സംവിധായകൻ ആകാൻ ആഗ്രഹിച്ചത് മണിരത്നം സിനിമകൾ കണ്ട്; മോഹം ‘സത്യൻ ബ്രാൻഡ്’ ആയി തുടരാൻ - അഖിൽ സത്യൻ

ഇരുപതുവയസ്സുവരെ അച്ഛനെ അധികം കണ്ടിട്ടില്ലാത്ത, അമ്മയുടെ ശ്രദ്ധയിൽ വളർന്ന മകൻ, ഒരു പ്രായത്തിനുശേഷം സിനിമയിൽ അച്ഛന്റെ സഹായിയായി, സംവിധായകനായി, സത്യൻ ബ്രാൻഡായി...
“അച്ഛന്റെ സിനിമ കണ്ടിട്ടല്ല, മണിരത്‌നത്തിന്റെ സിനിമ കണ്ടിട്ടാണ് ഞാൻ സംവിധായകനാവണമെന്ന് ആഗ്രഹിച്ചത്. ഫീൽഗുഡ് സിനിമകളുണ്ടാക്കാൻ എളുപ്പമല്ലെന്ന് പിന്നീടാണ് മനസ്സിലായത്.”- ‘ബ്രാൻഡ് സത്യൻ’ എന്ന സെഷനിൽ അഖിൽ സത്യൻ പറഞ്ഞുതുടങ്ങി.
10 വർഷം അച്ഛനെ അസിസ്റ്റ് ചെയ്യാനായത് ചെറിയകാര്യമല്ല. പക്ഷേ, ആദ്യതവണ അസിസ്റ്റുചെയ്ത സമയത്ത് ഞാൻ വിഷാദരോഗത്തിലേക്കുപോയി, മരുന്നുകഴിച്ചു. കൃത്യമായ ചികിത്സയെടുത്തതുകൊണ്ട് അതിൽനിന്നു രക്ഷപ്പെട്ടു. പിന്നെപ്പിന്നെ ധൈര്യം കിട്ടി. പിന്നെ പലതവണ അച്ഛനെ അസിസ്റ്റുചെയ്തു. ഇപ്പോൾ ഭയമില്ല. എനിക്ക് കാണാനിഷ്‌ടമുള്ള സിനിമയാണ് ഞാനുണ്ടാക്കുന്നത്.
അമ്മ വളരെ റൂട്ടഡ് ആണ്. ഇപ്പോഴും രണ്ടുമൂന്നു കിലോമീറ്ററൊക്കെ നടക്കും. സിനിമയിൽനിന്നു വരുമാനമുണ്ടായിട്ടും അച്ഛൻ ജീവിതച്ചെലവ് വല്ലാതെ ഉയർത്തിയില്ല. പണം അമ്മയെ ഏൽപ്പിക്കും. അമ്മ അത് സിനിമയില്ലാത്ത കാലത്തേക്കും കരുതിവെക്കും.
സത്യൻ അന്തിക്കാട് അഖിൽ സത്യന്റെ അച്ഛൻ എന്നനിലയിൽ അറിയപ്പെടണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും സത്യൻ ബ്രാൻഡ് ആയി തുടരാനാണ് ഇഷ്‌ടമെന്നും അഖിൽ പറഞ്ഞു.
Content Highlights: Filmmaker Akhil Sathyan revealed that his inspiration to become a director came from watching Mani Ratnam’s films