അന്ന് കോലി എന്റെ വീട്ടില്‍ വന്നു; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു അത്

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലി തന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെ ടോളി ചൗക്കിയിലെ വീട്ടിലേക്ക് വന്ന സംഭവം ഓര്‍ത്തെടുത്ത് പേസര്‍ മുഹമ്മദ് സിറാജ്.
കോലി ഹൈദരാബാദിലെ തന്റെ വീട്ടിലേക്ക് വന്നത് ജീവിതത്തിലെ ഏറ്റവും മികച്ച സര്‍പ്രൈസായിരുന്നുവെന്ന് സിറാജ് പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം അംഗങ്ങളെ സിറാജ് തന്റെ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചു. ബിരിയാണി ഒരുക്കിവെച്ചായിരുന്നു ആ ക്ഷണം. എന്നാല്‍ പുറംവേദന കാരണം തനിക്ക് വരാന്‍ കഴിയില്ലെന്ന് കോലി അറിയിച്ചു. ഇത് തനിക്ക് വലിയ വിഷമമായെന്നും സിറാജ് പറഞ്ഞു.
''ആര്‍സിബിയില്‍ നിന്ന് എല്ലാവരേയും ഞാന്‍ എന്റെ വീട്ടിലേക്ക് അത്താഴത്തിനായി ക്ഷണിച്ചിരുന്നു. ഞാന്‍ ഹോട്ടലില്‍ നിന്ന് നേരേ വീട്ടിലേക്ക് പോയി. എന്നാല്‍ അദ്ദേഹത്തെ (കോലി) വിളിച്ചപ്പോള്‍ കടുത്ത പുറംവേദനയാണെന്നും തനിക്ക് വരാന്‍ സാധിക്കില്ലെന്നുമായിരുന്നു കോലി പറഞ്ഞത്. ഞാന്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ പറഞ്ഞു. അല്ലാതെ ഞാന്‍ മറ്റെന്ത് പറയാനാണ്. എന്നാല്‍ എല്ലാവരും വന്നപ്പോള്‍ കോലിയും കാറില്‍ നിന്നിറങ്ങുന്നത് കണ്ടു. എല്ലാവരും ഉണ്ടായിരുന്നു, പിപി ഭായ് (പാര്‍ഥിവ് പട്ടേല്‍), ചാഹല്‍ ഭായ് അങ്ങനെ എല്ലാവരും. ഞാന്‍ ഭയ്യയുടെ (കോലി) അടുത്തേക്ക് ഓടി, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു അത്. കാരണം ഭയ്യ വരില്ലെന്നായിരുന്നു പറഞ്ഞത്. വിരാട് കോലി ടോളി ചൗക്കിയിലേക്ക് വന്നിരിക്കുന്നു. അത് വലിയ വാര്‍ത്തയാകുകയും ചെയ്തു'', സിറാജ് പറഞ്ഞു.
ഐപിഎല്ലില്‍ കളിക്കാനാരംഭിച്ചപ്പോള്‍ തന്റെ ജീവിതമാകെ മാറിയത് എങ്ങനെയെന്നും സിറാജ് പറഞ്ഞു. ഇത്തവണ ആര്‍സിബി നിലനിര്‍ത്തിയ മൂന്ന് കളിക്കാരില്‍ ഒരാള്‍ സിറാജാണ്.
''എനിക്ക് ബുദ്ധിമുട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അച്ഛന്‍ ഓട്ടോ ഓടിക്കുകയായിരുന്നു. എനിക്ക് ആകെ ഒരു പ്ലാറ്റിന (ബൈക്ക്) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ പെട്രോളടിക്കാന്‍ എനിക്ക് 60 രൂപ തരുമായിരുന്നു. അത് കൊണ്ട് ഞാന്‍ എന്റെ വീട്ടില്‍ നിന്ന് വളരെ അകലെയുള്ള ഉപ്പല്‍ സ്റ്റേഡിയത്തിലെത്തും. ഐപിഎല്ലിലേക്കെത്തിയതോടെ ആ പ്രയാസങ്ങളെല്ലാം അവസാനിച്ചു. അച്ഛന്‍ ഓട്ടോ ഓടിക്കുന്നത് നിര്‍ത്തി. അമ്മ വീട്ടുജോലികള്‍ ചെയ്യുന്നതും അവസാനിപ്പിച്ചു. വാടകയ്ക്കുള്ള താമസവും ഞങ്ങള്‍ നിര്‍ത്തി. പുതിയൊരു വീട് വാങ്ങി. എനിക്ക് ഇനി ജീവിതത്തില്‍ മറ്റൊന്നും വേണ്ട. അച്ഛനും അമ്മയും സ്വന്തമായി ഒരു വീട്ടില്‍ സന്തോഷത്തോടെ കഴിയണമെന്നത് മാത്രമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഐപിഎല്‍ എനിക്ക് പ്രശസ്തി നേടിത്തന്നു. നിരവധി ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹിക വലയത്തിലാകുവാനുള്ള വഴികള്‍ അതെന്നെ പഠിപ്പിച്ചു. കുറേയെറെ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. അതിനെല്ലാം കാരണം ഐപിഎല്ലാണ്'', സിറാജ് വ്യക്തമാക്കി.
Content Highlights: ipl 2022 Mohammed Siraj recalled the incident when Kohli visited his house
Content Highlights: