ശുപാര്ശ ആവശ്യമില്ലാത്ത മധു, ഒരു വേഷം തരണമെന്ന് ആരോടും പറഞ്ഞിട്ടില്ല, വല്ലാത്തൊരു തന്റേടമാണ്- എം.ടി

നവതിയുടെ നിറവില് മലയാളത്തിന്റെ മധു മാസ്റ്റര്
നാഷണല് സ്കൂള് ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് രാമു കാര്യാട്ടിന്റെ 'മൂടുപട'ത്തില് അഭിനയിക്കാന് വന്നപ്പോഴാണ് മധുവിനെ ഞാന് ആദ്യം കാണുന്നത്. അന്ന് മാധവന്നായരാണ്. സ്ക്രിപ്റ്റ് എഴുത്തുമായി ഞാനും അക്കാലത്ത് ഇടയ്ക്കിടെ മദിരാശിയില് പോകും. ടി.കെ. പരീക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'ചന്ദ്രതാര'യായിരുന്നു അക്കാലത്ത് ഞങ്ങളുടെ താവളം. രാമു കാര്യാട്ടും ആര്.എസ്. പ്രഭുവും ശോഭനാ പരമേശ്വരന് നായരും അടൂര്ഭാസിയും ശങ്കരാടിയുമൊക്കെ അടങ്ങുന്ന ആ സുഹൃദ്വലയത്തിലേക്ക് വളരെ പെട്ടെന്നാണ് മധുവും ഇഴുകിച്ചേര്ന്നത്. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിലൊക്കെ ചന്ദ്രതാരയില് ഞങ്ങളൊത്തുകൂടും. നിലത്ത് പായവിരിച്ച് എല്ലാവരും അതിലാണ് കിടപ്പ്. നേരം പുലരുംവരെ സിനിമയും സാഹിത്യവുമൊക്കെ ചര്ച്ച ചെയ്യും. ശരിക്കും ഒരാഘോഷം തന്നെയായിരുന്നു ആ കാലം.
ഒരേകാലത്ത് പരിചയപ്പെട്ട്, ഒരുമിച്ച് സിനിമകള് ചെയ്ത ഞങ്ങള് ജനിച്ചതും ഒരേവര്ഷം. അതിന്റെ സന്തോഷവും ഞങ്ങള്ക്കുണ്ട്. മധുവിനേക്കാള് രണ്ടുമാസം മൂത്തത് ഞാനാണ്. ഈ കാര്യം ഒരു ചടങ്ങില് പ്രസംഗിക്കുമ്പോള് മധുതന്നെയാണ് പറഞ്ഞത്. വേണമെങ്കില് എം.ടി.യെ എനിക്ക് 'ജ്യേഷ്ഠാ' എന്നൊക്കെ വിളിക്കാമെന്ന്. എന്നെ സംബന്ധിച്ചിടത്തോളം മധു എന്നും എന്റെ കൂടെയുണ്ട്. ഞാന് മധുവിനൊപ്പവും. നിരന്തരമായ കൂടിക്കാഴ്ചകളോ ഫോണ്വിളികളോ ഒന്നും ഞങ്ങള്ക്കിടയിലില്ല. ഞങ്ങള് രണ്ടുദിക്കിലിരുന്നാല് മതി. എന്നാലും ഞങ്ങളുടെ മാനസിക ഐക്യം ചെറുതല്ല. എന്തും തുറന്ന് സംസാരിക്കാവുന്ന സൗഹൃദം. പണ്ടൊക്കെ തിരുവനന്തപുരത്ത് പോകുമ്പോള് മധുവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്തന്നെയായിരുന്നു എന്റെ താമസം. 'ശിവഭവന'ത്തിന്റെ മുകളിലത്തെ നിലയില് ഞങ്ങള് ഒരുപാട് സംസാരിച്ചിരിക്കും. ഇപ്പോഴും എത്ര ചുരുങ്ങിയ സമയമാണെങ്കിലും തിരുവനന്തപുരത്ത് പോയാല് മധുവിനെ വിളിക്കാതെ ഞാന് മടങ്ങാറില്ല.
