തിരിച്ചടികള്‍ മറികടന്ന് ശ്രേയസിന്റെ തിരിച്ചുവരവ്, ക്ലിക്കായി ഗംഭീറിന്റെ പരിഷ്‌കാരങ്ങള്‍

ക്രിക്കറ്റില്‍ വലിയ വേദികളില്‍ പ്രധാന മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കുക എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ഒരു പക്ഷേ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ മാത്രം നമ്മള്‍ അധികം കണ്ട ഒന്ന്. വലിയ മത്സരങ്ങള്‍ നല്‍കുന്ന സമ്മര്‍ദം മറികടക്കുക എന്നതാണ് ആദ്യ കടമ്പ. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ വേദികളില്‍ സാധിക്കാതെ പോകുന്നതും അതാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഗൗതം ഗംഭീറിന്റെ കാര്യം. എം.എസ് ധോനിയുടെ കീഴില്‍ ഇന്ത്യ നേടിയ രണ്ട് ലോകകപ്പ് ജയങ്ങളിലും ഗംഭീറിന്റെ സംഭാവന പകരംവെയ്ക്കാനാകാത്തതാണ്. അയാളുടെ ആ മനക്കരുത്ത് തന്നെയാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം കിരീടത്തിലേക്കെത്തിച്ചതും. മുഖ്യപരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും സഹപരിശീലകരായ അഭിഷേക് നായരും ഭരത് അരുണും റയാന്‍ ടെന്‍ ഡസ്‌കോട്ടയുമെല്ലാം ഈ കിരീട വിജയത്തില്‍ കൈയടി അര്‍ഹിക്കുന്നുണ്ടെങ്കിലും ഗംഭീറിന്റെ സാന്നിധ്യം ടീമിന് നല്‍കിയ ആത്മവിശ്വാസം ചില്ലറയൊന്നുമല്ല.
കിരീട വിജയത്തിനു ശേഷം ടീം ഉടമ ഷാരൂഖ് ഖാന്‍ ഗംഭീറിന്റെ നെറ്റിയില്‍ നല്‍കിയ ചുംബനത്തിലുണ്ട് അയാള്‍ കെകെആറിന് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണ് പ്ലേ ഓഫ് കാണാതെ പുറത്തായ ടീം ഇത്തവണ നടത്തിയ സ്വപ്‌നതുല്യമായ കുതിപ്പിന് ഷാരൂഖ് മറ്റെന്ത് സമ്മാനമാണ് അദ്ദേഹത്തിന് നല്‍കുക. ഗംഭീര്‍ കൊണ്ടുവന്ന ഓരോ പരിഷാകരങ്ങളും ടീമിന് മുതല്‍ക്കൂട്ടാകുന്നതായിരുന്നു.
ടേബിള്‍ ടോപ്പര്‍മാരായി പ്ലേ ഓഫില്‍ കടന്ന കൊല്‍ക്കത്ത ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് മൂന്ന് മത്സരങ്ങളില്‍ മാത്രമാണെന്നതിലുണ്ട് അവരുടെ കരുത്ത്. പ്ലേ ഓഫിലും അതേ ആധിപത്യം തുടര്‍ന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പുറത്തെടുത്ത മികവാണ് അവരെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. ഇത്തവണ മറ്റേത് ടീമിനേക്കാളും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് കൊല്‍ക്കത്തയാണ്. സീസണില്‍ എതിരാളികളുടെ 110 വിക്കറ്റുകളാണ് അവര്‍ വീഴ്ത്തിയത്. ആറ് തവണ എതിരാളികളെ ഓള്‍ഔട്ടാക്കി. സീസണില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റില്‍ സ്‌കോര്‍ ചെയ്ത ടീമും കൊല്‍ക്കത്ത തന്നെ. അവരുടെ ആറ് ബൗളര്‍മാരാണ് 10 വിക്കറ്റിലേറേ നേടിയത്. നാല് ബാറ്റര്‍മാര്‍ 300 റണ്‍സിന് മുകളിലും സ്‌കോര്‍ ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആധികാരികമായ മുന്നേറ്റങ്ങളിലൊന്നായിരുന്നു ഇത്തവണ കൊല്‍ക്കത്തയുടേത്.
