ബജറ്റിൽ കണ്ണൂരിന് കൈനിറയെ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് 300 കോടി; ലോക്‌സഭ ലക്ഷ്യമിട്ടും തഴുകല്‍

ബ്രണ്ണന്‍ കോളേജ്‌ | Photo: Mathrubhumi
ബ്രണ്ണന്‍ കോളേജ്‌ | Photo: Mathrubhumi

കണ്ണൂർ: സാമ്പത്തിക ഞെരുക്കത്തിൽപെട്ട് ഉഴലുകയാണെങ്കിലും സംസ്ഥാനസർക്കാർ ഈ വർഷത്തെ ബജറ്റിലും കണ്ണൂരിന് മെച്ചപ്പെട്ട പരിഗണന നൽകി. മുഖ്യമന്ത്രിയുടെയും ഭരണമുന്നണി കൺവീനറുടെയും ഭരണപക്ഷത്തെ മുഖ്യപാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെയും ജില്ലയായത് ഒരു ഘടകമാകാം. വിളിപ്പാടകലെ നിൽക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിടിച്ചാൽ കിട്ടുന്നതെന്ന് സി.പിഎം. വിശ്വസിക്കുന്ന കണ്ണൂർ മണ്ഡലത്തെ ഒന്നുകൂടി തഴുകുന്നതുമാകാം.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലെ നാടുകാണിയിലെ നിർദിഷ്ട സഫാരി പാർക്കിന് രണ്ടുകോടി വകയിരുത്തി. പ്രാദേശികമായി ചില എതിർപ്പുയർന്നിട്ടുണ്ടെങ്കിലും ജില്ലയുടെ മുഖച്ഛായ മാറ്റാൻ ഉതകുന്ന പദ്ധതിയാണിത്. ഇതിനായി പൊതു-സ്വകാര്യ-സഹകരണ മേഖലയിൽനിന്ന് 300 കോടിയുടെ നിക്ഷേപം വേണ്ടിവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രിതന്നെ സമ്മതിക്കുന്നുണ്ടെന്നിരിക്കെ നീക്കിവെച്ച തുക കുറവായി.

മ്യൂസിയം, ജൈവവൈവിധ്യപാർക്ക്, മൃഗശാല എന്നിവ പദ്ധതിയുടെ ഭാഗമാകും. മലബാറിന്റെ ടൂറിസം ഭൂപടം മാറ്റി വരയ്ക്കുമെന്ന് കരുതുന്ന പദ്ധതിക്ക് 300 ഏക്കർ കണ്ടെത്തിയ കാര്യം ബജറ്റിൽ സൂചിപ്പിച്ചു.

പ്രതീക്ഷ അറ്റുപോയിരുന്ന പഴശ്ശി പദ്ധതിയുടെ കഴിഞ്ഞദിവസത്തെ ട്രയൽ റൺ വിജയകരമായതിന്റെ തുടർച്ചയെന്നുപറയാം, ബജറ്റിലെ 15 കോടി രൂപ വകയിരുത്തൽ. പഴശ്ശി സാഗർ വൈദ്യുതി പദ്ധതിക്ക് 10 കോടി കൂടി വകയിരുത്തിയത് വികസനപാതയിൽ മറ്റൊരു ചുവടാകും. അതേസമയം, 3000 കോടിയിലേറെ രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന അഴീക്കൽ ഗ്രീൻ ഫീൽഡ് തുറമഖത്തിന് 9.65 കോടി മാത്രം വകയിരുത്തിയത് അടുത്തെങ്ങും പൂർത്തീകരണം പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണോ? നാടുകാണി കിൻഫ്ര പാർക്കിൽ ഡൈയിങ്‌ ആൻഡ്‌ പ്രിന്റിങ്‌ യൂണിറ്റ് സ്ഥാപിക്കാൻ ഒൻപതുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഇതേ ആവശ്യത്തിന് എട്ടുകോടി നീക്കിവെച്ചിരുന്നു. ഇത് എങ്ങുമെത്തിയില്ലെന്നിരിക്കെ പുതിയ ബജറ്റിലെ പ്രഖ്യാപനം കഴിഞ്ഞ കൊല്ലത്തേതിന്റെ ആവർത്തനമാകാൻ സാധ്യതയേറെ.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് 300 കോടി

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് 300 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തിലെ എട്ട്‌ പഞ്ചായത്തുകളെ വിമാനത്താവള റോഡുമായും മറ്റ് സംസ്ഥാനപാതകളുമായും ബന്ധിപ്പിക്കുന്ന ആർട്ടിലറി ഗ്രിഡ് റോഡ് നിർമാണത്തിന് 125 കോടി രൂപ നീക്കിവെച്ചു.

