'ഒരേ കുടുംബമായിക്കണ്ട് നിങ്ങള്‍ക്കായി ആര്‍ത്തുവിളിക്കും'; മുംബൈ ഇന്ത്യന്‍സിനോട് ആര്‍.സി.ബി

Photo: twitter.com/RCBTweets
Photo: twitter.com/RCBTweets

മുംബൈ: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കിലും നെഞ്ചിടിപ്പ് മുഴുവന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ മുഴുവന്‍ ഇന്നത്തെ മുംബൈ - ഡല്‍ഹി മത്സരത്തെ ആശ്രയിച്ചാണെന്നതു തന്നെ കാരണം. മുംബൈ ജയിച്ചാല്‍ ആര്‍സിബി പ്ലേ ഓഫിലെത്തും, തോറ്റാല്‍ പുറത്തും.

ഇത്തരമൊരു സാഹചര്യത്തില്‍ പരസ്യമായി മുംബൈ ജയിക്കാനായി ആര്‍ത്തുവിളിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍സിബി. 'ഹേയ് മുംബൈ ഇന്ത്യന്‍സ് ആര്‍സിബി ടീം മുഴുവന്‍ ഒരേ കുടുംബമായിക്കണ്ട് നിങ്ങള്‍ക്കായി ആര്‍ത്തുവിളിക്കും. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ധൈര്യത്തോടെ കളിക്കുക.' എന്നെഴുതി ഒരു കത്തും ആര്‍സിബി മുംബൈക്കായി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഇതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ചുവന്ന നിറം മാറ്റി ലോഗോയടക്കം ആര്‍സിബി നീല നിറത്തിലാക്കുകയും ചെയ്തിട്ടുണ്ട്. റെഡ്‌ടേണ്‍സ്ബ്ലൂ എന്ന ഹാഷ്ടാഗും ആര്‍സിബി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹിക്കും ഇത് ജീവന്മരണ പോരാട്ടമാണ്. ഇന്ന് മുംബൈയോട് തോറ്റാല്‍ ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്താവും. ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിലുള്ള നേരിയ മുന്‍തൂക്കത്തിന്റെ ബലത്തില്‍ പ്ലേഓഫിലെത്താന്‍ സാധിക്കും. 

നിലവില്‍ 16 പോയിന്റോടെ ബാംഗ്ലൂര്‍ ആണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ നെറ്റ്റണ്‍റേറ്റില്‍ ഡല്‍ഹിക്കാണ് മുന്‍തൂക്കം. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈക്കെതിരേ ഡല്‍ഹിക്കായിരുന്നു ജയം.

Content Highlights: ipl 2022 will cheer for you like one family Royal Challengers Bangalore to Mumbai Indians