കാലം മാറി, കൃഷിയും; മാറ്റങ്ങളുടെ തേരോട്ടവുമായി കാര്‍ഷികമേഖല

നാടിന്റെ നേരും നെറിയുമറിഞ്ഞ വിത്തുകള്‍, പ്രകൃതിസൗഹൃദമായ ഉല്പാദനോപാധികളുടെ പിന്തുണയോടെ പരമ്പരാഗതമായി കൈമാറിക്കിട്ടിയ നേരറിവുകളുടെ പശ്ചാത്തലത്തില്‍ പാടത്തും പറമ്പിലും കൃഷിയിറക്കുന്ന പതിവായിരുന്നു പരമ്പരാഗത കൃഷി സമ്പ്രദായത്തിന്റെ കാതല്‍. കൃഷിയുടെ കാലവും കണക്കും ഗണിച്ചിരുന്നതാകട്ടെ ഞാറ്റുവേലകളുടെ ദിനസരികള്‍ നോക്കിയും. പ്രാദേശികവും തദ്ദേശജന്യവുമായ അറിവുകളായിരുന്നു കാര്‍ഷികവൃത്തിയുടെ അടിത്തറ. സുസ്ഥിരതയും പരിസ്ഥിതിയും കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടലായിരുന്നു പഴയകാല കൃഷിയുടെ ഫോക്കസ്. മണ്ണിന്റെ ഉര്‍വരതയും ജൈവ വൈവിധ്യവും വലിയൊരു പരിധി വരെ നിലനിര്‍ത്താന്‍ ഇത് സഹായകവുമായിരുന്നു. തൊഴില്‍ തീവ്രസ്വഭാവം, പരമ്പരാഗത അറിവുകള്‍, ഉപാധികള്‍, പ്രകൃതിവിഭവങ്ങള്‍, ജൈവവളങ്ങള്‍, പുരാതന ആചാരങ്ങളും കര്‍ഷക ജനതയുടെ സാംസ്‌കാരിക വിശ്വാസങ്ങളുമൊക്കെയായിരുന്നു പരമ്പരാഗത കൃഷിയുടെ അകമ്പടി.
ഒരു പ്രദേശത്ത് വളരുന്ന വിളകള്‍ക്ക് അനുകൂലമായ കാലാവസ്ഥാ സാഹചര്യം അനുകൂലമാക്കാന്‍ പര്യാപ്തമായ വൃക്ഷവിളകളുടെ കൃഷിയായ കാര്‍ഷിക വനവല്‍ക്കരണം (അഗ്രോ ഫോറസ്ട്രി), ഒരേ കൃഷിയിടത്തില്‍ തന്നെ വര്‍ഷത്തിന്റെ വിവിധ മാസങ്ങളില്‍ വൈവിധ്യമുള്ള വിളകള്‍ മാറി മാറി കൃഷിയിറക്കുന്ന വിള ഭ്രമണം (ക്രോപ്പ് റൊട്ടേഷന്‍), ഒരേ കൃഷിസ്ഥലത്തു തന്നെ ഒന്നിലേറെ വിളകള്‍ തരാതരം പോലെ കൃഷി ചെയ്യുന്ന സമ്മിശ്ര കൃഷി രീതി (മിക്‌സ്ഡ് ഫാമിങ്) എന്നിവയെല്ലാമായിരുന്നു പരമ്പരാഗത കൃഷിയുടെ മുഖമുദ്രകള്‍. എന്നാല്‍, ആധുനിക കൃഷി (Modern Farming) ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്, വേറിട്ടതാണ്.
Content Highlights: Modern Farming in Kerala, From Traditional Practices to Tech-Driven Innovation