ജോസേട്ടന്‍ വീണ്ടും ഹിറ്റ്; നാലാം സെഞ്ചുറിയുമായി കോലിയുടെ റെക്കോഡിനൊപ്പം

Photo: iplt20.com
Photo: iplt20.com

അഹമ്മദാബാദ്: അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഒരു താരമേ ഉണ്ടായിരുന്നുള്ളൂ. ക്രീസിലെത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അയാള്‍ കളിയുടെ ഗതിതന്നെ സ്വന്തം ടീമിന് അനുകൂലമാക്കിക്കളഞ്ഞു. ഒരു ഐപിഎല്‍ കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വര്‍ഷങ്ങള്‍ നീണ്ട ആഗ്രഹത്തിനു മുകളിലാണ് അയാള്‍ തന്റെ വില്ലോയുമായി കരിനിഴല്‍ വീഴ്ത്തിയത്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് രാജസ്ഥാനുവേണ്ടി തകര്‍ത്താടിയത് ജോസ് ബട്ട്‌ലര്‍, അഥവാ ആരാധകരുടെ ജോസേട്ടനായിരുന്നു. 

ആര്‍സിബിയെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ 60 പന്തില്‍ നിന്ന് ആറു സിക്‌സും 10 ഫോറുകളുമടക്കം 106 റണ്‍സുമായി അതിന് ചുക്കാന്‍ പിടിച്ചത് ബട്ട്‌ലറായിരുന്നു. 

ഐപിഎല്‍ 15-ാം സീസണിലെ തന്റെ നാലാം സെഞ്ചുറി കുറിച്ച ബട്ട്‌ലര്‍, ആര്‍സിബി താരം വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോഡാണ് ബട്ട്‌ലര്‍ കോലിക്കൊപ്പം പങ്കുവെച്ചത്. 2016 സീസണില്‍ കോലി നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തിലും കോലിക്കൊപ്പമെത്താന്‍ ബട്ട്‌ലര്‍ക്കായി. അഞ്ചു വീതം സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്താണ് ഇരുവരും. ആറ് സെഞ്ചുറികളുമായി വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമത്. 

സീസണില്‍ ഇതുവരെ 16 കളികളില്‍ നിന്ന് നാല് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമടക്കം 824 റണ്‍സ് സ്വന്തമാക്കിയ ബട്ട്‌ലറാണ് നിലവില്‍ ഓറഞ്ച് ക്യാപ്പിനുടമ.
 

Content Highlights: ipl 2022 Jos Buttler joins Virat Kohli with 4th hundred