കൊല്‍ക്കത്തയുടെ കിരീട വിജയത്തിന്റെ ക്രെഡിറ്റിന്റെ സിംഹഭാഗവും അവകാശപ്പെട്ടത് ഗംഭീറിനാണ്. ടീമിന്റെ ഉപദേശകനെന്ന നിലയില്‍ കഴിഞ്ഞ താരലേലത്തിലടക്കം അദ്ദേഹമെടുത്ത തീരുമാനങ്ങളാണ് ടീമെന്ന നിലയില്‍ കൊല്‍ക്കത്തയുടെ കരുത്ത് വര്‍ധിപ്പിച്ചത്. 2014-ല്‍ ക്യാപ്റ്റനായി കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടം സമ്മാനിച്ച ഗംഭീര്‍ ഇത്തവണ ഉപദേശകനെന്ന നിലയിലും ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മാന്‍ മാനേജ്‌മെന്റ് തന്നെയാണ് ഗംഭീറിനെ വ്യത്യസ്തനാക്കുന്നത്. സുനില്‍ നരെയനും ആന്ദ്രേ റസ്സലും ടീമിനൊപ്പം വര്‍ഷങ്ങളായുണ്ട്. എന്നാല്‍ അവരെ ടീമിന്റെ ആവശ്യത്തിനനുസരിച്ച് കൃത്യമായി ഉപയോഗിക്കുന്നതില്‍ ഗംഭീര്‍ കാണിച്ച മിടുക്ക് ഓരോ മത്സരങ്ങളിലും വ്യക്തമായിരുന്നു. നരെയ്ന്‍ നേരത്തേ തന്നെ ഓപ്പണറായി കളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ സെഞ്ചുറി പിറന്നത് പക്ഷേ ഇത്തവണയാണ്. മധ്യ ഓവറുകളിലെ റണ്ണൊഴുത്ത് പിടിച്ചുനിര്‍ത്തുന്നതിനും വിക്കറ്റുകള്‍ വീഴ്ത്തുന്നതിനുമായി റസ്സലിനെ കൃത്യമായ ഉപയോഗിച്ച തന്ത്രവും ഫലം കണ്ടു. ഓവറില്‍ രണ്ട് ഷോര്‍ട്ട് ബോളുകളെന്ന നിയമത്തിന്റെ ആനുകൂല്യം കൂടി മുതലെടുക്കുന്നതായിരുന്നു റസ്സലിന്റെ ബൗളിങ്. ലേലത്തില്‍ 24.75 കോടിക്ക് ടീമിലെത്തിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് സീസണിന്റെ തുടക്കത്തില്‍ മോശം ഫോമിലായതില്‍ ഏറെ പഴികേട്ടതും ഗംഭീറായിരുന്നു. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ തന്റെ മികവ് എന്തെന്നത് പ്ലേ ഓഫിലും ഫൈനലിലും സ്റ്റാര്‍ക്ക് ലോകത്തിന് കാട്ടിക്കൊടുത്തു. ടീമിന് മികച്ച തുടക്കം നല്‍കിയിരുന്ന ഫില്‍ സാള്‍ട്ട് പ്ലേ ഓഫിനു മുമ്പ് ഇംഗ്ലണ്ടിന്റെ ടി20 ലോകപ്പ് ക്യാമ്പിലേക്ക് മടങ്ങിയത് കൊല്‍ക്കത്തയ്ത്ത് തിരിച്ചടിയാകാതിരുന്നതും റഹ്‌മാനുള്ള ഗുര്‍ബാസിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ച ഗംഭീറിന്റെ നീക്കമായിരുന്നു.
