ജയിച്ചാല്‍ ക്വാളിഫയറില്‍, തോറ്റാല്‍ പുറത്ത്; എലിമിനേറ്ററില്‍ ഇന്ന് ബാംഗ്ലൂര്‍-ലഖ്‌നൗ പോരാട്ടം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മത്സരിക്കും. വൈകീട്ട് 7.30 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇതില്‍ തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം വെള്ളിയാഴ്ചത്തെ ക്വാളിഫയര്‍ കളിക്കും. അതിലും ജയിച്ചാല്‍ ഫൈനലില്‍.
ആദ്യ സീസണ്‍ മുതല്‍ ഐ.പി.എല്‍. കളിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇതുവരെ കിരീടം നേടിയിട്ടില്ല. കഴിഞ്ഞ രണ്ടുസീസണിലും എലിമിനേറ്ററില്‍ മടങ്ങുകയായിരുന്നു. ഒരിക്കല്‍ക്കൂടി അങ്ങനെ മടങ്ങുന്നത് ടീമിന് സങ്കല്‍പ്പിക്കാനാവില്ല. ബാറ്റര്‍മാരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ഫാഫ് ഡുപ്ലെസ്സിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ദിനേശ് കാര്‍ത്തിക്കുമെല്ലാം തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. നായകന്‍ വിരാട് കോലി അവസാന മത്സരത്തില്‍ 73 റണ്‍സെടുത്ത് ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് ആശ്വാസം പകരുന്നു.
ബൗളിങ്ങില്‍ ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും മികച്ച ഫോമിലാണ്. മധ്യനിരയില്‍ കാര്‍ത്തിക്ക് മാത്രമാണ് തിളങ്ങുന്നത് എന്നത് പോരായ്മയാണ്. ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. രജത് പട്ടിദാര്‍, മഹിപാല്‍ ലോംറോര്‍ എന്നീ താരങ്ങളുടെ ഫോമിലും ടീമിന് ആശങ്കയുണ്ട്. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ എട്ടില്‍ ജയിച്ച് നാലാംസ്ഥാനക്കാരായാണ് ഡുപ്ലെസി നയിക്കുന്ന ടീം പ്ലേ ഓഫില്‍ എത്തിയത്.
മറുവശത്ത് ആദ്യ ഐ.പി.എല്ലിന് ഇറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്രാഥമികഘട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മൂന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫില്‍ എത്തിയത്. കെ.എല്‍. രാഹുല്‍ നയിക്കുന്ന ടീം 14 കളിയില്‍ ഒമ്പതുജയം നേടി. ബാറ്റര്‍മാരുടെ കരുത്താണ് ടീമിന്റെ വിജയഫോര്‍മുല. ഓപ്പണര്‍മാരായ രാഹുലും ക്വിന്റണ്‍ ഡികോക്കും മികച്ച ഫോമിലാണ്. ഇരുവരും ഇന്ന് ഫോം കണ്ടെത്തിയാല്‍ ബാംഗ്ലൂര്‍ പ്രതിസന്ധിയിലാകും. എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി എന്നിവരാണ് മറ്റ് പ്രധാന ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും ജേസണ്‍ ഹോള്‍ഡറും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്.
ജേസണ്‍ ഹോള്‍ഡര്‍, ആവേശ് ഖാന്‍, രവി ബിഷ്‌ണോയി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരടങ്ങുന്ന ബൗളിങ് വിഭാഗം ലഖ്‌നൗവിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. പ്രാഥമിക ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 18 റണ്‍സിന് ലഖ്‌നൗവിനെ പരാജയപ്പെടുത്തിയിരുന്നു.
Content Highlights: ipl 2022, rcb vs lsg, royal challengers banglore, lucknow super giants, ipl eliminator, cricket