അഭിനന്ദനങ്ങളുമായി അന്ന് ഹൃദയം തകര്‍ത്ത റിങ്കുവും; ഹീറോയായി യാഷ് ദയാല്‍

ബെംഗളൂരു: നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയെ 27-റണ്‍സിന് തകര്‍ത്താണ് ബെംഗളൂരു ഐപിഎല്‍ പ്ലേഓഫിലേക്ക് ടിക്കറ്റെടുത്തത്. അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ബെംഗളൂരു പേസര്‍ യാഷ് ദയാലിന്റെ അവസാന ഓവറാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ഓവറില്‍ 17-റണ്‍സെടുത്താല്‍ ചെന്നൈയ്ക്ക് പ്ലേഓഫിലേക്ക് കയറാമായിരുന്നു. എന്നാല്‍, നന്നായി പന്തെറിഞ്ഞ താരം ഏഴ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. പ്ലേ ഓഫ് പ്രവേശനത്തിന് പുറമേ യാഷ് ദയാലിന് ഒരു തിരിച്ചുവരവ് കൂടിയാണിത്. ഒരു വര്‍ഷം മുമ്പ് അഞ്ച് സിക്‌സര്‍ വഴങ്ങി തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന ദയാല്‍ ഇക്കുറി ടീമിന്റെ ഹീറോയാകുന്ന കാഴ്ച.
19-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184-എന്ന നിലയിലായിരുന്നു ചെന്നൈ. 17-റണ്‍സ് കൂടി നേടിയാല്‍ ചെന്നൈയ്ക്ക് പ്ലേഓഫിലേക്ക് കടക്കാമെന്ന സ്ഥിതി. ബെംഗളൂരുവിനായി യാഷ് ദയാലാണ് അവസാന ഓവര്‍ എറിയാനെത്തിയത്. എറിഞ്ഞ ആദ്യ പന്തുതന്നെ അതിര്‍ത്തികടത്തി ധോനി ടീമിന് പ്രതീക്ഷ നല്‍കി. അഞ്ച് പന്തില്‍നിന്ന് 11-റണ്‍സെന്ന ലക്ഷ്യം. എന്നാല്‍, അടുത്ത പന്തില്‍ കളി മാറി. യാഷിന്റെ തകര്‍പ്പനൊരു സ്ലോവറില്‍ സ്വപ്‌നില്‍ സിങ്ങിന്റെ കൈകളില്‍ ധോനിയുടെ ഇന്നിങ്‌സ് അവസാനിച്ചു. പിന്നാലെ ഇറങ്ങിയ ശാര്‍ദുല്‍ താക്കൂറിനും ജഡേജയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അടുത്ത നാല് പന്തുകളില്‍നിന്ന് വെറും ഒരു റണ്‍ മാത്രമാണ് ചെന്നൈ നേടിയത്. ബെംഗളൂരു പ്ലേ ഓഫിലേക്ക്.
പ്ലേ ഓഫിലേക്ക് കടന്ന സന്തോഷത്തില്‍ മതിമറക്കുന്നതിനിടയില്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരേയുള്ള മത്സരവും ഒരുപക്ഷേ യാഷ് ഓര്‍ത്തിരിക്കണം. അന്നും അവസാന ഓവര്‍ എറിയാനെത്തിയത് യാഷായിരുന്നു. പക്ഷേ, ഗുജറാത്തിന്റെ താരമായിട്ടാണെന്ന് മാത്രം. അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് 29-റണ്‍സായിരുന്നു. ആദ്യ പന്ത് ഉമേഷ് യാദവ് സിംഗിളെടുത്തു. ലക്ഷ്യം 28-ആയി. ബാക്കി അഞ്ച് പന്തുകളും സിക്‌സറടിച്ച് റിങ്കു മായാജാലും തീര്‍ക്കുമ്പോള്‍ തോല്‍വിയുടെ പാപഭാരം പേറിക്കൊണ്ട് യാഷ് ദയാല്‍ നിരാശയോടെ തിരിഞ്ഞുനടക്കുന്നുണ്ടായിരുന്നു. അതേ താരം ഇന്ന് ടീമിന്റെ ഹീറോയായി തലയുയര്‍ത്തി നില്‍ക്കുന്നു.
അന്ന് അഞ്ച് തവണ അതിര്‍ത്തികടത്തി യാഷിന്റെ ഹൃദയം തകര്‍ത്ത റിങ്കു ഇക്കുറി യാഷിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിങ്കു യാഷിനെ അഭിനന്ദിച്ചത്. എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നാണ് റിങ്കു കുറിച്ചത്. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം യാഷിന് സമര്‍പ്പിക്കുന്നുവെന്ന് ബെംഗളൂരു നായകന്‍ ഡുപ്ലെസിസ് പറഞ്ഞു.
Content Highlights: rinku singh appreciates yash dayal performance ipl