സമീപകാലത്ത് മാനസികമായും ശാരീരികമായും നേരിട്ട തിരിച്ചടികള്‍ കിരീട വിജയത്തിലൂടെ ശ്രേയസ് അയ്യര്‍ക്ക് മറികടക്കാനായി എന്നതാണ് മറ്റൊരു കാര്യം. സമീപകാലത്ത് ലോക ക്രിക്കറ്റില്‍ പ്രധാന കിരീടങ്ങളെല്ലാം നേടിയ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രങ്ങളെ മറികടക്കാനായി എന്നതും ശ്രേയസിന്റെ കരുത്താണ്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസിന് കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത് ഒരു വര്‍ഷത്തോളമായിരുന്നു. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലെ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് പക്ഷേ ഇത്തവണത്തെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനം മാത്രമല്ല ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പോലും നഷ്ടമായിരുന്നു. പരിക്ക് മാറി തിരിച്ചെത്തുന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കണമെന്ന ബോര്‍ഡിന്റെ നിലപാട് അനുസരിക്കാതിരുന്നതിനായിരുന്നു നടപടി. ഇഷാന്‍ കിഷനെതിരേയും സമാന നടപടിയുണ്ടായി. ഈ ഐപിഎല്‍ സീസണിലുടനീളം ശ്രേയസ് യാതൊരു സമ്മര്‍ദവും അനുഭവിക്കുന്നതായി തോന്നിയിരുന്നില്ല. 15 കളികളില്‍ നിന്ന് 351 റണ്‍സ് നേടി ബാറ്റിങ്ങിലും ടീമിന് മോശമല്ലാത്ത സംഭാവന നല്‍കി. സമീപകാലത്ത് നേരിട്ട തിരിച്ചടികളൊന്നും തന്നെ ബാധിക്കാതിരിക്കാനും ശ്രേയസ് ശ്രദ്ധിച്ചു.
നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയേയും ഇടവേളകള്‍ക്കിടെ നന്നായി ഉപയോഗിക്കാന്‍ സാധിച്ചതിന് ശ്രേയസിലെ ക്യാപ്റ്റന് കൈയടിക്കാതിരിക്കാന്‍ വയ്യ. സ്റ്റാര്‍ക്ക് മോശം ഫോമിലായിരുന്നപ്പോഴും വൈഭവ് അറോറ, ഹര്‍ഷിത് റാണ തുടങ്ങിയ ആഭ്യന്ത താരങ്ങളെ ഉപയോഗിച്ച് ആ വിടവ് മറികടക്കാനും ശ്രേയസിനായി. ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിച്ച ഏക ക്യാപ്റ്റനാണ് ശ്രേയസ്. 2020-ല്‍ ഡല്‍ഹിയേയും ഇത്തവണ കൊല്‍ക്കത്തയേയും.
മുഖ്യപരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ രീതികളെക്കുറിച്ച് തുടക്കത്തില്‍ ആശങ്കകളുണ്ടായിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഈ സ്റ്റാര്‍ പരിശീലകന്‍ കൊല്‍ക്കത്തയില്‍ കാര്യങ്ങള്‍ പ്രൊഫഷണായി കൈകാര്യം ചെയ്തു. ഗംഭീറുമൊത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് കഴിഞ്ഞ സീസണില്‍ ടീം നേരിട്ട കുറവുകള്‍ പരിഹരിക്കുന്നതായിരുന്നു. മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ആറ് രഞ്ജി ട്രോഫി കിരീടങ്ങള്‍ നേടിയ ആ സ്റ്റാര്‍ കോച്ച് ഇപ്പോള്‍ ഒരു ഐപിഎല്‍ കിരീടവും സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിരിക്കുന്നു.
ഇന്ത്യന്‍ താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനായി എന്നതുതന്നെയാണ് കൊല്‍ക്കത്തയുടെ കിരീട വിജയത്തിനു പിന്നിലെ രഹസ്യം. രമണ്‍ദീപ് സിങ്ങിലെ ഫിനിഷറെ കണ്ടെത്തിയ കൊല്‍ക്കത്ത അയാളെ റിങ്കു സിങ്ങിനേക്കാള്‍ സംഭാവന നല്‍കുന്ന താരമാക്കി ഇത്തവണ വളര്‍ത്തിയെടുത്തു. ഹര്‍ഷിത് റാണയും വൈഭവ് അറോറയും ടീമിനായി മികച്ച സംഭാവനകള്‍ നല്‍കി. ആഭ്യന്തര താരങ്ങളുടെ പൂര്‍ണ മികവ് പുറത്തെടുത്തതില്‍ കൊല്‍ക്കത്ത നന്ദിപറയേണ്ടത് സഹപരിശീലകന്‍ അഭിഷേക് നായരോടാണ്. കളിക്കാരുമായി അടുത്ത പ്രവര്‍ത്തിച്ച അഭിഷേകാണ് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതിനു പിന്നില്‍. ഏത് ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന്റെ കരുത്ത് ഒരുപോലെ വര്‍ധിപ്പിച്ചു.