കാരണവൻമാരുടെ സംസാരം കേട്ട തങ്കം ചോദിച്ചു: 'സിനിമാക്കാരനെന്താ കുഴപ്പം?; ഭാര്യയെക്കുറിച്ച് മധു

മധു ഭാര്യ ജയലക്ഷ്മിക്കൊപ്പം, മധു | photo: mathrubhumi archives, pushpajan thaliparamba | mathrubhumi
മധു ഭാര്യ ജയലക്ഷ്മിക്കൊപ്പം, മധു | photo: mathrubhumi archives, pushpajan thaliparamba | mathrubhumi

നവതിയുടെ നിറവില്‍ മധു

അനശ്വര നടൻ സത്യന്റെ വാക്കുകളാണ് അച്ഛൻ പറഞ്ഞ വിവാഹത്തിന് സമ്മതം മൂളാൻ കാരണമെന്ന് മധു. സ്വന്തമായി കുറച്ച് കാശൊക്കെയുണ്ടായശേഷം വിവാഹം മതിയെന്ന തന്റെ തീരുമാനം മാറ്റിയതിന് പിന്നിലെ സത്യനാണെന്ന് മധു പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മധു. മകൾ ഉമയും ഓർമകൾ പങ്കുവെച്ചു. 

സിനിമയിൽ അച്ഛനുമായി ഏറ്റവും അടുപ്പമുള്ള സഹപ്രവർത്തകർ ആരൊക്കെയായിരുന്നു

ഉമ: അച്ഛന്റെ ജീവിതത്തിലെ ഏറ്റവുംവലിയ മുതൽക്കൂട്ട്‌ സഹപ്രവർത്തകരിൽനിന്നുള്ള സ്‌നേഹവും സൗഹൃദവുമാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട. സത്യൻ സാർ അച്ഛന്‌ ഗുരുതുല്യനായിരുന്നു. നസീർ സാർ വളരെനല്ല സുഹൃത്തും. തിക്കുറിശ്ശി സാറിന്‌ അച്ഛനോട്‌ വലിയ വാത്സല്യമായിരുന്നു. ഷീലാമ്മ, ശാരദാമ്മ, ഭാരതിച്ചേച്ചി (ജയഭാരതി), വിധുബാലച്ചേച്ചി, സീമച്ചേച്ചി ഇങ്ങനെ പേരെടുത്തുപറഞ്ഞാൻ തീരാത്ത അഭിനേത്രിമാർ ഇന്നും അച്ഛനെ വന്നുകാണുകയും ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്‌. വിദ്യച്ചേച്ചി  (ശ്രീവിദ്യ) ഞങ്ങളുടെ കുടുംബത്തിന്‌ നൽകിയ സ്നേഹം ഒരുക്കലും മറക്കാൻ കഴിയില്ല. ഭാസി അങ്കിൾ (അടൂർഭാസി), ശങ്കരാടി സാർ, ബഹദൂർക്ക, ജോസ്‌ പ്രകാശ്‌ സാർ, ഉമ്മുക്ക (കെ.പി. ഉമ്മർ), സണ്ണി അങ്കിൾ (കെ.പി.എ.സി. സണ്ണി), ബാലൻ കെ. നായർ അങ്കിൾ, ജനാർദനൻ സാർ, ഇന്നസെന്റ്‌ സാർ തുടങ്ങി ഒട്ടനേകം സൗഹൃദങ്ങൾ ശക്തമായി ഞാൻ കണ്ടിട്ടുണ്ട്‌. സോമനങ്കിളിനോടും സുകുമാരൻ സാറി നോടും വ്യക്തിപരമായി മാത്രമല്ല കുടുംബങ്ങളായും അടുത്തബന്ധം പുലർത്തി. 

