പ്ലേ ഓഫ് മത്സരങ്ങള്‍ മഴ മുടക്കിയാല്‍ 'സൂപ്പര്‍ ഓവര്‍'; മഴ കളിച്ചാല്‍ ഗുജറാത്തിന് സന്തോഷം

കൊല്‍ക്കത്ത: ഐപിഎല്‍ 15-ാം സീസണ്‍ പ്ലേ ഓഫിലേക്ക് കടന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ആ ആവേശത്തിനു മുകളില്‍ വില്ലനായി മഴമേഘങ്ങളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെട്ടതോടെ പ്ലേ ഓഫ് മത്സരങ്ങള്‍ മഴ മുടക്കിയേക്കുമെന്ന സംശയത്തിലാണ് സംഘാടകരും ആരാധകരും. കൊല്‍ക്കത്തയിലും അഹമ്മദാബാദിലുമായി നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളും ഫൈനല്‍ മത്സരവും മഴ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ മഴ കളിമുടക്കിയാല്‍ ചെയ്യേണ്ടുന്നതു സംബന്ധിച്ച ഐപിഎല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.
200 മിനിറ്റിന് പുറമെ രണ്ടു മണിക്കൂര്‍ കൂടി
മഴ ശക്തമായ സാഹചര്യത്തില്‍ പ്ലേ ഓഫ് അടക്കമുള്ള മത്സരങ്ങള്‍ക്കായി സാധാരണ നിശ്ചയിച്ചിരിക്കുന്ന 200 മിനിറ്റിനു പുറമേ, 2 മണിക്കൂറുകള്‍ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. മഴ കാരണം മത്സരം തുടങ്ങാന്‍ വൈകിയാല്‍ മൂന്ന് പ്ലേ ഓഫി മത്സരങ്ങളും രാത്രി 9.40-നു പോലും കളി തുടങ്ങിയേക്കും. മേയ് 29-ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനല്‍ മത്സരം രാത്രി 10.10 വരെ വൈകിയാലും മുഴുവന്‍ ഓവറും കളിനടത്തും.
5 ഓവര്‍ മാത്രമുള്ള മത്സരങ്ങള്‍ക്കും സാധ്യത
പ്രത്യേക സാഹചര്യമുണ്ടായാല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ മത്സരങ്ങള്‍ അഞ്ച് ഓവര്‍ വീതമുള്ള മത്സരങ്ങളായും നടത്തിയേക്കും. കളിക്കിടെ ടൈം ഔട്ട് ഉണ്ടാകില്ല. ഇത്തരത്തിലാണെങ്കില്‍ മത്സരം രാത്രി 11.56-ന് തുടങ്ങി 12.50-ന് അവസാനിക്കുന്ന തരത്തിലാകും നടക്കുക. 10 മിനിറ്റ് മാത്രമേ ഇന്നിങ്‌സ് ഇടവേള ഉണ്ടാകൂ. ഇനി ഫൈനല്‍ മത്സരം 5 ഓവറാക്കി ചുരുക്കേണ്ടി വന്നാല്‍ രാത്രി 12.26 വരെ മത്സരം തുടങ്ങാനായി കാക്കും.
സൂപ്പര്‍ ഓവര്‍
മഴ കാരണം അഞ്ച് ഓവര്‍ മത്സരം പോലും നടത്താനാകാതെ വന്നാല്‍ പ്ലേ ഓഫ് മത്സരങ്ങളിലും ഫൈനലിലും വിജയികളെ സൂപ്പര്‍ ഓവറിലൂടെയാകും തിരഞ്ഞെടുക്കുക.
സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ വിജയികളെ പോയിന്റ് ടേബിള്‍ നിശ്ചയിക്കും
ഇനി സൂപ്പര്‍ പോലും നടത്താന്‍ സാധിക്കാതെ വന്നാല്‍ ലീഗില്‍ 70 മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം പോയിന്റ് ടേബിളില്‍ മുകളിലുള്ള ടീമിനെ വിജയികളായി പ്രഖ്യാപിക്കും. പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഫൈനലിനും ഇത് ബാധകമാകും. ഉദാഹരണത്തിന് ഗുജറാത്ത് - രാജസ്ഥാന്‍ മത്സരം സൂപ്പര്‍ ഓവര്‍ പോലും നടത്താന്‍ സാധിക്കാതെ വന്നാല്‍ പോയിന്റ് ടേബിളില്‍ രാജസ്ഥാന് മുകളിലുള്ള ഗുജറാത്ത് ആകും വിജയി.
കലാശപ്പോരിന് റിസര്‍വ് ദിനവും
അഹമ്മദാബാദില്‍ മേയ് 29-ന് നടക്കുന്ന ഫൈനല്‍ ദിനം മഴ മുടക്കിയാല്‍ റിസര്‍വ് ദിനമായ മേയ് 30-ന് മത്സരം നടത്തും. മേയ് 29-ന് ഏത് പന്തില്‍ ഏത് സ്‌കോറിലാണോ കളി അവസാനിപ്പിച്ചത് അതേ സ്‌കോറില്‍ തന്നെയാകും മത്സരം പുനരാരംഭിക്കുക. മേയ് 29-ന് ടോസ് പോലും ഇടാനാകാതെ വന്നാല്‍ റിസര്‍വ് ദിനത്തില്‍ ടോസോടെ കളി തുടങ്ങും. ഇനി ടോസിന് ശേഷമാണ് ആദ്യ ഫൈനല്‍ ദിനത്തില്‍ മത്സരം നടത്താനാകാത്ത സാഹചര്യം ഉണ്ടാകുന്നതെങ്കില്‍ റിസര്‍വ് ദിനത്തില്‍ പുതുതായി ടോസിട്ടാകും കളി നടക്കുക. റിസര്‍വ് ദിനവും കളി തടസപ്പെട്ടാല്‍ വിജയിയെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ നടത്തും. ഈ ദിവസം പുലര്‍ച്ചെ 1.20 വരെ വൈകിയാലും സൂപ്പര്‍ ഓവര്‍ നടത്താനാണ് നിര്‍ദേശം. അഞ്ച് മണിക്കൂറും 20 മിനിറ്റും ഫൈനല്‍ മത്സരത്തിന് നീക്കിവെച്ചിട്ടുണ്ട്.
Content Highlights: ipl 2022 Super Over will decide the result of ipl playoff matches including the final