ആത്രേയകം കാന്‍വാസില്‍ നിറച്ച് കലാകാരന്മാര്‍ കണ്ണ് നിറഞ്ഞ് രാജശ്രീ

ആര്‍. രാജശ്രീ ചിത്രകാരന്മാരുമായി സംവദിക്കുന്നു
ആര്‍. രാജശ്രീ ചിത്രകാരന്മാരുമായി സംവദിക്കുന്നു

തിരുവനന്തപുരം: പ്രിയപ്പെട്ട നോവല്‍ കാന്‍വാസില്‍ പല ഭാവങ്ങളില്‍ പുനഃസൃഷ്ടിച്ചതുകണ്ട് നോവലിസ്റ്റിന്റെ കണ്ണുനിറഞ്ഞു. രോമാഞ്ചം വന്ന കൈത്തലം അവര്‍ കലാകാരനെ കാണിച്ചു. എഴുന്നേറ്റു നിന്ന് അഭിനന്ദിക്കുന്നതായി പ്രഖ്യാപിച്ചു. നിറഞ്ഞ കരഘോഷത്തോടെ സദസ് ആ അഭിനന്ദനത്തിന് അംഗീകാരം നല്‍കി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അവസാന ദിനമായ ഞായറാഴ്ച  ക കോര്‍ണര്‍ വേദിയാണ് കണ്ണും മനസും നിറയ്ക്കുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. 

വിവിധ കലാകാരന്മാര്‍ ചേര്‍ന്ന് കാട് എന്ന പ്രമേയത്തിലാണ് ചിത്ര രചന നടത്തിയത്. ആര്‍. രാജശ്രീയുടെ ആത്രേയകം എന്ന നോവലാണ് ചിത്ര രചനയ്ക്കായി തിരഞ്ഞെടുത്തത്. 

ആത്രേയകത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന സൃഷ്ടികളായി ഈ നോവലുകളെ ചേര്‍ത്തുവയ്ക്കുന്നു എന്ന് പറഞ്ഞ രാജശ്രീ ഒരു കലയെ മറ്റൊരു കലകൊണ്ട് പൂരിപ്പിക്കുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു. വേദിയിലെത്തി സംസാരിക്കുന്നതിന് മുന്നേ തന്നെ താന്‍ ചിത്രങ്ങള്‍ കണ്ടിരുന്നു, മറിച്ചായിരുന്നുവെങ്കില്‍ താന്‍ പൊട്ടിക്കരഞ്ഞുപോയെന്നും അവര്‍ പറഞ്ഞു. താന്‍ നോവലിന്റെ കവര്‍ചിത്രം ആക്കാന്‍ എന്താണോ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിരുന്നത് അത് തന്നെയാണ് ചില പെയിന്റിങ്ങുകളെന്നും പുസ്തകം ഇറങ്ങുന്നതിനുമുമ്പേ ഇവ കണ്ടിരുന്നുവെങ്കില്‍ കവര്‍ചിത്രം ആക്കിയേനെയെന്നും അവര്‍ വ്യക്തമാക്കി. താന്‍ പോലും ചിന്തിക്കാത്ത തരത്തില്‍ ആത്രേയകത്തിലെ കഥാപാത്രങ്ങളുടെ സാമ്യതകള്‍ കണ്ടെത്തിയ ചിത്രകാരനെ അവര്‍ പ്രത്യേകം അഭിനന്ദിച്ചു. 
നോവലിന്റെ പ്രിയപ്പെട്ട ഭാഗങ്ങള്‍ ഏതാണെന്ന ചോദ്യത്തിന് ഇതുവരെ തനിക്ക് ഉത്തരമില്ലായിരുന്നു, ഈ ചിത്രങ്ങള്‍ക്ക് കാരണമായ കഥാസന്ദര്‍ഭങ്ങളാണ് ഇനി തനിക്ക് പ്രിയപ്പെട്ട ഭാഗങ്ങളെന്നും അവര്‍ വ്യക്തമാക്കി.

ആത്രേയകത്തിലെ പ്രിയപ്പെട്ട ഭാഗം വായിച്ച രാജശ്രീ ചിത്രകാരന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ചിത്രകാരന്മാരായ  ഗിരീഷ്‌കുമാര്‍ ടിവി, ഗിരീഷ് മക്രേരി, ഉത്തമരാജ് കെ.യു,ശില്‍പ ഖേയ്,ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റായ അലന്‍ പാപ്പി, ചാര്‍ക്കോള്‍ ആര്‍ട്ടിസ്റ്റായ ജോജി, എന്നിവര്‍ ചേര്‍ന്നാണ് ചിത്രമൊരുക്കിയത്. 

നാലു നോവലുകളെ ആധാരമാക്കി നാല് വിഷയങ്ങളില്‍ ക കോര്‍ണര്‍ വേദിയില്‍ കലാകാരന്‍മാര്‍ ചിത്രമൊരുക്കിയിരുന്നു. കര, കടല്‍, കാലാവസ്ഥ, കാട് എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രരചന. പ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന നോവലിന് കര പ്രമേയമാക്കിയപ്പോള്‍ സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയെ ആസ്പദമാക്കി കടല്‍ എന്ന പ്രമേയത്തിലും , ലഫ്. കേണല്‍ സോണിയ ചെറിയാന്റെ സ്‌നോ ലോട്ടസ് എന്ന നോവല്‍ കാലാവസ്ഥ എന്ന പ്രമേയത്തിലും ചിത്രരചന നടന്നു. 

Content Highlights: Aathreyakam R Rajasree, mathrubhumi,