സഞ്ജുവിന് ഹസരംഗ അലര്‍ജി; അഞ്ച് ഇന്നിങ്‌സുകള്‍ക്കിടെ പുറത്തായത് നാലു തവണ

മുംബൈ: പന്തെറിയുന്നത് ആരെന്ന് നോക്കാതെ ബാറ്റിങ് വെടിക്കെട്ട് നടത്തുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ക്ലീന്‍ ഹിറ്റിങ്ങാണ് പലപ്പോഴും സഞ്ജുവിന്റെ ഹൈലൈറ്റ്. ഐപിഎല്ലില്‍ മിക്ക ബൗളര്‍മാരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞവരാണ്.
എന്നാല്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയുടെ കാര്യം അങ്ങനെയല്ല. ഹസരംഗയുടെ പന്തുകള്‍ കളിക്കാന്‍ സഞ്ജു ബുദ്ധിമുട്ടുന്നത് മുന്‍പ് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും സഞ്ജുവിനെ പുറത്താക്കി ഹസരംഗ ഇക്കാര്യം ശരിയാണെന്ന് തെളിയിച്ചു.
ഐപിഎല്ലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന അഞ്ച് ഇന്നിങ്‌സുകളില്‍ നാലു തവണയും സഞ്ജു പുറത്തായത് ഹസരംഗയുടെ പന്തിലായിരുന്നു.
2020 സീസണില്‍ ഹസരംഗയുടെ ഒരു പന്ത് മാത്രമാണ് സഞ്ജു നേരിട്ടത്. ആ പന്തില്‍ തന്നെ താരം പുറത്തായി. 2021 സീസണില്‍ ഹസരംഗയുടെ 10 പന്തുകളാണ് സഞ്ജു നേരിട്ടത്. രണ്ടു തവണ പുറത്താകുകയും ചെയ്തു. ശേഷിച്ച എട്ടു പന്തുകളും ഡോട്ട് ബോളുകളുമായിരുന്നു. ഇത്തവണ ഹസരംഗയുടെ നാലു പന്തുകളാണ് സഞ്ജു നേരിട്ടത്. ഇത്തവണ പക്ഷേ ഹസരംഗയെ ഒരു തവണ സിക്‌സറിന് പറത്താന്‍ സഞ്ജുവിനായി. പിന്നാലെ പുറത്താകുകയും ചെയ്തു. എട്ടു പന്തില്‍ നിന്ന് എട്ടു റണ്‍സെടുത്താണ് ചൊവ്വാഴ്ച സഞ്ജു പുറത്തായത്.