എന്നു തിരിച്ചുവരും ഈ കൊട്ടാരം? ഓരോ കേരളപ്പിറവിയും ഓർമിപ്പിക്കുന്നു, നാഞ്ചിനാടിന്റെ തീരാനഷ്ടം

കേരളത്തിന്റെ പിറവിയോടനുബന്ധിച്ച് കേരളത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടം ഒരുകാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നഞ്ചിനാടും അതിന്റെ പ്രാന്തപ്രദേശങ്ങളും അടങ്ങിയ കന്യാകുമാരി ജില്ലയാണ്. കുട്ടനാട് പാടശേഖരങ്ങളിൽ വിളയുന്ന നെല്ല് അത്രയും വേണം നഞ്ചിനാട്ടിൽ വിത്ത് വിതക്കാൻ എന്ന് അതിശയോക്തി കലർത്തി പറഞ്ഞിരുന്നത് ഒട്ടും കള്ളം ആയിരുന്നില്ല. അത്രത്തോളം ഉണ്ടായിരുന്നു ഒരുകാലത്തു ഇവിടെത്തെ നെൽകൃഷി. ഇന്ന് ഭൂരിഭാഗം പ്രദേശങ്ങളും നികത്തി കരയായി മാറി. എന്നിരുന്നാലും പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിൽ കുറെയൊക്കെ നെൽകൃഷി ഇപ്പോഴും നിർബാധം തുടരുന്നു.
നോക്കെത്താ ദൂരത്തോളം പടർന്നുകിടന്നിരുന്ന നെൽപ്പാടങ്ങളും അവയ്ക്കു ജലസേചനത്തിനായി അറുനൂറോളം താമരകുളങ്ങളും താമ്രഭരണി നദിയും ഈ പ്രദേശത്തു ഹരിതാഭ തീർക്കുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ നശിച്ചുപോയ ഒമ്പതോളം കൊട്ടാരങ്ങളും വാസ്തുശില്പഭംഗിയും ചരിത്രങ്ങളും നിറഞ്ഞ നിരവധി മഹാ ക്ഷേത്രങ്ങളും ആയിരത്തി ഇരുനൂറോളം വർഷം പഴക്കമുള്ള ചിതറാൽ ജൈന ക്ഷേത്രവും നിരവധി ചരിത്ര സ്മാരകങ്ങളും കന്യാകുമാരിയും അടക്കം ഒട്ടനവധി അമൂല്യ നിധികളാണ് കേരളത്തിന് എന്നന്നേക്കുമായി നഷ്ടപെട്ടത്. അതിൽ ഒരുകാലത്തു തിരുവിതാംകൂർ മഹാരാജാക്കൻമാരുടെ വാസസ്ഥാനമായിരുന്ന പദമനാഭപുരം കൊട്ടാരത്തിന്റെ പകുതി അവകാശം മാത്രമാണ് ഇപ്പോൾ കേരളത്തിന് നിലവിൽ ഉള്ളത്.
Content Highlights: Explore its history, neglect, and the loss Kerala suffered due to the division of its heritage