിക്കുന്നു, അരുന്ധതി റോയ് | ഫോട്ടോ: മാതൃഭൂമി
മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറും ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് സമ്മാനിക്കുന്നു, അരുന്ധതി റോയ് | ഫോട്ടോ: മാതൃഭൂമി

വായനക്കാരെ പ്രചോദിപ്പിക്കുന്ന എഴുത്തുകാരി എന്നതിലുപരി, ഈ കലുഷിതകാലത്തും ആരെയും ഭയക്കാതെയും മുഖംനോക്കാതെയും നിലപാടുകളെടുക്കുന്ന അരുന്ധതി റോയിക്ക്‌ ‘മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം’ സമ്മാനിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ.

സാഹിത്യോത്സവങ്ങൾക്കു പിന്നിലുള്ള സാമ്പത്തികശക്തികൾ, പ്രകൃതിക്ക് ആഘാതമുണ്ടാക്കുന്നവരും മനുഷ്യജീവനു വിലകല്പിക്കാത്തവരും ആയതിനാലാണ് താൻ പല സാഹിത്യോത്സവങ്ങളിലും പങ്കെടുക്കാത്തതെന്ന് അരുന്ധതി റോയ് പറഞ്ഞിരുന്നു. എന്നാൽ, ഒരു കാര്യം ഉറപ്പിച്ചുപറയാനാകും, മാതൃഭൂമി എക്കാലവും പാരിസ്ഥിതികപ്രശ്നങ്ങൾക്കും മനുഷ്യരുടെ അവകാശസമരങ്ങൾക്കും ഒപ്പം നിന്ന പ്രസ്ഥാനമാണ്. പ്ലാച്ചിമടയിലെ കൊക്കോക്കോള വിരുദ്ധസമരം ഒരു ഉദാഹരണമാണ്. കോടിക്കണക്കിനു രൂപയുടെ പരസ്യവരുമാനം വേണ്ടെന്നുവെച്ചിട്ടാണ് എന്റെ പിതാവ് എം.പി.വീരേന്ദ്രകുമാർ ആ സമരം ഏറ്റെടുക്കുന്നത്. അന്ന് അദ്ദേഹം എന്നോടു പറഞ്ഞത് ഇതാണ്- ‘സമൂഹത്തിലെ ശബ്ദമില്ലാത്തവന്റെ ശബ്ദമാകാനും പാവപ്പെട്ടവന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും കഴിയുക എന്നതാണ് മാധ്യമധർമ്മം’. ആ സമരത്തിനൊടുവിൽ ആ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇത്തരം കാര്യങ്ങളിൽ ലാഭേച്ഛ നോക്കാതെ നിലപാടെടുക്കുന്ന സ്ഥാപനമാണ് മാതൃഭൂമി. അതിന് എന്തു വിലയും കൊടുക്കും.

ജനമനസ്സുകളെ വിഭജിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ കാലമാണിന്ന്. ഇത്രയും വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്തെ ഒരു ചിന്താധാരയിലേക്കു കൊണ്ടുവരണമെന്ന് വാശിയോടുകൂടി ചിലർ പ്രവർത്തിക്കുന്നുണ്ട്. അവർ പറയുന്നതാണ് നമ്മുടെ ദേശീയതയെന്ന് പ്രത്യക്ഷത്തിൽത്തന്നെ പ്രചരിപ്പിക്കുന്നു. ഇതിനൊക്കെ എതിരായി നിലപാടെടുക്കുന്ന സ്ഥാപനമാണ് മാതൃഭൂമി. ഇനിയും അതു തുടരുമെന്നതിൽ യാതൊരു സംശയവുമില്ല. മറ്റാരെങ്കിലും എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ, രണ്ടോ മൂന്നോ പുസ്തകമാവുമായിരുന്ന കാര്യങ്ങൾ, ‘മദർ മേരി കംസ് ടു മി’യിൽ ഏതാനും വരികളിലൂടെ അർഥസമ്പുഷ്ടമായി അവതരിപ്പിച്ച അരുന്ധതി റോയിയുടെ ക്രാഫ്റ്റ് അത്ഭുതപ്പെടുത്തുന്നതാണ് -ശ്രേയാംസ് കുമാർ പറഞ്ഞു.

Content Highlights: Mathrubhumi MD M.V. Shreyams Kumar proud to honor Arundhati Roy, a writer who takes fearless stances, especially during turbulent times