ആയുർവേദചികിത്സയുടെ തായ്‌വേരുകൾ | ആയുർജീവനം - 3

#ഡോ. കെ. മുരളീധരൻ
Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

രുചിയില്ലേ? വിശപ്പില്ലേ? മലശോധന ക്രമത്തിൽ അല്ലേ? ആയുർവേദ ചികിത്സകൻ രോഗിയുമായി സംവദിക്കുമ്പോൾ പ്രാഥമികമായി ചോദിച്ചറിയുന്ന ചില കാര്യങ്ങളാണ് ഇവ. ചില രോഗികൾക്കെങ്കിലും ഈ അന്വേഷണത്തിന്റെ പൊരുൾ പിടികിട്ടാറില്ല. കാരണം, നട്ടെല്ലുവേദനയുടെ ചികിത്സയ്ക്കെത്തിയ ഒരു രോഗിയുടെ കാര്യത്തിൽ മേലെഴുതിയ ചോദ്യങ്ങൾക്ക് എന്തുപ്രസക്തി എന്നാകും ചിന്ത. എന്നാൽ ഒരു ആയുർവേദ ഡോക്ടറെ സംബന്ധിച്ചിടത്തോളം രോഗിയുടെ വിശപ്പ്, രുചി, മലശോധന, ദേഹപ്രകൃതി എന്നിവയെക്കുറിച്ച് വ്യക്തമായി അറിയേണ്ടതുണ്ട്.

എങ്കിൽമാത്രമേ വ്യക്തികൾതോറും വിഭിന്നമായ ആയുർവേദചികിത്സ നിർണയിക്കാനാകൂ. ഇതൊരു കാര്യം. മറ്റൊന്ന് ശരീരത്തിലെ അവയവവ്യവസ്ഥ ഒന്നൊന്നിനോടു ബന്ധപ്പെട്ടുനിൽക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ സൂക്ഷ്മവും സമഗ്രവുമായ അറിവ് ആയുർവേദചികിത്സകന് കൂടിയേതീരൂ.

ഒരുപക്ഷേ 'ഗട്ട്-ബ്രെയിൻ ആക്‌സിസ്' എന്ന താരതമ്യേന ആധുനികമായ വിജ്ഞാനം ആയുർവേദ സമീപനത്തിലേക്ക് യോജിപ്പിച്ചുനിർത്താവുന്നതാണ്. ഉദരത്തിൽ സ്ഥിതിചെയ്യുന്ന കുടലും (ഗട്ട്) മസ്തിഷ്‌കവും(ബ്രെയിൻ) തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു അച്ചുതണ്ട് (ആക്‌സിസ്) ഉണ്ട്. ഇതിന്റെ സ്വാധീനം വിവിധതരത്തിലാണ്. ദഹനപ്രക്രിയയുടെ നിയന്ത്രണം, കണ്ണ്, മൂക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ കർമകരണശേഷി, ഒരാളുടെ പെരുമാറ്റം, പ്രതികൂല പരിതസ്ഥിതികളോടുള്ള പ്രതികരണം എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം 

മാനസികാസ്വാസ്ഥ്യങ്ങൾ, ശ്രദ്ധയുടെ വികേന്ദ്രീകരണം, കുടലിന്റെ പേശികളുടെ വീക്കം, ചലനങ്ങളിലുള്ള ചാഞ്ചല്യം എന്നിവയെല്ലാം ഉണ്ടാകുന്നത് മേൽ സൂചിപ്പിച്ച അച്ചുതണ്ടിന്റെ സ്വാധീനംമൂലമാണ്. സ്‌മൃതിക്ഷയം (ഡിമെൻഷ്യ), കമ്പവാതം (പാർക്കിൻസൺസ്) മുതലായ രോഗങ്ങൾ ഉണ്ടാകുന്നതിനുപോലും മസ്തിഷ്‌കവും കുടലും തമ്മിലുള്ള വിനിമയവ്യവസ്ഥ പശ്ചാത്തലമൊരുക്കുന്നു. ഈ സമഗ്രത ചികിത്സാസമീപനത്തിൽ ആയുർവേദം ഉൾക്കൊണ്ടിട്ടുണ്ട്.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)

Content Highlights: Ayurjeevanam by Dr. K Muraleedharan | Part 3