രാഹുലിന്റെ പോരാട്ടം പാഴായി; ഹര്‍ഷലിന്റെ മികവില്‍ ലഖ്‌നൗവിനെ തകര്‍ത്ത് ആര്‍.സി.ബി രണ്ടാം ക്വാളിഫയറിന്

കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരും മികവിലേക്കുയര്‍ന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിലേക്ക്. ആവേശം അവസാന ഓവര്‍ വരെ നീണ്ട എലിമിനേറ്റര്‍ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. 27-ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
58 പന്തില്‍ നിന്ന് അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 19-ാം ഓവറില്‍ രാഹുലിനെ മടക്കി ജോഷ് ഹെയ്‌സല്‍വുഡ് മത്സരം ആര്‍സിബിക്ക് അനുകൂലമാക്കി. പിന്നാലെ 18, 19 ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ ഹര്‍ഷല്‍ പട്ടേലാണ് ലഖ്‌നൗവില്‍ നിന്ന് വിജയം തട്ടിയെടുത്തത്.
ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ക്വിന്റണ്‍ ഡിക്കോക്കിനെ (6) മടക്കി മുഹമ്മദ് സിറാജാണ് ആദ്യ വെടിപൊട്ടിച്ചത്. പിന്നാലെ മനന്‍ വോറയെ കൂട്ടുപിടിച്ച് രാഹുല്‍ സ്‌കോര്‍ 41-ല്‍ എത്തിച്ചതിനു പിന്നാലെ ജോഷ് ഹെയ്‌സല്‍വുഡ് ലഖ്‌നൗവിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 11 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത വോറയെ ഹെയ്‌സല്‍വുഡ് ഷഹബാസിന്റെ കൈകളിലെത്തിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ രാഹുലും ദീപക് ഹൂഡയും ഒന്നിച്ചതോടെ ലഖ്‌നൗ മത്സരത്തിലേക്ക് തിരികെയെത്തി. ഇരുവരും ചേര്‍ന്ന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ആര്‍സിബി പ്രതിരോധത്തിലായി. എന്നാല്‍ 15-ാം ഓവറില്‍ രണ്ടു സിക്‌സറുകള്‍ വഴങ്ങിയതിനു പിന്നാലെ ഹൂഡയെ മടക്കിയ വാനിന്ദു ഹസരംഗ ആര്‍സിബിക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 26 പന്തില്‍ നിന്ന് നാലു സിക്‌സും ഒരു ഫോറുമടക്കം 45 റണ്‍സെടുത്താണ് ഹൂഡ മടങ്ങിയത്. തുടര്‍ന്നെത്തിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന് നേടാനായത് വെറും ഒമ്പത് റണ്‍സ് മാത്രം. പിന്നാലെ 19-ാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ രാഹുലിനെയും ക്രുനാല്‍ പാണ്ഡ്യയേയും മടക്കിയ ഹെയ്‌സല്‍വുഡ് കളി ആര്‍സിബിക്ക് അനുകൂലമാക്കി തിരിച്ചു. ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
അവസാന ഓവറില്‍ വമ്പനടിക്കാരനായ എവിന്‍ ലൂയിസിനെയും (6 പന്തില്‍ 2) ദുഷ്മാന്ത ചമീരയേയും (4 പന്തില്‍ 11) പിടിച്ചുകെട്ടിയ ഹര്‍ഷല്‍ ആര്‍സിബിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി സെഞ്ചുറി നേടിയ രജത് പാട്ടിദാറിന്റെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. 54 പന്തുകള്‍ നേരിട്ട രജത് 12 ഫോറും ഏഴു സിക്‌സും പറത്തി 112 റണ്‍സോടെ പുറത്താകാതെ നിന്നു. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ അണ്‍ക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കി. മനീഷ് പാണ്ഡെ (2009), പോള്‍ വാല്‍ത്താട്ടി (2011), ദേവ്ദത്ത് പടിക്കല്‍ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. ഐപിഎല്‍ നോക്കൗട്ടിലെ ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും രജത്തിന്റെ പേരിലായി.
മുരളി വിജയ് (2012), വീരേന്ദര്‍ സെവാഗ് (2014), വൃദ്ധിമാന്‍ സാഹ (2014), ഷെയ്ന്‍ വാട്ട്‌സണ്‍ (2018) എന്നിവര്‍ക്ക് ശേഷം ഐപിഎല്‍ നോക്കൗട്ടില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് രജത്. ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും വാങ്ങാതിരുന്ന രജത് ഒടുവില്‍ ലുവ്‌നിത് സിസോദിയക്ക് പകരക്കാരനായാണ് ആര്‍സിബി നിരയിലെത്തുന്നത്.
ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ (0) നഷ്ടമായ ശേഷം പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയായത് രജത്തിന്റെ ബാറ്റിങ് വെടിക്കെട്ടിനായിരുന്നു. രണ്ടാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത രജത്, അഞ്ചാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം അടിച്ചുതകര്‍ത്തു. വിരാട് കോലി 24 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്‍ (9), മഹിപാല്‍ ലോംറോര്‍ (14) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതൊന്നും രജത്തിനെ ബാധിച്ചില്ല.
അഞ്ചാം വിക്കറ്റില്‍ രജത്തും - കാര്‍ത്തിക്കും ഒന്നിച്ചതോടെ ആര്‍സിബി സ്‌കോറിങ് ടോപ് ഗിയറിലായി. 23 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 37 റണ്‍സെടുത്ത കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റില്‍ 92 റണ്‍സാണ് രജത് കൂട്ടിച്ചേര്‍ത്തത്. അവസാന നാല് ഓവറില്‍ 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
മഴമൂലം ടോസ് വൈകിയതിനാല്‍ രാത്രി 7.30-ന് തുടങ്ങേണ്ട മത്സരം വൈകിയാണ് ആരംഭിച്ചത്.
Content Highlights: ipl 2022 Lucknow Super Giants vs Royal Challengers Bangalore Eliminator