ലസിത് മലിംഗ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് പരിശീലകനാകും

Photo: AFP
Photo: AFP

ജയ്പുര്‍: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രീലങ്കയുടെ ഇതിഹാസ പേസ്ബൗളര്‍ ലസിത് മലിംഗയെത്തുന്നു. ഇത്തവണ പരിശീലകന്റെ റോളിലാണ് മലിംഗ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകുക. രാജസ്ഥാന്‍ റോയല്‍സിന്റെ ഫാസ്റ്റ് ബൗളിങ് പരിശീലകനായാണ് മലിംഗയെത്തുന്നത്. 

2014-ല്‍ ശ്രീലങ്കയ്ക്ക് ട്വന്റി 20 കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലിംഗ ഐ.പി.എല്ലില്‍ ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. 17 വര്‍ഷത്തോളം ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്ന മലിംഗ ഈയിടെയാണ് വിരമിച്ചത്. 

ശ്രീലങ്കയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലുമായി 340 മത്സരങ്ങള്‍ കളിച്ച മലിംഗ 546 വിക്കറ്റുകള്‍ വീഴ്ത്തി. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി മാത്രം ജഴ്‌സിയണിഞ്ഞ മലിംഗ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഈയിടെ അവസാനിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മലിംഗയാണ് ശ്രീലങ്കന്‍ ബൗളിങ് നിരയെ പരിശീലിപ്പിച്ചത്. 

Content Highlights: Rajasthan Royals rope in Lasith Malinga as fast bowling coach