ഒരോവറില്‍ 32 റണ്‍സ് വഴങ്ങി നോര്‍ജ്യെ, അടിച്ചെടുത്തത് ഷെപ്പേര്‍ഡ്; സീസണ്‍ റെക്കോഡ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയ ബൗളറായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആന്റിച്ച് നോര്‍ജ്യെ. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ നോര്‍ജ്യെ, 32 റണ്‍സാണ് വഴങ്ങിയത്. ഇതുമുഴുവന്‍ അടിച്ചെടുത്തതാവട്ടെ, മുംബൈയുടെ വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡ്.
20-ാം ഓവര്‍ എറിയാനെത്തിയപ്പോള്‍ ഷെപ്പേര്‍ഡാണ് ക്രീസിലുണ്ടായിരുന്നത്. നോര്‍ജ്യെയുടെ ആദ്യ പന്ത് ഫോര്‍. പിന്നീടുള്ള മൂന്ന് പന്തുകളും സിക്‌സ്. തുടര്‍ന്ന് ഓരോന്ന് വീതം ഫോറും സിക്‌സും. ഇതോടെ ഓവറിലാകെ വഴങ്ങിയത് 32 റണ്‍സ്. മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ് 65 റണ്‍സാണ് വഴങ്ങിയതെങ്കിലും രണ്ട് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിനെയും ഹാര്‍ദിക് പാണ്ഡ്യയെയുമാണ് പുറത്താക്കിയത്.
മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് മുംബൈ നേടിയത്. തുടക്കത്തില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഒടുക്കത്തില്‍ ടിം ഡേവിഡും റൊമാരിയോ ഷെപ്പേര്‍ഡും കത്തിക്കയറിയതോടെയാണ് മുംബൈക്ക് വലിയ സ്‌കോര്‍ ലഭിച്ചത്. പത്ത് പന്തുകളില്‍നിന്ന് 39 റണ്‍സാണ് ഷെപ്പേര്‍ഡ് നേടിയത്.
Content Highlights: ipl 2024 anrich nortje 32 runs leaked one over romario shepherd batter