മൊത്തം 83 റോഡുകൾ ഇതിലുണ്ട്. ഇതിന്റെ സർവേ പൂർത്തിയായി. അഞ്ചരക്കണ്ടി ടൗൺ വികസനത്തിന് 75 കോടി, മാവിലായി ഹെറിറ്റേജ് പദ്ധതിക്ക് 25 കോടി, പാലയാട് സിനി കോംപ്ലക്സിന് 21 കോടി എന്നിങ്ങനെ വകയിരുത്തി.

ചക്കരക്കല്ലിൽ ഓഡിറ്റോറിയം നിർമിക്കാൻ ഒന്നാംഘട്ടമായി 3.50 കോടി നീക്കിവെച്ചു. പെരളശ്ശേരിയിൽ തീർഥാടന ടൂറിസത്തിന് അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ രണ്ടുകോടി, വേങ്ങാട് പഞ്ചായത്തിലെ മമ്പറം ഷോപ്പിങ്‌ കോംപ്ലക്സ് പുതുക്കിപ്പണിയാൻ 1.20 കോടി, പിണറായി സ്പെഷ്യാലിറ്റി സെന്റർ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 1.5 കോടി, ധർമടം പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓവുചാൽ നിർമിക്കാൻ ഒരുകോടി, മുഴപ്പിലങ്ങാട് ദുരന്തനിവാരണ ഷെൽട്ടർ നിർമിക്കാൻ 60 ലക്ഷം, ധർടം മണ്ഡലത്തിൽ പ്ലാനറ്റോറിയം നിർമാണത്തിന് ആറുകോടി, മിനി സിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കാൻ അഞ്ചുകോടി, ധർമടം ബോട്ട് ജെട്ടി, മുഴപ്പിലങ്ങാട് ബോട്ട് ജെട്ടി എന്നിവയുടെ നിർമാണത്തിന് അഞ്ചുകോടി വീതം, മുഴപ്പിലങ്ങാട് കടവ്, കോളാട്, അണ്ടല്ലൂർക്കടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമിക്കാൻ ആറുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബ്രണ്ണൻ കോളേജിൽ ആധുനിക ഓഡിറ്റോറിയം നിർമാണത്തിന് 15 കോടിയും നീക്കിവെച്ചു.

പ്രതീക്ഷയേറി കണ്ണൂർ വിമാനത്താവളം

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നീ വൻകിട പദ്ധതികളുടെ സുഗമവും സമയബന്ധിതവുമായ നിർവഹണം സാധ്യമാക്കാൻ 300.73 കോടി രൂപ നീക്കിവയ്ക്കുന്നതായി ബജറ്റിൽ പറയുന്നു. ഇതിൽ എത്രയാണ് കണ്ണൂർ വിമാനത്താവളത്തിന് കിട്ടുകയെന്ന് വ്യക്തമല്ല. എന്നാൽ പോയിന്റ് ഓഫ് കോൾ പദവി കിട്ടാത്തതിനാൽ അന്താരാഷ്ട്ര വിമാന സർവീസ് പരിമിതപ്പെട്ടിരിക്കുന്ന കണ്ണൂരിന് ആശ്വാസമാണീ പ്രഖ്യാപനം. കൂടുതൽ സൗകര്യങ്ങൾ വരുന്നതോടെ കൂടുതൽ സർവീസും പ്രതീക്ഷിക്കാം.

ഹജ്ജ് സൗകര്യമൊരുക്കും

ണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടനത്തിന് വേണ്ട സൗകര്യങ്ങളൊരുക്കാൻ ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷം മുതലാണ് കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽകേന്ദ്രം തുടങ്ങിയത്. കഴിഞ്ഞ വർഷം 2030 പേരാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോയത്. ഇത്തവണ ഇതുവരെ 2882 പേർ കണ്ണൂർ വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ്ജ് സർവീസ് നടത്തുക.

ബജറ്റിൽ 30.92 കോടി; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പശ്ചാത്തലസൗകര്യമൊരുങ്ങും

ണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി 30.92 കോടി രൂപ. നിർമാണപ്രവർത്തനങ്ങൾ, പഠനോപകരണങ്ങൾ, മാലിന്യസംസ്കരണം, മരുന്നുകൾ എന്നിവയ്ക്ക് 26.15 കോടിയും ഗവ. ഡെന്റൽ കോളേജ് വികസനത്തിന് 4.19 കോടിയും ഗവ. നഴ്സിങ്‌ കോളേജിന് 58 ലക്ഷവും അടക്കമാണിത്. കണ്ണൂർ ഗവ. ആയുർവേദ കോളേജിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് 2.60 കോടി രൂപയും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും അക്കാദമിക്ക് പ്രവർത്തനങ്ങൾക്കും 5.50 കോടി രൂപയും ഉൾപ്പടെ 8.10 കോടി രൂപയാണ് അനുവദിച്ചത്.

