ഡല്‍ഹിയെ ഋഷഭിനുപകരം അക്ഷര്‍ പട്ടേല്‍ നയിക്കും - കോച്ച് റിക്കി പോണ്ടിങ്

Photo: AP
Photo: AP

ന്യൂഡല്‍ഹി: ഋഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അടുത്ത ഒരു മത്സരം അക്ഷര്‍ പട്ടേല്‍ നയിക്കുമെന്ന് പരിശീലകന്‍ റിക്കി പോണ്ടിങ്. ഞായറാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ നടക്കുന്ന മത്സരത്തിലാണ് അക്ഷര്‍ നായകനാവുക. കുറഞ്ഞ ഓവര്‍ നിരക്ക് വിഷയം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പന്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.  പിന്നാലെയാണ് പുതിയ തീരുമാനം.

സീസണില്‍ മൂന്നാംതവണയാണ് പന്ത് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പ്രതിക്കൂട്ടിലായത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ അവസാനം നടന്ന മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്ക് പ്രശ്നമുണ്ടായിരുന്നു. ഇതോടെ ഐ.പി.എല്‍. പെരുമാറ്റച്ചട്ടപ്രകാരം ഒരു മത്സരത്തില്‍ വിലക്ക് വീണു.

നിലവില്‍ ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനാണ് അക്ഷര്‍. അക്ഷര്‍ വളരെ അനുഭവപരിചയമുള്ളവനും വിവേകവും കളിയെ നന്നായി മനസ്സിലാക്കുകയും ചെയ്യുന്ന കളിക്കാരനുമാണെന്ന് പോണ്ടിങ് പറഞ്ഞു. ഐ.പി.എല്ലിലും അന്താരാഷ്ട്ര രംഗത്തും നല്ല പരിചയമുണ്ടെന്നും പോണ്ടിങ് വ്യക്തമാക്കി. പ്ലേഓഫ് ലക്ഷ്യമിടുന്ന ഡല്‍ഹിക്കും ബെംഗളൂരുവിനും ഞായറാഴ്ചത്തെ മത്സരം ഒരുപോലെ പ്രധാനമാണ്.

Content Highlights: ipl 2024 axar Patel to lead dc rcb clash in rishabh pants absence