മായങ്ക് യാദവ് ഗ്രൗണ്ട് വിട്ടത് പരിക്ക് കാരണമോ? പ്രതികരിച്ച് സഹതാരം ക്രുണാല്‍ പാണ്ഡ്യ

ന്യൂഡല്‍ഹി: ഞായറാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ ലഖ്‌നൗ താരം മായങ്ക് യാദവ് കളം വിട്ട് പോയിരുന്നു. ഒരോവര്‍ മാത്രമാണ് മായങ്കിന് എറിയാനായത്. ആ ഓവറിനിടെത്തന്നെ ശരീരത്തില്‍ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ടീം ഫിസിയോക്കൊപ്പം ഗ്രൗണ്ട് വിടുകയുമായിരുന്നു.
ഐ.പി.എലില്‍ മണിക്കൂറില്‍ 156.7 കിലോമീറ്റര്‍ വേഗത്തില്‍ വരെ പന്തെറിഞ്ഞ താരത്തിന് ഞായറാഴ്ച നടന്ന മത്സരത്തില്‍ രണ്ട് തവണ മാത്രമാണ് 140-ല്‍പ്പരം വേഗത്തില്‍ എറിയാനായത്. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ ലഖ്‌നൗ ടീമിലെ സഹതാരവും ഓള്‍ റൗണ്ടറുമായ ക്രുണാല്‍ പാണ്ഡ്യ. താരത്തെ ബന്ധപ്പെട്ടിരുന്നെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്രുണാല്‍ പറഞ്ഞു.
ഐ.പി.എലില്‍ ഇരുപത്തൊന്നുകാരനായ മായങ്ക് യാദവ് ഈ സീസണിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും മൂന്ന് വീതം വിക്കറ്റുകള്‍ നേടി മായങ്ക് തന്റെ വരവറിയിച്ചു. കൂടാതെ സീസണില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതും മായങ്ക് തന്നെ. 156.7 കിലോമീറ്റര്‍ / മണിക്കൂര്‍ വേഗത്തിലാണ് മായങ്ക് പന്തെറിഞ്ഞത്.
Content Highlights: mayank yadav injury krunal pandya says