മലബാർ കാൻസർ സെന്ററിന് 40.374 കോടി രൂപ

ദ്ധതി, പദ്ധതിയിതര ഇനങ്ങളിലായി കോടിയേരിയിലെ മലബാർ കാൻസർ സെന്ററിന് 40.374 കോടി രൂപ നീക്കിവെച്ചു. കഴിഞ്ഞ വർഷം 40.312 കോടി രൂപയാണ് അനുവദിച്ചത്. ഇത്തവണ പദ്ധതിയിതര ഇനത്തിൽ 12.374 കോടി രൂപയും പദ്ധതിയിനത്തിൽ 28 കോടി രൂപയുമാണ് നീക്കിവെച്ചത്.

എ.കെ.ജി. സ്മാരക മ്യൂസിയത്തിന് 3.75 കോടി രൂപ

ഞ്ചരക്കണ്ടി പുഴയുടെ തീരത്ത് എ.കെ.ജി. മ്യൂസിയം നിർമാണം 90 ശതമാനത്തോളം പൂർത്തിയായി. കെട്ടിടം പണി പൂർത്തിയായ ഉടൻ ആംഫി തിയേറ്റർ, പൂന്തോട്ടം തുടങ്ങിയവയുടെ നിർമാണം തുടങ്ങും. അടുത്ത വർഷത്തോടെ സന്ദർശകർക്ക് തുറന്നുകൊടുക്കാൻ കഴിഞ്ഞേക്കും. ഇതിനായി 3.75 കോടി രൂപകൂടി അനുവദിച്ചു.

പഴശ്ശി പദ്ധതിക്ക് പ്രോത്സാഹനം- 15 കോടി

ഴശ്ശി പദ്ധതിയുടെ പുനർജനി പൂർണതോതിൽ സാധ്യമാക്കാനാണ് 15 കോടി ബജറ്റിൽ വകയിരുത്തിയത്.
വർഷങ്ങൾക്കുശേഷം വെള്ളം ഒഴുക്കിയപ്പോൾ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും പ്രധാന കനാലിൽനിന്ന്‌ കൈക്കനാലുകളിലൂടെ വെള്ളമെത്തിച്ച് 569 ഹെക്ടർ പാടശേഖരങ്ങളിൽ കൃഷി സാധ്യമാക്കാനുമാണ് ഇനി ശ്രമം.
മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ, നണിയൂർ, മാണിയൂർ മേഖലകളിലെ പാടശേഖരങ്ങളിലേക്ക് അടുത്തവർഷം ആദ്യം വെള്ളമെത്തിക്കും.
ഉപകനാലുകളായ മാഹി കനാലിൽ ഇത്തവണ വെള്ളമൊഴുക്കുന്ന 16 കിലോമീറ്റർ കഴിച്ചുവരുന്ന ഏഴുകിലോമീറ്റർ കൂടി നവീകരിക്കേണ്ടതുണ്ട്.
എടക്കാട് ഉപകനാലിന്റെ 12 കിലോമീറ്ററും അഴീക്കൽ ഉപകനാലിന്റെ 18 കിലോമീറ്ററും കാട്ടാമ്പള്ളി ഉപകനാലിന്റെ 7.8 കിലോമീറ്ററും യാഥാർഥ്യമാക്കണം.

കൈത്തറി മേഖലയ്ക്ക് 207.23 കോടി

കൈത്തറി മേഖലയ്ക്ക് 207.23 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. മുൻവർഷത്തേക്കാൾ 12 കോടി അധികം. കൈത്തറിസംഘങ്ങൾക്ക് യൂണിഫോം തയ്യാറാക്കാൻ 155.34 കോടി രൂപയും കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും ഉത്പാദനക്ഷമത കൂട്ടാനുള്ള പദ്ധതിക്ക് 4.50 കോടി. കൈത്തറി ഗ്രാമങ്ങങ്ങളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ട് മറ്റൊരു 4.50 കോടി രൂപയും നീക്കിവെച്ചു. കൈത്തറി സഹകരണസംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് എന്നിവയ്ക്ക് ഓഹരിവിഹിതമായി നൽകുന്നതിന് 5.29 കോടി രൂപ വകയിരുത്തി. ഇതിൽ 4.40 കോടി രൂപ ഹാൻടെക്സ്, ഹാൻവീവ് എന്നിവയ്ക്കുള്ള വിഹിതമാണ്.

ഖാദിക്ക് വിഹിതം കുറഞ്ഞു

ഖാദി-ഗ്രാമവ്യവസായവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് ഇക്കുറി 14.80 കോടി രൂപയേ വകയിരുത്തിയുള്ളൂ. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുകോടി കുറവാണിത്. മുൻവർഷം 16.50 കോടി നീക്കിവെച്ചതിൽ 9.25 കോടിയാണ് അനുവദിച്ചത്.

