പഞ്ചാബിനെ കീഴടക്കി ഹൈദരാബാദ്; പട്ടികയിൽ രണ്ടാമത്, രാജസ്ഥാന്റെ മത്സരഫലത്തിനായി കാത്തിരിപ്പ്

ഹൈദരാബാദ്: പഞ്ചാബിനെ അനായാസം കീഴടക്കി ഹൈദരാബാദ് ഐപിഎല്‍ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം. പഞ്ചാബ് ഉയര്‍ത്തിയ 215-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. പട്ടികയിലെ രണ്ടാം സ്ഥാനം രാജസ്ഥാന്‍-കൊല്‍ക്കത്ത മത്സരഫലം കൂടി ആശ്രയിച്ചിരിക്കും. രാജസ്ഥാന്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ രണ്ടാമതെത്തും. 14-മത്സരങ്ങളില്‍ നിന്ന് 17-പോയന്റാണ് ഹൈദരാബാദിനുള്ളത്. 13-മത്സരങ്ങളില്‍ നിന്ന് 16-പോയന്റാണ് രാജസ്ഥാന്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള കൊല്‍ക്കത്ത ഇതിനോടകം ഒന്നാംസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്തെത്തുന്ന ടീം ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും.
പഞ്ചാബ് ഉയര്‍ത്തിയ 215-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ നഷ്ടമായി. എന്നാല്‍ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപതിയും തകര്‍ത്തടിച്ച് കളിച്ചതോടെ ടീം നാലോവറില്‍ 50-ലെത്തി. 33-റണ്‍സെടുത്ത ത്രിപതിയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയെങ്കിലും ഹൈദരാബാദ് കുലുങ്ങിയില്ല. പിന്നീടിറങ്ങിയ നിതീഷ് റെഡ്ഡിയുമായി ചേര്‍ന്ന് അഭിഷേക് സ്‌കോറുയര്‍ത്തി. സ്‌കോര്‍ 129-ല്‍ നില്‍ക്കേ അഭിഷേക് ശര്‍മയും പുറത്തായി. 28-പന്തില്‍ നിന്ന് 66-റണ്‍സെടുത്താണ് താരം മടങ്ങിയത്. നിതീഷ് റെഡ്ഡി 37-റണ്‍സെടുത്തു.
പിന്നീട് ഹെന്റിച്ച് ക്ലാസന്റെ ഊഴമായിരുന്നു. പതിവ് വെടിക്കെട്ട് പുറത്തെടുത്ത ക്ലാസന്‍ ടീമിനെ ലക്ഷ്യത്തിനടുത്തെത്തിച്ചു. 26-പന്തില്‍ നിന്ന് 42-റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒടുക്കം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് വിജയതീരത്തെത്തി. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ഓപ്പണര്‍മാര്‍ അഥര്‍വ ടൈഡേയും പ്രഭ്‌സിമ്രാന്‍ സിങ്ങും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ ആറോവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 61-ലെത്തിച്ചു. 97-ല്‍ നില്‍ക്കേയാണ് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അഥര്‍വ ടൈഡേയെ (46) നടരാജന്‍ പുറത്താക്കി. പിന്നീടിറങ്ങിയ റൈലി റൂസ്സോയും തകര്‍ത്തടിച്ചതോടെ ടീം സ്‌കോര്‍ 150-കടന്നു. പ്രഭ്‌സിമ്രാന്‍ 45-പന്തില്‍ നിന്ന് 71 റണ്‍സെടുത്തപ്പോള്‍ റൂസ്സോ 24-പന്തില്‍ നിന്ന് 49-റണ്‍സെടുത്തു. രണ്ട് റണ്‍സെടുത്ത ശശാങ്ക് സിങ് റണ്ണൗട്ടായി. അവസാനം ജിതേഷ് ശര്‍മയും(32)വെടിക്കെട്ട് നടത്തിയതോടെ ഇന്നിങ്‌സ് 214-ല്‍ അവസാനിച്ചു. ഹൈദരാബാദിനായി നടരാജന്‍ രണ്ട് വിക്കറ്റെടുത്തു.
Content Highlights: Punjab Kings-Sunrisers Hyderabad-ipl