ബാറ്റിങ് വെടിക്കെട്ടോടെ മക്കല്ലം തിരികൊളുത്തിയ ഐപിഎല്ലിന് 18 വയസ്

2008 ഏപ്രില്‍ 18-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബ്രണ്ടന്‍ മക്കല്ലമെന്ന കിവീസ് വെടിക്കെട്ട് താരം കത്തിക്കയറിയത് ആവേശത്തോടെ കണ്ടിരുന്നവരാണ് നമ്മള്. അന്ന് ക്രിക്കറ്റിന്റെ പുതിയൊരു ചരിത്രത്തിന് തുടക്കമാകുകയായിരുന്നു. ടെസ്റ്റും ഏകദിനവും പിന്നിട്ട് ക്രിക്കറ്റ് ട്വന്റി 20 എന്ന കാപ്സ്യൂളിലേക്ക് ചുരുങ്ങാന്‍ തുടങ്ങുന്ന സമയം. 2007-ലെ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയം വഴിമരുന്നിട്ട ഒരു ക്രിക്കറ്റ് ലീഗ്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ആ ക്രിക്കറ്റ് പൂരത്തിന് തുടക്കമായിട്ട് ഇന്നേക്ക് കൃത്യം 18 വര്‍ഷം തികയുകയാണ്.
ഫുട്ബോള്‍ ലീഗുകള്‍ പോലെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങള്‍ എട്ട് നഗരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എട്ട് ടീമുകളുടെ ഭാഗമായി അണിനിരന്നു. 2008 ഏപ്രില്‍ 18-ന് രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും സൗരവ് ഗാംഗുലി നയിച്ച കൊല്‍ത്തക്ക നൈറ്റ് റൈഡേഴ്സും തമ്മിലായിരുന്നു പ്രഥമ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ഐപിഎല്ലിന് തിരശ്ശീല ഉയര്‍ന്നത്.
മക്കല്ലം വെടിക്കെട്ട്
ഐപിഎല്ലിലെ ആദ്യ മത്സരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്കെത്തുന്നത് ന്യൂസീലന്‍ഡ് താരമായിരുന്ന ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത മക്കല്ലം തുടക്കത്തില്‍ തന്നെ ആര്‍സിബി ബൗളര്‍മാരായ സഹീര്‍ ഖാന്, പ്രവീണ്‍ കുമാര്‍ എന്നിവരെ കടന്നാക്രമിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഗാംഗുലിക്കൊപ്പം 61 റണ്‍സും രണ്ടാം വിക്കറ്റില്‍ റിക്കി പോണ്ടിങ്ങിനെ കൂട്ടുപിടിച്ച് 51 റണ്‍സും മൂന്നാം വിക്കറ്റില്‍ ഡേവിഡ് ഹസിക്കൊപ്പം 60 റണ്‍സും ചേര്‍ത്ത മക്കല്ലത്തിന്റെ ഇന്നിങ്സോടെ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് കൊല്‍ക്കത്ത അടിച്ചെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങിന്റെ പ്രഹരശേഷി മുഴുവന്‍ പുറത്തെടുത്ത മക്കല്ലം 73 പന്തുകളില്‍ നിന്ന് നേടിയത് 158 റണ്‍സ്. 13 സിക്സറുകളും 10 ബൗണ്ടറികളുമാണ് അന്ന് ആ ബാറ്റില്‍ നിന്ന് പിറന്നത്. മക്കല്ലത്തെ പുറത്താക്കാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിച്ചതുമില്ല.
കൊല്‍ക്കത്തയുടെ വമ്പന്‍ സ്കോറിനു മുന്നില്‍ പതറിപ്പോയ ആര്‍സിബിക്ക് വിജയലക്ഷ്യത്തിലേക്ക് ഒരു ശ്രമിച്ച് നോക്കാന്‍ പോലും സാധിച്ചില്ല. 15.1 ഓവറില്‍ വെറും 82 റണ്‍സിന് ആര്‍സിബി ഇന്നിങ്സ് അവസാനിച്ചു. രാഹുല്‍ ദ്രാവിഡ് (2), വസീം ജാഫര്‍ (6), വിരാട് കോലി (1), ജാക്ക് കാലിസ് (8), കാമറൂണ്‍ വൈറ്റ് (6), മാര്‍ക്ക് ബൗച്ചര്‍ (7) എന്നിവരെല്ലാം രണ്ടക്കം പോലും കാണാതെ പുറത്തായ മത്സരത്തില്‍ 18 റണ്‍സെടുത്ത പ്രവീണ്‍ കുമാറായിരുന്നു ആര്‍സിബിയുടെ ടോപ് സ്കോറര്‍. 140 റണ്‍സിന്റെ വമ്പന്‍ വിജയവുമായി കൊല്‍ക്കത്ത അങ്ങനെ ഐപിഎല്ലിന് തുടക്കമിട്ടു
ഐപിഎല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ കളിച്ചവരില്‍ ഇന്നും കളിക്കളത്തില്‍ തുടരുന്നത് വിരാട് കോലിയും ഇഷാന്ത് ശര്‍മയും മാത്രമാണ്.
Content Highlights: Relive the electrifying first IPL match in 2008 where Brendon McCullum`s 158 set the stage for the l