പഴശ്ശി സാഗറിന് 10 കോടി

ബാരാപോളിന് പിന്നാലെ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ പഴശ്ശി സാഗർ മിനി പദ്ധതിയുടെ പൂർത്തീകരണത്തിനാണ് 10 കോടി രൂപകൂടി അനുവദിച്ചു. പഴശ്ശിയിൽനിന്ന്‌ ടണൽ വഴി വെള്ളം എത്തിച്ചാണ് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക. ഇതിനായി മൂന്ന് ടണലുകളുടെ നിർമാണം പൂർത്തിയായി. മഴക്കാലത്ത് പദ്ധതിയിലേക്ക് ഒഴുകിവരുന്ന വെള്ളം തടഞ്ഞുനിർത്തി ടണൽ വഴി കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 113 കോടിയാണ് ചെലവ്. അടുത്ത വർഷം കമ്മിഷനിങ് സാധ്യമാകുമെന്ന് വൈദ്യുതി ബോർഡ് പ്രതീക്ഷിക്കുന്നു.

ഇവ കണ്ണൂരിൽ പ്രതീക്ഷിക്കാമോ?

നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും കണ്ണൂരിന് പ്രതീക്ഷിക്കാൻ വകയുള്ള ചില പ്രഖ്യാപനങ്ങൾ സംസ്ഥാന ബജറ്റിൽ ഉണ്ട്. അവയിൽ ചിലത്:

  • ചൈനാമാതൃകയിൽ പ്രത്യേക വികസന മേഖലകൾ കൊണ്ടുവരുമെന്ന പ്രഖ്യാപനം. ഇത് എവിടെയെന്ന് ബജറ്റ് പറയുന്നില്ല. പക്ഷേ, മട്ടന്നൂർ വിമാനത്താവളത്തോടനുബന്ധിച്ച് 5000 ഏക്കർ ഏറ്റെടുത്ത് വ്യവസായ പാർക്ക്‌ വികസിപ്പിക്കുമെന്ന് സംസ്ഥാനസർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പലേടത്തും സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടക്കുന്നുണ്ടെങ്കിലും വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്ക് നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇതുൾപ്പടെയുള്ള നിർദിഷ്ട പദ്ധതിയെ പ്രത്യേക വികസനമേഖലയിൽ കൊണ്ടുവരാനാകുമോ?
  • വിദേശത്തുനിന്നുള്ള രോഗികളെ ചികിത്സിക്കാൻ ഗവ. മെഡിക്കൽ കോളേജിൽ സൗകര്യം ചെയ്യുമെന്ന പ്രഖ്യാപനം. ഇതിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെയും ഉൾപ്പെടുത്തിക്കൂടെ?
  • ഡിജിറ്റൽ സർവകലാശാലയുടെ മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ-വടക്ക്, കിഴക്ക്, മധ്യമേഖല എന്നിവിടങ്ങളിൽ-തുടങ്ങുമെന്ന പ്രഖ്യാപനം. ഇതിൽ വടക്കേ കേന്ദ്രം കണ്ണൂരിലായിക്കൂടേ?
  • സാങ്കേതിക സർവകലാശാല മൂന്ന്‌ മികവുകേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനം. ഇതിലൊന്നിന് കണ്ണൂരിനെ പരിഗണിക്കുമോ?
  • ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് വിവിധ കേന്ദ്രങ്ങളിൽ കോൺക്ലേവുകൾ നടത്തുമെന്ന പ്രഖ്യാപനം. ഒരു വേദി ഇവിടെ ആകാവുന്നതല്ലേ?

തുക നീക്കിവെച്ച മറ്റുചില പദ്ധതികൾ

ഒൻപത് ഗവ. എൻജിനിയറിങ് കോളേജുകളിൽ വിവിധ വിഭാഗങ്ങളെ കോർത്തിണക്കുന്ന ഗവേഷണത്തിന് കേന്ദ്രം സ്ഥാപിക്കും. ഇതിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജും ഉൾപ്പെടുന്നു

  • മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരിൽ കല്യാശ്ശേരിയിൽ പഠനകേന്ദ്രം- ഒരു കോടി
  • കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ സ്മാരകം പാണപ്പുഴയിൽ- 10 ലക്ഷം
  • കണ്ണൂരിലടക്കം സംസ്ഥാനത്ത് റീജണൽ ലാബുകളുടെ നവീകരണം-ഏഴുകോടി
  • ഫോക്‌ലോർ അക്കാദമി, ചിറക്കൽ -3.10 കോടി
  • അഴീക്കോട് കൈത്തറിഗ്രാമം-രണ്ടുകോടി

Content Highlights: Kerala budget CM constituency gets 300 crore funds