‘എന്റെ സൂപ്പർസ്റ്റാർ’ എന്നുമാത്രം അച്ഛനെ സംബോധനചെയ്യുന്ന മമ്മൂക്കയുമായും പ്രത്യേക സ്നേഹവും അടുപ്പവുമുണ്ട്‌. അനേകം സിനിമകളിൽ മകനായി അഭിനയിച്ച ലാലേട്ടനോട്‌ അച്ഛ​ന്‌ പ്രത്യേക വാത്സല്യമുള്ളതായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌. സുരേഷ്‌ഗോപി സാർ, മുകേഷ്‌ ചേട്ടൻ മുതൽ ഇന്നത്തെ തലമുറയിലെ പൃഥ്വിരാജും ഉണ്ണിമുകുന്ദനുംവരെ അടുത്തകാലങ്ങളിൽ അച്ഛനെവന്നുകണ്ട്‌ സ്നേഹം പങ്കിടാറുണ്ട്‌. ശ്രീകുമാരൻതമ്പി അങ്കിളിന്റെയും കുടുംബത്തിന്റെയും സ്നേഹം എനിക്ക്‌ പ്രത്യേകം പറയാതെകഴിയില്ല. ‘സിനിമയുടെ സാമ്പത്തികവശം’ എന്ന വിഷയത്തിൽ ഞാനൊരു പി.എച്ച്‌.ഡി. ചെയ്തപ്പോൾ തമ്പിഅങ്കിൾ, സുബ്രഹ്മണ്യം കുമാർ സാർ, പി. ചന്ദ്രകുമാർ ചേട്ടൻ എന്നിങ്ങനെ ഒട്ടനേകംപേർ എനിക്ക്‌ തന്നിട്ടുള്ള സഹായപരിഗണനകൾ  അച്ഛനോടുള്ള ഹൃദയബന്ധത്തിൽനിന്ന്‌  എനിക്ക്‌ ലഭിച്ച അനുഗ്രഹങ്ങളായിരുന്നു. അച്ഛന്റെ കിടപ്പുമുറിയോടുചേർന്നുള്ള ബാൽക്കണിയിലിരുന്ന് എന്റെ പഠനത്തെക്കുറിച്ചും കലാതാത്‌പര്യങ്ങളെക്കുറിച്ചുമൊക്ക ഒരിക്കൽ ജയൻ സാർ സ്നേഹത്തോടെ സംസാരിച്ചത് ഓർമയിലുണ്ട്. സിനിമയ്ക്കപ്പുറവും അച്ഛന്റെ സൗഹൃദങ്ങൾ വിശാലമാണ്. സ്നേഹബന്ധങ്ങൾക്ക് അകലം വരാതെ കാത്തുസൂക്ഷിക്കാൻ അച്ഛൻ എപ്പോഴും ശ്രമിക്കാറുണ്ട്.

സത്യനെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഓർത്തത്, അച്ഛൻ പറഞ്ഞ വിവാഹത്തിന് താങ്കൾ തയ്യാറായതിന്റെ പ്രധാനകാരണക്കാരൻ അദ്ദേഹമായിരുന്നില്ലേ

മധു: സ്വാമീസ് ലോഡ്ജിൽ സത്യൻ സാറിനൊപ്പം റമ്മി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അച്ഛന്റെ ഫോൺ വന്നത്. ‘‘ശിവഭവനിലെ തങ്കവുമായി നിനക്ക് എന്താണ് അടുപ്പം, അവൾ നിന്നെമാത്രമേ വിവാഹം കഴിക്കൂ എന്നൊക്കെയാണല്ലോ പറയുന്നത്. ഏതായാലും നീ വീടുവരെ ഒന്നുവരണം. പെെട്ടന്നുവേണം’’ -അച്ഛൻ പറഞ്ഞു. അഞ്ചോ ആറോ സിനിമകളിലേ അപ്പോഴേക്കും ഞാൻ അഭിനയിച്ചിരുന്നുള്ളൂ. സ്വന്തമായി കുറച്ചുകാശൊക്കെയുണ്ടായശേഷം വിവാഹം മതിയെന്നായിരുന്നു എന്റെ തീരുമാനം. അച്ഛനോട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. തിരിച്ച് മുറിയിൽവന്ന് സത്യൻസാറിനോട് കാര്യങ്ങൾ പറഞ്ഞു: ‘‘പൈസയൊക്കെ പിന്നെ വന്നോളും. കല്യാണം കഴിച്ചെന്നുകരുതി പട്ടിണികിടക്കേണ്ട സാഹചര്യമൊന്നും രണ്ടുവീട്ടുകാർക്കുമില്ല. ആദ്യം അച്ഛൻ പറഞ്ഞതുകേൾക്ക്. ഇത് നല്ല ബന്ധമാണ്’’ -സത്യൻസാറിന് എന്റെയും തങ്കത്തിന്റെയും കുടുംബത്തെ നന്നായി അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. യഥാർഥത്തിൽ സത്യൻസാറിന്റെ വാക്കുകളാണ് എന്നെ പെട്ടെന്നുതന്നെ വിവാഹത്തിലേക്ക് എത്തിച്ചത്.

അല്ലാതെ, ജയലക്ഷ്മി എന്ന തങ്കവുമായി മധുവിന് പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്നാണോ പറഞ്ഞുവരുന്നത്... 

