അരങ്ങേറ്റത്തില്‍ കാലിടറിയില്ല; ബദോനിയെ 'ബേബി ഡിവില്ലിയേഴ്‌സ്' എന്ന് വിളിച്ച് രാഹുല്‍

ആയുഷ് ബദോനി | Photo: BCCI
ആയുഷ് ബദോനി | Photo: BCCI

മുംബൈ: അരങ്ങേറ്റ മത്സരത്തില്‍തന്നെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി അര്‍ധ സെഞ്ചുറി കണ്ടെത്തിയ ആയുഷ് ബദോനിയെ പുകഴ്ത്തി ലക്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ബദോനിയെ ബേബി ഡിവില്ലിയേഴ്‌സ് എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.

'അവന്‍ ഞങ്ങളുടെ ബേബി ഡിവില്ലിയേഴ്‌സാണ്. തുടക്കം മുതല്‍തന്നെ അദ്ഭുതപ്പെടുത്തുന്ന താരം. ബദോനി ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ചതില്‍ സന്തോഷമുണ്ട്. ലക്‌നൗവിന്റെ നാലു വിക്കറ്റു വീണിട്ടും സമ്മര്‍ദ്ദമില്ലാതെ കളിച്ചു. തുടര്‍ന്നും താരം മികവ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ', മത്സരശേഷം കെ.എല്‍. രാഹുല്‍ പ്രതികരിച്ചു.

ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ചു വിക്കറ്റിന് തോറ്റെങ്കിലും ബദോനിയുടെ പ്രകടനം ടീമിന് പ്രതീക്ഷയേകുന്നതാണ്. റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി എന്നീ ബൗളര്‍മാരെ നേരിട്ട് 22-കാരന്‍ 41 പന്തില്‍ നേടിയത് 54 റണ്‍സാണ്. മൂന്നു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിങ്‌സ്. 

അഞ്ച് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരിക്കുമ്പോഴാണ് ബദോനി ക്രീസിലെത്തിയത്. ദീപക് ഹൂഡയോടൊപ്പം ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. ഹൂഡ 41 പന്തില്‍ 54 റണ്‍സ് നേടി. ഹൂഡ പുറത്തായ ശേഷം ക്രുണാല്‍ പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് 40 റണ്‍സും ബദോനി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ലക്‌നൗ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി.
 

Content Highlights: Lucknow Super Giants batter Ayush Badoni impresses KL Rahul