സഞ്ജുവില്ലാത്ത കൊച്ചിക്കെതിരേ രോഹന്റെ താണ്ഡവം; സീസണിലെ ഉയർന്ന സ്കോർ കുറിച്ച് കാലിക്കറ്റ്

രോഹൻ കുന്നുമ്മൽ | KCA
രോഹൻ കുന്നുമ്മൽ | KCA

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നായകൻ  രോഹൻ കുന്നുമ്മൽ. ക്രീസിൽ ഇടിവെട്ട് ബാറ്റിങ് പുറത്തെടുത്ത രോഹൻ 19 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. സിക്സർ മഴ പെയ്യിച്ചും തുടരെ ബൗണ്ടറികൾ നേടിയും ക്രീസിൽ താണ്ഡവം തുടർന്ന രോഹൻ ആരാധകരെ ആവേശത്തേരിലേറ്റി. കൊച്ചിയുടെ ബൗളിങ് നിരയെ തച്ചുതകർത്തായിരുന്നു രോഹന്റെ ബാറ്റിംഗ് . 

സെഞ്ചുറിക്ക് ആറ് റൺസകലെയായിരുന്നു കാലിക്കറ്റ് നായകന്റെ മടക്കം.43 പന്തിൽ നിന്ന് 94 റൺസാണ് രോഹൻ അടിച്ചുകൂട്ടിയത്. 8 കൂറ്റൻ സിക്സറുകളും 6 ബൗണ്ടറികളും അടങ്ങുന്ന ഇന്നിങ്സ്. ഓപ്പണിങ് കൂട്ട്കെട്ടിൽ സച്ചിൻ സുരേഷിനൊപ്പം 102 റൺസാണ് രോഹൻ കൂട്ടിച്ചേർത്തത്. 8.3 ഓവറിൽ സച്ചിൻ പുറത്താകുമ്പോൾ കാലിക്കറ്റ് ടീം സ്കോർ 102 റൺസിലെത്തിയിരുന്നു. ഈ സീസണിൽ കാലിക്കറ്റ് നായകന്റെ ആദ്യ ഫിഫ്റ്റി ആണിത്. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് അടിച്ചെടുത്തത്. സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 

കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയനായ ഈ കോഴിക്കോട്ടുകാരൻ, 2021-22 രഞ്ജി ട്രോഫിയിൽ തുടരെ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.കൊയിലാണ്ടി സ്വദേശിയായ  സുശീൽ എസ് കുന്നുമ്മൽ-കൃഷ്ണ എസ് ദമ്പതികളുടെ മകനാണ് രോഹൻ കുന്നുമ്മൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീം അംഗമായിരുന്ന പിതാവ് സുശീലായിരുന്നു രോഹന്റെ ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ, കോഴിക്കോട് സസെക്സ് ക്രിക്കറ്റ് അക്കാദമിയിൽ സന്തോഷ് കുമാറിൻ്റെ കീഴിലായി പരിശീലനം. ഇന്ത്യ എ ടീമിലും രോഹൻ എസ് കുന്നുമ്മൽ ഇടം നേടിയിട്ടുണ്ട്.

Content Highlights: rohan kunnummal innings kochi calicut