ധോനി രണ്ടുവര്‍ഷംകൂടി ഐ.പി.എലില്‍ തുടരുമെന്നാണ് പ്രതീക്ഷ, തീരുമാനം ധോനിയുടേത്- മൈക്കിള്‍ ഹസ്സി

ചെന്നൈ: ധോനി രണ്ടുവര്‍ഷംകൂടി ഐ.പി.എലില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നതായി ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് പരിശീലകന് മൈക്കിള്‍ ഹസ്സി. അതിനായി നാം കാത്തിരിക്കണം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പറയേണ്ടത് ധോനിയാണെന്നും ഹസ്സി പറഞ്ഞു. ധോനി അടുത്ത വര്‍ഷം തിരിച്ചുവരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ധോനി തുടരുമെന്നാണ് പ്രതീക്ഷ. അദ്ദേഹം ഇപ്പോഴും നന്നായി ബാറ്റുചെയ്യുന്നു. നന്നായി തയ്യാറെടുക്കുകയും ചെയ്യുന്നു. ക്യാമ്പില്‍ വളരെ നേരത്തെയെത്തി നിരവധി ബോളുകള്‍ നേരിട്ട് പരിശീലിക്കുന്നു. അടുത്ത രണ്ടുവര്‍ഷംകൂടി ധോനി ഐ.പി.എലില്‍ തുടരുമെന്നാണ് പ്രതീക്ഷ. പക്ഷേ, അതിനായി നാം കാത്തിരിക്കേണ്ടിവരും. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധോനിയാണ്. നാടകീയത നിലനിര്‍ത്താന്‍ ധോനി ഇഷ്ടപ്പെടുന്നുണ്ട്. അതിനാല്‍ പെട്ടെന്നൊരു തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല'-ഹസ്സി പറഞ്ഞു.
2020-ലാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. അതിനുശേഷം ഐ.പി.എലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടി കളിച്ചുവരുന്നു. കഴിഞ്ഞ സീസണ് വരെ ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന ധോനി, ഇത്തവണ ഋതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റന്‍സി കൈമാറി. സീസണ് അവസാനിക്കുന്നതോടെ ധോനിയുടെ ഭാവിയെന്തെന്നതിലുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
Content Highlights: dhoni should continue two more years in ipl says michael hussey