18-ാം സീസണില്‍ ആ 18-ാം നമ്പറുകാരന്‍ കപ്പുയര്‍ത്തുമോ?; കന്നിക്കിരീടത്തിനായി ആര്‍സിബി

കായിക രംഗത്ത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെ അനുഗ്രഹിക്കപ്പെട്ടവരില്ല. 22 വര്‍ഷം കാത്തിരുന്നിട്ടാണെങ്കിലും അദ്ദേഹത്തിന് ഒരു ലോകകപ്പ് ഉയര്‍ത്താനായി. എന്നാല്‍ ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാര്യമോ? ഇന്നും കളിക്കളത്തില്‍ തുടരുന്നുണ്ടെങ്കിലും ഒരു ലോകകപ്പെന്ന സ്വപ്‌നം അദ്ദേഹത്തിന് ഇന്നും ബാക്കിനില്‍ക്കുന്നു. യൊഹാന്‍ ക്രൈഫ്, ജോര്‍ജ് ബെസ്റ്റ്, പൗളോ മാള്‍ദീനി, കായികരംഗം പലപ്പോഴും അതിന്റെ ഏറ്റവും തിളക്കമുള്ള താരങ്ങളോട് ദയ കാണിച്ചിട്ടില്ല. വ്യക്തിഗത മികവും കഴിവും ഒരിക്കലും ട്രോഫികള്‍ ഉറപ്പുനല്‍കുന്നില്ല. ഇതിഹാസ താരം ബ്രയാന്‍ ലാറ ഒരിക്കലും ലോകകപ്പ് ഉയര്‍ത്തിയിട്ടില്ല. ജിയാന്‍ലൂയിഗി ബഫണ്‍ ഒരിക്കല്‍പോലും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.
വിരാട് കോലിയെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ ഇന്നും കിട്ടാക്കനിയാണ്. എന്നാല്‍ 22-ാം വയസില്‍ ലോകകപ്പ് ഉയര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് കോലി. 24-ാം വയസില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും സ്വന്തമാക്കി. ഒടുവില്‍ കരിയറിന്റെ അവസാനത്തില്‍ കഴിഞ്ഞ 12 മാസത്തിനിടെ ടി20 ലോകകപ്പ് വിജയവും ഒരു ചാമ്പ്യന്‍സ് ട്രോഫി കിരീടം കൂടിയും താരത്തെ തേടിയെത്തി. എന്നാല്‍ ഇന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നം ഒന്നുമാത്രമാണ്, ഒരു ഐപിഎല്‍ കിരീടം.
18 വര്‍ഷമായി ഐപിഎല്ലില്‍ അതിന്റെ പോസ്റ്റര്‍ ബോയ് പാഡ് കെട്ടിയിറങ്ങുന്നു. 18 സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ തുടരുന്ന കോലിക്ക് ഇതുവരെ കളിച്ച മൂന്ന് ഐപിഎല്‍ ഫൈനലുകളിലും തോല്‍ക്കാനായിരുന്നു വിധി. 266 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 8618 റണ്‍സ് നേടിയ കോലിയാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വലിയ റണ്‍വേട്ടക്കാരന്‍. അന്താരാഷ്ട്ര ടി20-യില്‍ ഒരു സെഞ്ചുറി മാത്രമാണ് കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ എട്ടു സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ഒരു സീസണില്‍ 973 റണ്‍സെന്ന റെക്കോഡും കോലിക്ക് മാത്രം സ്വന്തമാണ്. ഓരോ മത്സരത്തിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തന്റെ 100 ശതമാനവും പുറത്തെടുക്കുന്ന താരത്തിന് പക്ഷേ ആ കിരീടത്തില്‍ ഒന്ന് മുത്തമിടാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.
ഇപ്പോഴിതാ അയാള്‍ തന്റെ ആ സ്വപ്‌ന നേട്ടത്തിന് തൊട്ടടുത്താണ്. ചൊവ്വാഴ്ച രാത്രി അഹമ്മദാബാദില്‍ ആര്‍സിബി, പഞ്ചാബ് കിങ്‌സിനെ നേരിടുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് അയാളുടെ കിരീട നേട്ടത്തിനായാണ്. അവര്‍ പ്രാര്‍ഥിക്കുന്നതും ആ കിരീടത്തിനായി തന്നെ.
