സരഗോസ കാത്തിരിപ്പിലാണ്; ബെംഗളൂരു കിരീടം നേടിയാൽ സ്വന്തമാവുക അപൂർവ നേട്ടം

കോഴിക്കോട്: കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച ബെംഗളൂരു എഫ്‌സി ഇന്ത്യൻസൂപ്പർ ലീഗ് ഫുട്‌ബോൾ (ഐഎസ്എൽ) കിരീടമുയർത്തിയാൽ ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാം കിരീടമാകും. എന്നാൽ, മുഖ്യപരിശീലകൻ ജെറാർഡ് സരഗോസയെ കാത്ത് അപൂർവനേട്ടം തൊട്ടരികിലുണ്ട്.
സഹപരിശീലകനായും മുഖ്യപരിശീലകനായും കിരീടം നേടുന്ന ആദ്യവ്യക്തിയെന്ന നേട്ടമാണ് സ്പാനിഷുകാരനെ കാത്തിരിക്കുന്നത്. 2018-19 സീസണിൽ കാൾസ് ക്വഡ്രാറ്റിന് കീഴിൽ ബെംഗളൂരു കിരീടം നേടുമ്പോൾ സഹപരിശീലകന്റെ റോളിലായിരുന്നു സരഗോസ. പിന്നീട് ക്ലബ്ബ് വിട്ടെങ്കിലും കറങ്ങിത്തിരിഞ്ഞ് 2023 ഡിസംബറിൽ വീണ്ടും ബെംഗളൂരുവിലെത്തി. ഇത്തവണ ടീമിനെ ഫൈനലിലെത്തിച്ച് കിരീടത്തിനായി കാത്തിരിക്കുന്നു.
ആദ്യം സഹപരിശീലകനാകുകയും പിന്നീട് മുഖ്യപരിശീലകനായെത്തി ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത റെക്കോഡ് കാൾസ് ക്വഡ്രാറ്റിനാണ്. ആൽബർട്ടോ റോക്കയുടെ കീഴിൽ 2016-17 സീസണിൽ ക്വഡ്രാറ്റ് സഹപരിശീലകനായിരുന്നു. കിരീടമൊന്നും അക്കാലത്ത് ടീമിന് ലഭിച്ചില്ല. 2018-19 സീസണിൽ ടീമിന്റെ മുഖ്യപരിശീലകനായി തിരിച്ചെത്തിയ ക്വഡ്രാറ്റ് കിരീടവിജയത്തിലേക്ക് നയിച്ചു.
ഖത്തർ ക്ലബ്ബ് അൽ റയാനിൽ മൈക്കൽ ലൗഡ്രുപ്പിന്റെ പരിശീലകസംഘത്തിൽനിന്നാണ് 2018-19 സീസണിൽ ബെംഗളൂരു എഫ്‌സിയുടെ സഹപരിശീലകനായി സരഗോസ എത്തുന്നത്. സൂപ്പർ ലീഗ് ചാമ്പ്യൻമാരായതിനുശേഷം ക്ലബ്ബ് വിട്ട സരഗോസ യുഎഇ ക്ലബ്ബ് ശബാബ് അൽ അഹ്‌ലിയെയും ഗ്രീക്ക് ക്ലബ്ബ് പാൻസെറായ്‌കോസ്, മറ്റൊരു യുഎഇ ക്ലബ്ബ് കോർഫക്കാൻ ക്ലബ്ബിനെയും ഒരുക്കിയിറക്കി. തുടർന്നാണ് ബെംഗളൂരു എഫ്‌സിയിലേക്ക് മുഖ്യപരിശീലകനായി തിരിച്ചെത്തുന്നത്. ബെംഗളൂരു എഫ്‌സിയെ 44 മത്സരങ്ങളിലാണ് ഇറക്കിയത്. ഇതിൽ 20 വിജയവും എട്ട് സമനിലയുമുണ്ട്. 16 കളിയിൽ തോറ്റു. സീസണിൽ 27 മത്സരങ്ങളിലാണ് പരിശീലിപ്പിച്ചത്. ലീഗ് ഘട്ടത്തിൽ 24 കളിയിൽ 11 ജയവും അഞ്ച് സമനിലയും എട്ട് തോൽവിയുമായി മൂന്നാം സ്ഥാനത്തായിരുന്നു. പ്ലേ ഓഫിൽ മുംബൈ സിറ്റിയെ കീഴടക്കി. സെമിഫൈനൽ ആദ്യപാദത്തിൽ എഫ്‌സി ഗോവയെ തോൽപ്പിച്ചു. രണ്ടാംപാദത്തിൽ തോറ്റു. എന്നാൽ, ഗോൾനിലയിൽ ഫൈനലിൽ കയറി. ആക്രമണ ഫുട്‌ബോൾ ഇഷ്ടപ്പെടുന്ന സരഗോസ 4-3-3 ശൈലിയിലാണ് ഭൂരിഭാഗം കളിയിലും ടീമിനെ ഇറക്കിയത്. നാല് കളികളിൽ 4-4-2 ഫോർമേഷനിലും ടീമിനെ കളിപ്പിച്ചു.
• ജെറാർഡ് സരഗോസ
Content Highlights: gerard zaragoza bengaluru head coach hoping isl title