സത്യനും നസീറും നിറഞ്ഞുനില്ക്കുന്നകാലത്താണ് എന്.എന്. പിഷാരടിയുടെ 'നിണമണിഞ്ഞകാല്പാടുകളി'ലൂടെ മധു കടന്നുവരുന്നത്. അഭിനയം അക്കാദമിക് തലത്തില് പഠിച്ചെടുത്ത ഒരാള് അക്കാലത്ത് മധു മാത്രമായിരുന്നു. ഒത്ത ശരീരവും ശാരീരവുമുള്ള സുമുഖനായ ഈ ചെറുപ്പക്കാരന് സിനിമയില് വലിയ വിജയം നേടണമെന്ന് ആത്മാര്ഥമായി ആഗ്രഹിച്ച ഒരുപറ്റം സഹൃദയര് അന്ന് മദിരാശിയിലുണ്ടായിരുന്നു. ഞാനും അതിലൊരാളായിരുന്നു. സിനിമയില് മധുവിന് ഒരു വേഷം നല്കണമെന്ന് ഞാന് ആരോടും പറഞ്ഞിട്ടില്ല. അങ്ങനെയൊരു ശുപാര്ശ മധുവിന് ആവശ്യമില്ലായിരുന്നു. തനിക്കൊരു വേഷം തരണമെന്ന് മധുവും ആരോടും പറഞ്ഞിട്ടില്ല. അത് വല്ലാത്തൊരു തന്റേടമാണ്. സിനിമയില് വന്നതുമുതല് അദ്ദേഹത്തിന് മികച്ച വേഷങ്ങള് ലഭിച്ചുതുടങ്ങി. എന്റെ പല സ്ക്രിപ്റ്റിലും മധു അഭിനയിച്ചിരുന്നെങ്കില് എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. അത് എന്റെ മാത്രം ആഗ്രഹമായിരുന്നില്ല. ഞങ്ങള്ക്കൊപ്പമുണ്ടായിരുന്ന എല്ലാവര്ക്കും മധു സ്വീകാര്യനായിരുന്നു.
'മുറപ്പെണ്ണ്', 'നഗരമേ നന്ദി', 'ഓളവും തീരവും', 'മാപ്പുസാക്ഷി', 'വിത്തുകള്', 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച', 'വെള്ളം' തുടങ്ങിയ സിനിമകള് എന്റെ രചനയില് മധുവിലെ നടന് ആടിത്തിമിര്ത്ത വേഷങ്ങളാണ്. എം.ടി.യുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്ന് മധു പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞാല് ആ കഥാപാത്രമായി മധുവിന്റെ മനസ്സും ശരീരവും പെട്ടെന്ന് പാകപ്പെടുമായിരുന്നു. എത്ര പിരിമുറുക്കമുള്ള സീനാണെങ്കിലും വളരെ ഈസിയായി അഭിനയിക്കാന് മധുവിന് കഴിഞ്ഞിരുന്നു. മധുവിലെ നടന്റെ വളര്ച്ച അദ്ഭുതത്തോടെയും അഭിമാനത്തോടെയുമാണ് ഞങ്ങള് കണ്ടത്. കെ.എ. അബ്ബാസിന്റെ 'സാത്ത് ഹിന്ദുസ്ഥാനി'യില് അഭിനയിക്കാന് മധുവിന് ക്ഷണം ലഭിച്ചപ്പോള് സുഹൃത്തുക്കളെല്ലാവരും അതിലേറെ അഭിമാനിച്ചിരുന്നു. സാത്ത് ഹിന്ദുസ്ഥാനി ഒരു കമേഴ്സ്യല് പടമായിരുന്നില്ല. എങ്കിലും മലയാളത്തിലെ ഒരു നടന് ബോളിവുഡില് ശ്രദ്ധേയനാകാന് പോകുന്നു എന്ന കാര്യത്തില് വലിയ സന്തോഷമുണ്ടായിരുന്നു. മധുവിനൊപ്പം ഉത്പല്ദത്ത്, ഇര്ഷാദലി, ജലാല് ആഗ, അന്വര് അലി, ഷഹ്നാസ്, അമിതാഭ് ബച്ചന് തുടങ്ങിയവരൊക്കെ ആ സിനിമയില് അഭിനയിച്ചിരുന്നു. ബച്ചന്റെ ആദ്യ സിനിമയുമായിരുന്നു അത്. സാത്ത് ഹിന്ദുസ്ഥാനികൊണ്ട് നേട്ടമുണ്ടായത് ബച്ചനാണ്. ബച്ചന് പിന്നീട് ബോളിവുഡിന്റെ കൊടുമുടിയിലേക്ക് കയറിപ്പോയി. മധു പിന്നീട് ഹിന്ദിയിലേക്ക് പോയതുമില്ല. അതില് ഞങ്ങള്ക്കല്പം വിഷമവുമുണ്ടായിരുന്നു.