ആര്‍സിബിയെ പോലെ താരലേലത്തില്‍ ഇത്രയധികം കോടികള്‍ വാരിയെറിഞ്ഞ് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച മറ്റൊരു ഫ്രാഞ്ചൈസിയില്ല. ക്രിസ് ഗെയ്ലും എ ബി ഡിവില്ലിയേഴ്സും യുവ്രാജ് സിങ്ങും ഗ്ലെന്‍ മാക്സ്വെല്ലും ജാക്ക് കാലിസും ഫാഫ് ഡുപ്ലെസിയും കെവിന്‍ പീറ്റേഴ്സണും ആരോണ്‍ ഫിഞ്ചും ഷെയ്ന്‍ വാട്ട്സണും ബ്രെണ്ടന്‍ മക്കല്ലവുമെല്ലാം ആര്‍സിബി ജേഴ്സിയില്‍ കളിച്ചിട്ടുണ്ട്. ബൗളര്‍മാരുടെ കണക്കെടുത്താല്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഡെയ്ല്‍ സ്‌റ്റെയ്‌നും സഹീര്‍ ഖാനും മുത്തയ്യ മുരളീധരനും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചെഹലുമെല്ലാം ആര്‍സിബിക്കായി വിവിധ സീസണുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്. അതായത് ടി20 ക്രിക്കറ്റിലെ വമ്പന്‍ പേരുകളെയെല്ലാം അവര്‍ കളിത്തിലിറക്കിയിട്ടുണ്ട്. എന്നിട്ടും പക്ഷേ ഒരു കിരീടം പോലും തങ്ങളുടെ ഷെല്‍ഫിലെത്തിക്കാന്‍ ടീമിന് സാധിച്ചിട്ടില്ല.
ആര്‍സിബിയെ സംബന്ധിച്ച് 2016-ലെ ഐപിഎല്‍ സീസണ്‍ സ്വപ്‌ന സമാനമായിരുന്നു. കോലി 973 റണ്‍സടിച്ച് റെക്കോഡിട്ട സീസണില്‍ ഡിവില്ലിയേഴ്‌സും തകര്‍പ്പന്‍ ഫോമിലായിരുന്നു. ക്രിസ് ഗെയിലും കെ.എല്‍ രാഹുലും ഷെയ്ന്‍ വാട്ട്‌സണുമെല്ലാം കളിക്കാന്‍ ഉണ്ടായിരുന്നിട്ടും ജയിച്ചെന്ന ഘട്ടത്തില്‍ നിന്നാണ് ആ വര്‍ഷം ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി കളി കൈവിടുന്നത്. പല സീസണുകളിലും ഇത്തരത്തില്‍ വലിയ താരനിരയുമായി ഇറങ്ങിയ ടീമിന് നിരാശ തന്നെയായിരുന്നു അവസാനം ബാക്കി.
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ആര്‍സിബി പുറത്തെടുക്കുന്ന മികവ് തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഒമ്പത് സീസണിനിടെ ആദ്യമായാണ് അവര്‍ പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യുന്നത്. ഇത്തവണത്തെ ആര്‍സിബി ഒരു വണ്‍മാന്‍ ഷോ അല്ല. കോലി പതിവുപോലെ വ്യക്തിഗത മികവ് പുറത്തെടുക്കുന്നുണ്ട്. സീസണില്‍ ഇതുവരെ 14 കളികളില്‍ നിന്നായി 614 റണ്‍സ് നേടിയ കോലി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ട്. അഞ്ച് വ്യത്യസ്ത ഐപിഎല്‍ സീസണുകളില്‍ 600 റണ്‍സ് കടന്ന ഒരേയൊരു ബാറ്റ്സ്മാന്‍.
എന്നാല്‍ ഫിള്‍ സാള്‍ട്ടും ക്യാപ്റ്റന്‍ രജത് പടിദാറും ജിതേഷ് ശര്‍മയും ടിം ഡേവിഡുമെല്ലാം നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നു. കഴിഞ്ഞ കുറേക്കാലമായി പഴികേട്ട ആര്‍സിബിയുടെ മധ്യനിര ഇത്തവണ മികവ് കാട്ടി. ജോഷ് ഹേസല്‍വുഡ് നയിക്കുന്ന ബൗളിങ് നിരയില്‍ ന്യൂബോളിലും ഡെത്ത് ഓവറുകളിലും മികവ് കാട്ടുന്ന ഭുവനേശ്വര്‍ കുമാറും നിര്‍ണായക സമയത്ത് ബ്രേക്ക് ത്രൂ സമ്മാനിക്കുന്ന യാഷ് ദയാലുമുണ്ട്. സ്പിന്നര്‍മാരായി ക്രുണാല്‍ പാണ്ഡ്യയേയും യുവതാരം സുയാഷ് ശര്‍മയേയും മാത്രം തിരഞ്ഞെടുത്ത് ലേലത്തില്‍ ആര്‍സിബി ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ സ്പിന്‍ കൂട്ടുകെട്ടാണ് നിരവധി മത്സരങ്ങളില്‍ കളിയുടെ ഗതി ആര്‍സിബിക്ക് അനുകൂലമാക്കിയത്. ടീമിന്റെ ഈ ബാലന്‍സാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ആര്‍സിബിയെ സംബന്ധിച്ചിടത്തോളം, 18 വര്‍ഷത്തെ ഹൃദയവേദനയില്‍ നിന്നുള്ള മോചനത്തിനായാണ് അവര്‍ കലാശപ്പോരിന് ഇറങ്ങുന്നത്. കോലിക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്. പലപ്പോഴും കൈയെത്തും ദൂരത്തുനിന്ന് അകന്നപോയ ആ ഐപിഎല്‍ ട്രോഫി ഇത്തവണ കോലിക്ക് സ്വന്തമാകുമോ?
Content Highlights: Virat Kohli and RCB chase their elusive IPL title after 18 years