മധു: അഞ്ചോ ആറോ വയസ്സുമുതൽ ഞാനവളെ കാണുന്നുണ്ട്. നാട്ടിലെ അമ്പലങ്ങളിലും വിവാഹങ്ങളിലുമൊക്കയായി. ഒരു പുഞ്ചിരിക്കപ്പുറം ആ പരിചയം വളർന്നിരുന്നില്ല. പ്രേമിക്കാനൊന്നും തോന്നിയില്ലെങ്കിലും അവളോട് സ്നേഹവും ബഹുമാനവുമായിരുന്നു. അത്, ആ സ്വഭാവസവിശേഷതകൊണ്ടാവാം. ഞങ്ങൾ തമ്മിൽ രണ്ടുവയസ്സിന്റെ വ്യത്യാസമേയുള്ളൂ. അവൾ എന്നെ മാധവൻകുട്ടിയെന്നും ഞാൻ തങ്കമെന്നുമായിരുന്നു വിളിച്ചത്‌. അവൾ പോകുംവരെ അങ്ങനെയായിരുന്നു വിളിച്ചത്. ഞങ്ങൾ രണ്ടുപേരും പഠനവുമായി മുന്നോട്ടുപോയപ്പോൾ പ്രായവും വിവാഹവുമൊക്കെ മറന്നു. തങ്കത്തിന് അമ്മമാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രായം ഇരുപത്തിയെട്ടും കടന്നപ്പോൾ തങ്കത്തിന്റെ വിവാഹത്തെക്കുറിച്ച് കാരണവന്മാർ സംസാരിച്ചു. കൂട്ടത്തിൽ ആരോ തമാശയായി പറഞ്ഞു: ''കീഴതിലെ പരമേശ്വരൻ പിള്ളയുടെ മകനുണ്ടല്ലോ, നമുക്കയാളെ ആലോ ചിച്ചാലോ...'' 
''ഏത്‌ ആ സിനിമാക്കാരനോ''
''ഏയ്‌... സിനിമാക്കാരനെയൊന്നുംവേണ്ട'' 
കാരണവൻമാരുടെ സംസാരമെല്ലാം അകത്തിരുന്ന തങ്കം കേൾക്കുന്നുണ്ടായിരുന്നു. സിനിമാക്കാരനൊന്നുംവേണ്ട എന്നു പറഞ്ഞത്‌ തങ്കത്തിന്‌ അത്ര പിടിച്ചില്ല. പുറത്തേക്കിറങ്ങിവന്നവൾ ചോ­ദിച്ചു: ''സിനിമക്കാരെനെന്താ കുഴപ്പം...?''
അവിടെയുണ്ടായിരുന്നവർ അതോടെ ഉറപ്പിച്ചു. സംഗതി രണ്ടുപേരും പ്രണയത്തിലാണ്. ‘വെറുതേയല്ല, മുൻപുവന്ന വിവാഹാലോചനകൾ ഇവൾ വേണ്ടെന്നുപറഞ്ഞത്!’ ഇത് അച്ഛന്റെ ചെവിയിലെത്തിയപ്പോഴാണ് എന്നെ വിളിച്ച് വീട്ടിലേക്കുവരാൻ പറഞ്ഞത്.

പെണ്ണുകാണൽ ചടങ്ങൊന്നും ഉണ്ടായിരുന്നില്ലേ

മധു: അതിനെക്കാളും പ്രധാനം മറ്റൊന്നായിരുന്നു. അച്ഛനോടൊപ്പം ശിവഭവനിൽച്ചെന്ന് ഞാൻ തങ്കത്തിനോട് ചോദിച്ചു: ‘‘എന്നെയല്ലാതെ മറ്റാരെയും വിവാഹംകഴിക്കില്ല എന്ന് പറഞ്ഞിരുന്നോ?’’ ‘‘പറഞ്ഞു. പക്ഷേ, മാധവൻ കുട്ടിയെ കല്യാണം കഴിച്ചില്ലെങ്കിൽ തൂങ്ങിച്ചാവും എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല’’ -തങ്കത്തിന്റെ ആ മറുപടിയാണ് എന്നെ അദ്‌ഭുതപ്പെടുത്തിയത്. ഗുരുവായൂരിൽവെച്ചായിരുന്നു വിവാഹം. കോഴിക്കോട്ട് സുബൈദയുടെ സെറ്റിൽനിന്നാണ് ഞാൻ ഗുരുവായൂരിലെത്തിയത്. കല്യാണം കഴിഞ്ഞപ്പോൾ തങ്കത്തിന്റെ അമ്മ എന്നോടുചോദിച്ചു: ‘‘വീട്ടിൽ ഞാനൊറ്റയ്ക്കാണ്. മാധവൻകുട്ടിക്കും തങ്കത്തിനും ശിവഭവനിൽവന്ന്‌ താമസിച്ചൂടെ...’’ അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവുമായിരുന്നില്ല.
ഉമ: വളരെ ആർജവവും സ്വയംപര്യാപ്തതയും സ്നേഹവുംനിറഞ്ഞ അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു അച്ഛനും അമ്മയും പോകുമ്പോൾ ഞാൻ വളർന്നത്‌. ശരിക്കും ഞാൻ അമ്മൂമ്മയുടെ മകളാണ്‌.

Content Highlights: actor madhu about his marriage and actor sathyan