അരനൂറ്റാണ്ടിലേറെ നീണ്ട സൗഹൃദത്തില് ഞാന് മധുവില് കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ വ്യക്തിത്വംതന്നെയാണ്. ഞാന് പരിചയപ്പെട്ട കാലംമുതല് പരാതിയോ പരിഭവങ്ങളോ ഇല്ലാത്ത ഒരാളാണ് മധു. തന്റെകൂടെ അഭിനയിക്കുന്നവരെക്കുറിച്ചോ മുതിര്ന്നവരെപ്പറ്റിയോ ഒരു ദോഷവും പറയാറില്ല. തനിക്ക് ലഭിക്കുന്ന അവസരങ്ങള്മാത്രം സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് മധു ചെയ്തത്. സിനിമയില്നിന്ന് നേടിയ സമ്പാദ്യമെല്ലാം സിനിമകള് നിര്മിച്ചും സ്റ്റുഡിയോ ഉണ്ടാക്കിയും സിനിമയുടെ വികസനത്തിനുവേണ്ടി വിനിയോഗിക്കാനുള്ള ഒരു വലിയ മനസ്സും മധു കാണിച്ചു. അത് വലിയൊരു ധീരതകൂടിയാണ്. ജീവിതത്തില് എന്തെല്ലാം കഷ്ടതകളും വേദനകളും അനുഭവിച്ചാലും അതിനെ ധൈര്യപൂര്വം നേരിടാനുള്ള കരുത്തും മധു കാട്ടാറുണ്ട്. തന്റേതല്ലാത്ത കാരണത്താല് ക്രൂശിക്കപ്പെട്ട അനുഭവങ്ങളെക്കുറിച്ചും അതിന് കാരണക്കാരായവരെക്കുറിച്ചും മധു പറയുന്നതുപോലും വികാരവിക്ഷോഭങ്ങളൊന്നുമില്ലാതെ വളരെ നിര്മമതയോടെയാണ്.
ജീവിതത്തിലെ പ്രധാനപ്പെട്ട ഏതുകാര്യവും മധു ആദ്യംതന്നെ എന്നെ അറിയിക്കാറുണ്ട്. അദ്ദേഹത്തിന്റെ മകള് ഉമയുടെ വിവാഹക്ഷണക്കത്ത് അച്ചടിച്ചുവന്നപ്പോള് എല്ലാവരേയും നേരില് കണ്ട് ക്ഷണിക്കാന് മധുവിനാകുമായിരുന്നില്ല. പക്ഷേ, കല്യാണക്കുറി ആദ്യം ആര്ക്കയയ്ക്കണം എന്ന കാര്യത്തില് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്ന് ഒരിക്കല് മധുതന്നെ എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ കൈപ്പടയില്തന്നെ എനിക്ക് കത്തയച്ചു. അത് ഞങ്ങള് തമ്മിലുള്ള ആത്മബന്ധത്തിന്റെ ഒരടയാളമാണ്. സിനിമയുടെ സമസ്തമേഖലകളിലും മധുവിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കാലം, അതൊരിക്കലും തിരിച്ചറിയാതിരിക്കില്ല. മധുവിന്റെ സംഭാവനകള് എത്രത്തോളം വലുതായിരുന്നുവെന്ന് തലമുറകള് ചര്ച്ച ചെയ്യും.
Content Highlights: Madhu actor birthday legendary actor malayalam cinema MT Vasudevan Nair about madhu