മനസ്സ് മനസ്സിനെ തൊടുമ്പോൾ... | ആയുർജീവനം - 6

#ഡോ. കെ. മുരളീധരൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ശ്രീശർമ്മൻ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യപ്പെട്ടത് രണ്ടുദിവസം മുമ്പാണ്. ഏഴു വയസ്സു മാത്രമുള്ള ശ്രീശർമ്മൻ കോട്ടയ്ക്കൽ വന്ന് താമസിച്ചതോ ചികിത്സിക്കപ്പെട്ടതോ അറിഞ്ഞിട്ടുണ്ടാവില്ല. കാരണം, അവന്റെ ശരീരവും മനസ്സും സാരഥി നഷ്ടപ്പെട്ട രഥംപോലെ ചുറ്റുകയാണ്.

ഇത്തരം രോഗികൾ മുൻപിലെത്തുമ്പോൾ ഡോക്ടർമാർ അനുഭവിക്കുന്നതാണ് യഥാർഥ ധർമസങ്കടം.

മസ്‌കുലാർ ഡിസ്ട്രഫി ആണ് ശ്രീശർമ്മനെ ബാധിച്ച രോഗം. ഇത് മുഖ്യമായും പേശികളെ ബാധിക്കുന്നു. പേശികളുടെ ഘടനയ്ക്കും പ്രവർത്തനത്തിനും ആവശ്യമായ പ്രോട്ടീനാണ് ഡിസ്ട്രഫിൻ. ഇതിനുണ്ടാകുന്ന ജനിതകമായ ന്യൂനതയാണ് മസ്‌കുലർ ഡിസ്ട്രഫിക്കു കാരണം. പേശികൾക്ക് ബലഹാനി, ജീർണത, നാശം എന്നിവയാണ് ക്രമേണ വർധിച്ചുവരുന്ന ഈ രോഗത്തിൽ ഉണ്ടാകുക. മസ്‌കുലാർ ഡിസ്ട്രഫിക്ക്‌ ഫലപ്രദമായ ചികിത്സ കണ്ടെത്തേണ്ടിയിരിക്കുന്നു. സാധാരണ നിലയ്ക്ക് ഈ രോഗത്തിന്റെ കെടുതികൾ പേശികളിൽ ഒതുങ്ങുന്നു. എന്നാൽ, അപൂർവമായി ബുദ്ധിയെയും ബാധിച്ചേക്കാം. ശ്രീശർമ്മന് അതാണുണ്ടായത്. ഞങ്ങൾ പ്രാർഥനാപൂർവം ശ്രീശർമ്മനെ ചികിത്സിച്ചു. ശിരസ്സിൽ ധാര ചെയ്തു, ഔഷധ ലേപനം ചെയ്തു, ശരീരത്തിൽ എണ്ണ പുരട്ടി വാത്സല്യപൂർവം തടവി. അരയാലിലയും പനിക്കൂർക്കയിലയും തുളസിയും പിഴിഞ്ഞ നീരടക്കമുള്ള മരുന്നുകൾ ഫലംനിരീക്ഷിച്ച് കൊടുത്തുകൊണ്ടിരുന്നു.

രജന്യാദി ചൂർണം ധാരാളം തേനും കുറച്ചു നെയ്യും ചേർത്തി സേവിപ്പിച്ചു. ബാലചികിത്സയിൽ ദിവ്യൗഷധമായി രജന്യാദി ചൂർണത്തെ കാണാമെന്നാണ് ആചാര്യമതം. സ്വന്തം മകനെപ്പോലെയാണ് തെറപ്പിസ്റ്റുകൾ അവനെ പരിചരിച്ചത്. ഇതിന്റെയൊക്കെ ഫലമായി അവന്റെ ബുദ്ധിയുടെയും മനസ്സിന്റെയും വഴികളിൽ പ്രകാശം പരന്നുതുടങ്ങി.

ജീവിതത്തിൽ ആദ്യമായി അവൻ ഒരു ദിവസം കുഞ്ഞനുജനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. മാതാപിതാക്കളുടെയും മുത്തശ്ശന്റെയും മടിയിൽ ശാന്തനായി ഇരിക്കാൻ തുടങ്ങി.

'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം 

ശുഭകരമായ എന്തിന്റെയോ തുടക്കമായി ഞങ്ങളിതിനെ കാണുന്നു. ചികിത്സയ്ക്ക് അതിന്റേതായ വഴികൾ ഉണ്ട്, ജ്ഞാതവും അജ്ഞാതവുമായ വഴികൾ. ശ്രീശർമ്മന്റെ കാര്യത്തിൽ മരുന്നുകളെക്കാളേറെ ഫലം ചെയ്തത് അവനുമാത്രമായി ലഭിച്ച വാത്സല്യവും ലാളനയുമാകണം. ചികിത്സയിൽ, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ, ഇവയാകുന്നു പരമൗഷധം.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)

Content Highlights: Ayurjeevanam by Dr. K Muraleedharan | Part 6