ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുകയാണെന്ന് റായുഡു; പിന്നാലെ ട്വീറ്റ് അപ്രത്യക്ഷം

മുംബൈ: ഐപിഎല്ലില്‍ നിന്ന് ഈ സീസണോടെ വിരമിക്കുമെന്ന് ട്വീറ്റ് ചെയ്ത ശേഷം 15 മിനിറ്റിനുള്ളില്‍ അത് നീക്കം ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായുഡു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ സന്ദേശത്തില്‍ ഐപിഎല്ലില്‍ താന്‍ കളിച്ചിട്ടുള്ള മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും നന്ദിയറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 15 മിനിറ്റിനകം ട്വീറ്റ് നീക്കം ചെയ്തു.
അതേസമയം, റായുഡുവിന്റെ വിരമിക്കല്‍ വാര്‍ത്ത തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ രംഗത്തെത്തി.
റായുഡുവിന്റെ വിരമിക്കല്‍ നാടകം ഇതാദ്യമായല്ല. നേരത്തെ 2019-ലെ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം കിട്ടാതിരുന്നതോടെ റായുഡു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആ തീരുമാനം മാറ്റി ഐപിഎല്ലില്‍ കളിക്കുകയായിരുന്നു.
2010-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു റായുഡുവിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2013-ല്‍ മുംബൈക്കൊപ്പം ആദ്യ ഐപിഎല്‍ കിരീടം നേടി. പിന്നീട് 2015, 2017 സീസണുകളിലും മുംബൈക്കൊപ്പം കിരീട വിജയത്തില്‍ പങ്കാളിയായി. തുടര്‍ന്ന് 2018-ലാണ് ചെന്നൈയിലെത്തുന്നത്.
Content Highlights: ipl 2022 Ambati Rayudu deletes tweet after announcing retirement