'കേളികൊട്ടുയരുന്ന കേരളം, എത്ര സുന്ദരം'; കേരളത്തെ കുറിച്ചുള്ള എക്കാലത്തേയും മികച്ച ഗാനങ്ങള്‍

പ്രതീകാത്മക ചിത്രങ്ങൾ / മാതൃഭൂമി
പ്രതീകാത്മക ചിത്രങ്ങൾ / മാതൃഭൂമി

കേരളം പിറവിയെടുത്തിട്ട് 68 ആണ്ടുകള്‍ തികയുകയാണ്. ഇക്കാലയളവില്‍ നമ്മുടെ നാടിനെ കുറിച്ച് ഒട്ടേറെ ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സ്വന്തം നാടിനെയോര്‍ത്ത് അഭിമാനവും സന്തോഷവും മനസുകളിലേക്ക് പടര്‍ത്തുന്ന വരികളും ഈണങ്ങളും ആലാപനസൗകുമാര്യവുമെല്ലാം കോര്‍ത്തിണക്കിയുള്ള ഗാനങ്ങള്‍.

അവയില്‍ മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്നതെന്നും എക്കാലത്തേയും മികച്ചതുമെന്നും വിശേഷിപ്പിക്കാന്‍ കഴിയുന്ന ചില ഗാനങ്ങള്‍ ഇതാ. 

കേരനിരകളാടും...

മനസ് നിറയ്ക്കുന്ന ഗാനം. പി. ജയചന്ദ്രന്‍ ആലപിച്ച 'കേരനിരകളാടും' എന്ന് തുടങ്ങുന്ന ഗാനത്തെ വിശേഷിപ്പിക്കാന്‍ ഈ ഒറ്റവാക്കേയുള്ളൂ. എഴുത്തുകാരന്‍ ബിയാര്‍ പ്രസാദിന്റെ മാന്ത്രികത തുളുമ്പുന്ന വരികള്‍ കേരളത്തനിമ വരച്ചിടുന്നതാണ്. സരസ്വതി രാഗത്തിലുള്ള ഈ ഗാനം ചിട്ടപ്പെടുത്തിയത് അല്‍ഫോണ്‍സ് ജോസഫാണ്. 

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ജലോത്സവം എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. അതിനാല്‍ തന്നെ കുട്ടനാടിന്റെ ചേലാണ് ഈ ഗാനത്തിന്. എന്നാല്‍ കേരളത്തിലുടനീളമുള്ള ഓരോരുത്തര്‍ക്കും 'എന്റെ നാടിനെ കുറിച്ചുള്ള ഗാനം' എന്ന് തോന്നിക്കുന്ന വശ്യതയാണ് ഗാനത്തിന്റെ സവിശേഷത. 

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം

നസീര്‍ നായകനായി 1977-ല്‍ പുറത്തിറങ്ങിയ മിനിമോള്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ജി. ദേവരാജന്‍ മാസ്റ്ററാണ് സംഗീതം നല്‍കിയത്. ശങ്കരാഭരണം രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം ദാസേട്ടനാണ്. 

കേരളത്തെ വര്‍ണ്ണിച്ചുകൊണ്ടാണ് ഗാനം തുടങ്ങുന്നതെങ്കിലും കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണമാണ് ഗാനത്തിലുടനീളമുള്ളത്. 

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു...

കേരളമെന്ന സുന്ദരമായ നാടിനെ 'നാളികേരത്തിന്റെ നാട്' എന്ന അതിനേക്കാള്‍ സുന്ദരമായി വിശേഷിപ്പിച്ച ഗാനം. പ്രേംനസീര്‍, മധു, ജയഭാരതി, ശ്രീലത നമ്പൂതിരി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി 1970-ല്‍ പുറത്തിറങ്ങിയ 'തുറക്കാത്ത വാതില്‍' എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. 

കവി പി. ഭാസ്‌കരനാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ വരികള്‍ക്ക് ഈണമിട്ടത് കെ. രാഘവനാണ്. ഡോ. കെ.ജെ. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

മലയാളഭാഷ തന്‍ മാദകഭംഗി...

പി. വേണു സംവിധാനം ചെയ്ത് 1973-ല്‍ പുറത്തിറങ്ങിയ 'പ്രേതങ്ങളുടെ താഴ്‌വര' എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. അല്‍പ്പം പേടി തോന്നിയേക്കാവുന്ന പേരുള്ള ഒരു ചിത്രത്തിലേതാണ് 'മലയാള ഭാഷ തന്‍ മാദകഭംഗി നിന്‍ മലര്‍മദ്രഹാസമായ് വിരിയുന്നു' എന്ന അതിമനോഹരമായ ഗാനമെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നുണ്ടാകില്ല. 

പുളിയിലക്കര മുണ്ടില്‍ തെളിയുന്ന കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലിയും അരയന്നപ്പിടപോല്‍ ഒഴുകുമ്പോള്‍ നെഞ്ചില്‍ നിറയുന്ന അഷ്ടപദി മധരവര്‍ണ്ണനയുമെല്ലാം വിരിഞ്ഞത് ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ നിന്നാണ്. ഖരഹരപ്രിയ രാഗത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഗാനത്തെ അനശ്വരമാക്കിയതാകട്ടെ പി. ജയചന്ദ്രനും. 

എന്റെ കേരളം എത്ര സുന്ദരം

ഇതുവരെ കേട്ട കേരളത്തനിമയുള്ള ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഉഷ ഉതുപ്പ് സംഗീതം നല്‍കി ആലപിച്ച ഈ ഗാനം. 1999-ലെ ഓണക്കാലത്ത് പുറത്തിറങ്ങിയ ഓലപ്പപ്പി എന്ന ആല്‍ബത്തിലെ ഗാനമാണ് ഇത്. ലോകത്തെവിടെ സംഗീതപരിപാടി അവതരിപ്പിച്ചാലും എല്ലായിടത്തും ഉഷ ഉതുപ്പ് ആലപിക്കുന്ന ഗാനമാണ് ഇത്. 

മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന തബലിസ്റ്റ് ചിറ്റൂര്‍ ഗോപിയെ പ്രശസ്തനാക്കിയത് ഈ ഗാനമാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ഗോപിയാണ് 'എന്റെ കേരളം എത്ര സുന്ദരം' എന്നുതുടങ്ങുന്ന വരികള്‍ക്ക് ജന്മം നല്‍കിയത്. 'എന്റെ പ്രിയപ്പെട്ട ഗുരു' എന്നാണ് അദ്ദേത്തെ ഉഷ ഉതുപ്പ് എല്ലായ്‌പ്പോഴും വിശേഷിപ്പിക്കാറ്. 

2018-ല്‍ കേരളത്തെ നടുക്കിയ പ്രളയമുണ്ടായതിന് ശേഷം സങ്കടം തുളുമ്പുന്ന വരികളുമായി ഈ ഗാനം പുനര്‍ജനിച്ചിരുന്നു. തന്റെ കൂടപ്പിറപ്പുകളായ കേരളീയര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന ആലോചനയില്‍ മകള്‍ അഞ്ജലി പറഞ്ഞതനുസരിച്ചാണ് ഉഷ ഉതുപ്പ് ഈ ഗാനം പുനര്‍നിര്‍മ്മിച്ചത്. വേദനിക്കുന്ന കേരളത്തിനുവേണ്ടി വരികള്‍ മാറ്റിയെഴുതാന്‍ ചിറ്റൂര്‍ ഗോപിയോട് ഉഷ ഉതുപ്പ് ആവശ്യപ്പെട്ടു. 'എന്റെ കേരളം, എത്ര സങ്കടം' എന്നുതുടങ്ങുന്ന പ്രളയതാളം എന്ന ആ ഗാനം ഇപ്പോഴും ഉഷ ഉതുപ്പിന്റെ യൂട്യൂബ് ചാനലില്‍ കാണാം. 

ശ്യാമസുന്ദര കേര കേദാര ഭൂമി...

കേരളത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഏത് മലയാളിയുടേയും മനസിലേക്ക് ആദ്യമെത്തുന്ന ഗാനമാണ് 'ശ്യാമസുന്ദര കേര കേദാര ഭൂമി'. ഇന്ത്യയുടെ അഭിമാനമായ സംഗീതജ്ഞന്‍ എ.ആര്‍. റഹ്‌മാനാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനത്തിന് ഈണം നല്‍കിയത് എന്ന കാര്യം ഇപ്പോഴും പലര്‍ക്കും അറിയില്ല. പി. ഭാസ്‌കരന്റെ തൂലികയില്‍ പറന്ന മനോഹരമായ വരികള്‍ കല്യാണി മേനോനും സുജാത മോഹനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ തീം സോങ്ങാണ് 'ശ്യാമസുന്ദര കേര കേദാര ഭൂമി'. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും ഐക്യവും സംസ്‌കാരവുമെല്ലാം ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ഈ ഗാനം കേള്‍ക്കുന്നത് ഏതൊരു മലയാളിയുടേയും ഗൃഹാതുരതയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗാനം ശബ്ദമികവോടെ പുനര്‍നിര്‍മ്മിച്ച് പുതിയ ദൃശ്യങ്ങളുടെ അകമ്പടിയോടെ പുറത്തിറക്കിയിരുന്നു. 

നന്മയുള്ള ലോകമേ, കാത്തിരുന്നു കാണുക...

'മരണമാര്‍ന്നിടും നാളിലും, മലയാളമൊന്നായി നിന്നിടും...'  -ഏത് ദുരന്തത്തേയും കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന പ്രഖ്യാപനമാണ് ഈ വരികൾ. നമ്മള്‍ ഓരോരുത്തരും മറക്കാനാഗ്രഹിക്കുന്ന 2018-ലെ പ്രളയത്തില്‍നിന്ന് പിറവിയെടുത്ത ഈ ഗാനം കേള്‍ക്കുന്ന ഓരോ മലയാളിയടേയും കണ്ണുകള്‍ അഭിമാനത്താലും ആത്മവിശ്വാസത്താലും നിറയും. ശക്തമായ വരികളും മനസിന് കുളിര്‍മയേകുന്ന ഈണവുമാണ് ഗാനത്തിന്റെ പ്രത്യേകത. യൂട്യൂബിലും മറ്റും ഈ ഗാനത്തിന് താഴെയുള്ള കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാലറിയാം, മലയാളികളില്‍ ഇതുണ്ടാക്കിയ സ്വാധീനം. 

മാധ്യമപ്രവര്‍ത്തകനും കവിയുമായ ജോയ് തമലമാണ് അതിജീവനത്തെ വരച്ചുകാണിക്കുന്ന വരികളെഴുതിയത്. ഇഷാന്‍ ദേവായിരുന്നു സംഗീതം. പ്രളയങ്ങളായാലും അടുത്തിടെ വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലായാലും ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ തമ്മിലുള്ള വ്യത്യാസങ്ങളെല്ലാം മറന്ന് ഒന്നിച്ച് നേരിടുന്നവരാണ് മലയാളികള്‍. അത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഓരോരുത്തരുടേയും മനസിലേക്ക് ആദ്യമെത്തുന്ന ഈണം ഈ ഗാനത്തിന്റേതാണ്. 

Content Highlights: Best 5 songs about Kerala