'ഹെറ്റ്മയര്‍ രണ്ട് സിക്‌സറുകളടിച്ചിരുന്നെങ്കിലോ?; സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനിറക്കാത്തതിൽ നിതീഷ് റാണ

ഡല്‍ഹി: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തുന്നത്. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 188 റണ്‍സെടുത്ത് തുല്യനിലയിലായതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം നാലുപന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി മറികടന്നു. മത്സരത്തില്‍ രാജസ്ഥാനായി തിളങ്ങിയ നിതീഷ് റാണ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
മാനേജ്‌മെന്റിന്റെ തീരുമാനമാണിത്. ഒരാളുടെത് മാത്രമല്ല. ക്യാപ്റ്റന്‍ രണ്ട് മുതിര്‍ന്ന താരങ്ങള്‍ക്കും പരിശീലകനുമൊപ്പമാണുണ്ടായിരുന്നത്. ഹെറ്റ്മയര്‍ രണ്ട് സിക്‌സറുകളടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ചോദിക്കില്ലായിരുന്നു. എനിക്ക് മറ്റു മറുപടികളില്ല. ഞങ്ങളെടുത്ത തീരുമാനം പൂര്‍ണമായും ശരിയാണ്. ഹെറ്റ്മയറാണ് ഞങ്ങളുടെ ഫിനിഷര്‍. അതെല്ലാവര്‍ക്കുമറിയാം.- നിതീഷ് റാണ പറഞ്ഞു.
ജൊഫ്ര ആര്‍ച്ചറിന് പകരം സന്ദീപ് ശര്‍മയെ സൂപ്പര്‍ ഓവറില്‍ പന്തെറിയാന്‍ ഏല്‍പ്പിച്ച തീരുമാനത്തെയും റാണ പിന്തുണച്ചു. ഇതൊരിക്കലും ഓരാളുടെ മാത്രം തീരുമാനമല്ല. മാനേജ്‌മെന്റും സപ്പോര്‍ട്ട് സ്റ്റാഫുകളും ചേര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. ഈ തീരുമാനങ്ങള്‍ അനുകൂലമായിരുന്നെങ്കില്‍ നിങ്ങളുടെ ചോദ്യം മറ്റൊന്നാകുമായിരുന്നു. മുമ്പ് എറിഞ്ഞതുപോലെ സന്ദീപ് ശര്‍മ സൂപ്പര്‍ ഓവറില്‍ നന്നായി പന്തെറിഞ്ഞിരുന്നെങ്കിലോ. ഞങ്ങളെ സംബന്ധിച്ച് ഈ സാഹചര്യത്തില്‍ സന്ദീപ് ശര്‍മയാണ് ഉചിതമായ ബൗളറെന്നും നിതീഷ് റാണ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ റാണ 28 പന്തില്‍ നിന്ന് 51 റണ്‍സെടുത്തിരുന്നു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത രാജസ്ഥാനു വേണ്ടി ഹെറ്റ്‌മെയറും റിയാൻ പരാഗുമാണ് ഇറങ്ങിയത്. മിച്ചൽ സ്റ്റാർക്കാണ് പന്തെറിയാനെത്തിയത്. ഒരു നോബോൾ ഫോർ ഉൾപ്പെടെ ആദ്യ നാലുപന്തിൽ രാജസ്ഥാൻ പത്തുറൺ എടുത്തു. എന്നാൽ അടുത്ത രണ്ടു പന്തു കളിൽ റിയാൻ പരാഗും യശസ്വി ജയ് സ്വാളും റൺഔട്ട് ആയതോടെ ഡൽഹിക്ക് ജയിക്കാൻ വേണ്ടത് 12 റൺസ്.
കെ.എൽ. രാഹുൽ, ട്രിസ്റ്റ്യൻ സ്റ്റബ്സ് എന്നിവരാണ് ഡൽഹിക്കുവേണ്ടി ബാറ്റുചെയ്യാനിറങ്ങിയത്. സന്ദീപ് ശർമയാണ് പന്തെറിഞ്ഞത്. ആദ്യപന്തിൽ രാഹുലിന്റെ ഡബിളും രണ്ടാംപന്തിൽ ഫോറും മൂന്നാം പന്തിൽ സിംഗിളുമെടുത്തു. അടുത്ത ബോളിൽ സിക്സ് നേടി സ്റ്റബ്‌സ് ഡൽഹിക്ക് ജയം സമ്മാനിച്ചു.
Content Highlights: Nitish Rana on RR not choosing him for Super Over against Delhi