തന്ത്രങ്ങളുടെ ആശാന്‍, 'തനി മലയാളിയായ' സെര്‍ബിയക്കാരന്‍; വുകോമനോവിച്ച് കൂടൊഴിയുമ്പോള്‍

ഇവാന് വുകോമനോവിച്ചെന്നാണ് പേരെങ്കിലും ആശാന്‍ എന്നു വിളിച്ചാണ് മലയാളികള്‍ക്ക് ശീലം. ആ വിളിയില്‍ത്തന്നെയുണ്ട് കേരളീയര്‍ അദ്ദേഹത്തോട് കാണിക്കുന്ന സ്‌നേഹം. കപ്പടിക്കണമെന്നത് മോഹഭംഗമായി തുടരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏറെ മുന്നേറിയിരുന്നു. 2021-ല്‍ പരിശീലകക്കുപ്പായമണിഞ്ഞ ശേഷം തുടര്‍ച്ചയായി മൂന്നുതവണ പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ഗോളടിക്കാത്ത ബ്ലാസ്‌റ്റേഴ്‌സ് എന്ന പേരുദോഷം മാറിക്കിട്ടിയത് വുകോമനോവിച്ച് വന്നതില്‍പ്പിന്നെയാണ്.
ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച്, പത്താമത്തെ പരിശീലകനാണ് വുകോമനോവിച്ച്. ആറു വര്‍ഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിനെ ഐ.എസ്.എലിന്റെ ഫൈനലിലെത്തിച്ചത് അദ്ദേഹമാണ്. ക്ലബിലെത്തിയതുമുതല്‍ ടീമിന്റെ കളിശൈലിയില്‍ വലിയ മാറ്റം വരുത്താന്‍ വുകോമനോവിച്ചിന് സാധിച്ചു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത് ആശാന്റെ പരിശീലനത്തിനു കീഴിലാണ്.
ചുമതലയേറ്റ ആദ്യ സീസണില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിക്കാനും സെര്‍ബിയന്‍ പരിശീലകന് കഴിഞ്ഞു. 2023-24 സീസണിലെ ആദ്യ ഘട്ടത്തില്‍ ലീഗില്‍ ഒന്നാംസ്ഥാനത്തായിരുന്നു. പക്ഷേ, രണ്ടാം ഘട്ടത്തിലെ ആറ് കളിയില്‍ അഞ്ചിലും പരാജയപ്പെട്ടു. ടീമിന്റെ കുന്തമുനയായ അഡ്രിയാന്‍ ലൂണ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് പുറത്തായതാണ് ഇത്തവണ തിരിച്ചടിയായത്.
ഇക്കാലത്തിനിടെ വിവാദങ്ങളിലും നിറഞ്ഞുനിന്നു. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെത്തുടര്‍ന്ന് ടീമിനെ ഗ്രൗണ്ടില്‍നിന്ന് പിന്‍വലിക്കാന്‍ ധൈര്യം കാണിച്ച പരിശീലകനാണ്. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാലു കോടി രൂപ ടീമിന് പിഴ ചുമത്തി. വുകോമനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും ലഭിച്ചു.
പിഴ ശിക്ഷ വിധിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ് അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിവരെ പോയെങ്കിലും നിഷ്ഫലമായി. പിഴ നല്‍കേണ്ടിവന്നു. ഇതും തുടര്‍തോല്‍വികളും വുകോമനോവിച്ചിനെയും ടീം അധികൃതരെയും മനം മടുപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്നുമുതല്‍ ആശാന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടൊഴിഞ്ഞു പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു.
ഇതിനിടെയാണ് കരാര്‍ 2025 മേയ് 31 വരെ നീട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അപ്പോഴും നിറഞ്ഞ പിന്തുണയോടെ മലയാളികള്‍ ആശാനൊപ്പം നിന്നു. ബ്ലാസ്റ്റേഴ്‌സിനെ കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിപ്പണിത ആശാനെ അങ്ങനെയങ്ങ് കൈയൊഴിയാന്‍ മലയാളികള്‍ക്ക് മനസ്സുവന്നില്ല. കേരളീയര്‍ നല്‍കിയ സ്‌നേഹം അതേ അളവില്‍ തിരിച്ചുനല്‍കിയതും ആശാനെ കൂടുതല്‍ പ്രിയങ്കരനാക്കി.
ജന്മം കൊണ്ട് സെര്‍ബിയക്കാരനാണെങ്കിലും തനി മലയാളിയായി പലപ്പോഴും അദ്ദേഹം നമുക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഈയടുത്തുതന്നെ തനി മലയാളി വേഷത്തിലുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ബനിയനും കൈലിയും തോള്‍മുണ്ടും ധരിച്ച് വയലിന് സമീപമുള്ള റോഡുവഴി സൈക്കിളില്‍ സഞ്ചരിക്കുന്ന ആശാനെ കൗതുകത്തോടെയാണ് കേരളീയര്‍ കണ്ടത്. കാലില്‍ ഹവായ് ചെരിപ്പുകൂടിയായതോടെ സെര്‍ബിയന്‍ പൗരനാണെന്ന് തോന്നിയതേയില്ല. ക്രിസ്മസ് സമ്മാനങ്ങളുമായി മഞ്ഞപ്പട ആരാധകരുടെ വീട്ടില്‍ മുന്നറിയിപ്പില്ലാതെയെത്തി ഞെട്ടിച്ച സംഭവവും ആശാന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
2021 ജൂണ്‍ 21-നാണ് വുകോമനോവിച്ചിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി പ്രഖ്യാപിക്കുന്നത്. ക്ലബ്ബിന്റെ കടുത്ത ആരാധകരെപ്പോലും അമ്പരപ്പിച്ചാണ് സ്‌പോര്‍ട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസ് 60-ഓളം അപേക്ഷകരില്‍നിന്ന് വുകോമാനോവിച്ചിനെ തിരഞ്ഞെടുത്തത്. പരിശീലകര്‍ വാഴാത്ത ക്ലബ്ബെന്ന ദുഷ്‌പേരുണ്ടായിരുന്ന ക്ലബ്ബിനെ തുടര്‍ച്ചയായി മൂന്നുസീസണുകളില്‍ പ്ലേ ഓഫിലെത്തിച്ചു.
ഒരേ ടീമിനെ മൂന്നുതവണ തുടര്‍ച്ചയായി പ്ലേ ഓഫിലെത്തിച്ച മറ്റ് പരിശീലകര്‍ ഐ.എസ്.എല്‍. ചരിത്രത്തിലില്ല. 2014-നുശേഷം ബ്ലാസ്റ്റേഴ്‌സ് കരാര്‍ പുതുക്കി നല്‍കിയ ആദ്യ പരിശീലകനാണ് വുകോമനോവിച്ച്. അതിനുമുന്‍പ് ഓരോ സീസണിലും ഓരോ പരിശീലകന്‍ എന്നതായിരുന്നു അവസ്ഥ. ബെല്‍ജിയം ക്ലബിന്റെ സഹപരിശീലകനായി കോച്ചിങ് കരിയര്‍ ആരംഭിച്ച അദ്ദേഹം, സ്ലോവാക്യന്‍ സൂപ്പര്‍ ലീഗിലും പരിശീലകനായി. തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.
Content Highlights: ivan vukomanovic kerala blasters head coach