ഇത് ജോഷ് സ്‌റ്റൈല്‍; അവസാന 18-പന്തും നേരിട്ടത് ബട്‌ലര്‍, ആവേശ് ഖാന്‍ നോട്ടൗട്ട് 0(0)

കൊല്‍ക്കത്ത; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസുകളിലൊന്നിനാണ് ചൊവ്വാഴ്ച ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 224-റണ്‍സ് വിജയലക്ഷ്യം അവസാനപന്തിലാണ് രാജസ്ഥാന്‍ റോയല്‍സ് മറികടക്കുന്നത്. അപരാജിത സെഞ്ച്വറി പ്രകടനവുമായി ജോഷ് ബട്‌ലറാണ് ടീമിന്റെ നെടുംതൂണായത്. ഐപിഎല്‍ സീസണിലെ രണ്ടാം സെഞ്ചുറി കുറിച്ച താരം ഈഡന്‍ ഗാര്‍ഡന്‍സില്‍ നിറഞ്ഞാടി.
അവസാന ഓവറുകളിലെ ബട്‌ലറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്. തന്ത്രപരമായി കൂടിയാണ് ബട്‌ലര്‍ കളിച്ചത്. 18-ാം ഓവറിന്റെ മൂന്നാം പന്തില്‍ ബോള്‍ട്ട് റണ്ണൗട്ടാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186-റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ പിന്നീടിറങ്ങിയ ആവേശ് ഖാന്‍ മത്സരം അവസാനിക്കുന്നതുവരെ ഒരു പന്തും നേരിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതാണ് ബട്‌ലറിന്റെ ഇന്നിങ്‌സിനെ വേറിട്ടുനിര്‍ത്തുന്നത്.
18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഫോറടിച്ച ബട്‌ലര്‍ അവസാന പന്തില്‍ സിംഗിളെടുത്തു. അതിനിടയില്‍ വൈഡ് ബോള്‍ ബൗണ്ടറി കടന്നത് രാജസ്ഥാന് അനുകൂലമായി. രണ്ട് ഓവറില്‍ 28-റണ്‍സാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. ഹര്‍ഷിത് റാണ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് തന്നെ ബട്‌ലര്‍ അതിര്‍ത്തി കടത്തി. മൂന്നാം പന്ത് ഫോറടിച്ചപ്പോള്‍ നാലാം പന്ത് വീണ്ടും സിക്‌സടിച്ചു. അവസാന പന്ത് സിംഗിളെടുത്ത താരം ആ ഓവറില്‍ 19-റണ്‍സാണ് അടിച്ചെടുത്തത്.
അവസാന ഓവറില്‍ ഒമ്പത് റണ്‍സായി രാജസ്ഥാന്റെ ലക്ഷ്യം ചുരുങ്ങി. ഓവറിലെ ആദ്യ പന്ത് സിക്‌സടിച്ച ബട്‌ലര്‍ ടീമിനെ ജയത്തിനടുത്തെത്തിച്ചു. താരം സെഞ്ചുറിയും തികച്ചു. പിന്നീട് വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ മൂന്ന് പന്തുകളും ഡോട്ട് ബോളുകളായിരുന്നു. സിംഗിളെടുക്കാന്‍ സാധിക്കുമായിരുന്നിട്ടും ബട്‌ലര്‍ അതിന് മുതിര്‍ന്നില്ല. നാലാം പന്തില്‍ രണ്ട് റണ്‍സെടുത്തതോടെ സ്‌കോര്‍ തുല്യമായി. അവസാന പന്തില്‍ സിംഗിളെടുത്ത് ബട്‌ലര്‍ ടീമിനെ വിജയത്തിലെത്തിച്ചു. അവസാന 18-പന്തുകളില്‍ നിന്നായി ബട്‌ലര്‍ 40-റണ്‍സാണ് അടിച്ചെടുത്തത്. തന്ത്രപരമായി സ്‌ട്രൈക്ക് വിട്ടുകൊടുക്കാതെ കളിച്ച ബട്‌ലറിന്റെ ഇന്നിങ്‌സ് ഏവരുടേയും കയ്യടി നേടി.
Content Highlights: Josh butler innings against kkr ipl century