കേരളം കടമെടുത്ത് ധൂര്‍ത്തടിക്കുന്നു; കൊടുക്കാനുള്ളതും അതിലധികവും കേന്ദ്രം കൊടുത്തു - സുരേന്ദ്രന്‍

പത്തനംതിട്ട: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയ ബജറ്റ് അവതരണം വെറും മൈതാന പ്രസംഗമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരള പദയാത്രയോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയേപ്പറ്റിയുള്ള ധനമന്ത്രിയുടെ നിരീക്ഷണം തെറ്റാണ്. വളര്‍ച്ചയ്ക്ക് ഉതകുന്ന ഒരു നടപടിയുമില്ലാത്ത ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചത്. പുതിയ നിര്‍ദേശങ്ങളില്ലാത്ത ബജറ്റില്‍ കേന്ദ്രത്തിനെതിരായ വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണുള്ളത്. കര്‍ഷകരെയും യുവാക്കളെയും സഹായിക്കാന്‍ ബാലഗോപാലിന്റെ പക്കല്‍ ഒന്നുമില്ല. നിക്ഷേപം വര്‍ധിപ്പിക്കാനോ വ്യവസായ പുരോഗതിക്കോ ഒരു നടപടിയുമില്ല.
റബറിന് നിലവില്‍ 170 രൂപ താങ്ങുവിലയുള്ള സ്ഥാനത്ത് 10 രൂപ കൂട്ടിയത് വലിയ കാര്യമായാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് റബര്‍ കര്‍ഷകരെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. റബറിന് താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ 180 രൂപയില്‍ ഒതുങ്ങിനില്‍ക്കുന്നത്.
ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നിരാശജനകമാണ് ബജറ്റ്. സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തേക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേരളത്തിന് കൊടുക്കാനുള്ളതും അതിലധികവും കേന്ദ്രം കൊടുത്തിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പരാജയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേരളം കടമെടുത്ത് ധൂര്‍ത്തടിക്കുകയാണ്. കിഫ്ബിയെ പറ്റി ഈ ബജറ്റില്‍ അധികം പറയാത്തത് അത് വലിയ പരാജയമായതുകൊണ്ടാണ്. പ്രധാനമന്ത്രി കൊച്ചിയില്‍ പ്രഖ്യാപിച്ച 4,000 കോടി പദ്ധതിയെ പറ്റിയോ മറ്റ് കേന്ദ്ര പദ്ധതികളേക്കുറിച്ചോ ഒരു നല്ലവാക്കുപോലും ധനമന്ത്രി പറഞ്ഞില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: kerala budget 2024-2025 finance minister by kn balagopal k surendran