കൊടുവേലിയെന്ന അഗ്നിമതിൽ | ആയുർജീവനം - 2

അഗ്നി എന്നറിയപ്പെടുന്ന കൊടുവേലിയെക്കുറിച്ച് പറയാം. കൊടുവേലി മൂന്നുതരം-നീലക്കൊടുവേലി, വെള്ളക്കൊടുവേലി, ചുവന്ന കൊടുവേലി എന്നിങ്ങനെ. ഇവയിൽ വെള്ളക്കൊടുവേലിയും ചുവന്നതും ആണ് ആയുർവേദഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നത്.
വിഷാംശമുള്ളതിനാൽ (Plumbagin) കൊടുവേലി ശുദ്ധിചെയ്താണ് ഉപയോഗിക്കുക. കർക്കടകമാസത്തിലെ ഒരുദിവസം ഔഷധസേവാ ദിനമായി പലയിടങ്ങളിലും ആചരിച്ചുപോരുന്നു. ഔഷധസേവാ ദിനത്തിൽ ഉപയോഗിക്കുന്ന ഔഷധം കൊടുവേലി ആകുന്നു. വളരെ ചുരുങ്ങിയ അളവിൽ പതിവനുസരിച്ച് ശുദ്ധിചെയ്യാത്ത കൊടുവേലി ഔഷധമായി സേവിക്കുന്നത് അണുസംക്രമണം മൂലവുംമറ്റും ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കുവാൻ സഹായകമാകുന്നു.
ഇതെങ്ങനെ?
ജീവഹാനിക്ക് ഇടവരുത്താത്ത രീതിയിൽ ഉപയോഗിക്കുന്ന വിഷത്തിന് രോഗപ്രതിരോധശക്തിയെ ഉത്തേജിത അവസ്ഥയിലേക്ക് എത്തിക്കുവാനുള്ള കഴിവുണ്ട്. ഇതൊരു പ്രതിരോധ തന്ത്രമാവുകയുംചെയ്യുന്നു, ഒരർത്ഥത്തിൽ അഗ്നിമതിൽ (firewall) തന്നെ. പ്രതിരോധചികിത്സയുടെ പ്രാഗ്രൂപമായി ഇതിനെ കണക്കാക്കാം. കൊടുവേലി പ്രധാന ചേരുകയാകുന്ന മരുന്നുകൾ ഏറെയുണ്ട്.
'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം
ഹുതഭുഗാദി ചൂർണ്ണം, ചിത്രകലേഹം, ചിത്രകാസവം മുതലായവ ഉദാഹരണം. ഇവയുടെ ഉപയോഗക്രമം വ്യത്യസ്തമായ രീതിയിൽ ആകുന്നു. അഗ്നിദീപ്തിയുണ്ടാക്കുന്നതിനും കുടലിന്റെ ചലനം ക്രമീകരിക്കുന്നതിനും മറ്റുമാണ് ഹുതഭുഗാദി ചൂർണ്ണം ചികിത്സയിൽ പ്രയോജനപ്പെടുത്തിവരുന്നത്. ചിത്രകലേഹം അർശസ്സിന്റെ (Piles) ചികിത്സയിലും ചിത്രകാസവം വെള്ളപ്പാണ്ടിന്റെ ചികിത്സയിലുമാണ് ഡോക്ടർമാർ സാധാരണ ശുപാർശ ചെയ്യാറുള്ളത്. കൊടുവേലി ഗർഭിണികൾ ഉപയോഗിക്കരുത്.
(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)
Content Highlights: Ayurjeevanam by Dr. K Muraleedharan | Part 2