വേണ്ടപ്പെട്ട ഒരു കഥാപാത്രത്തിനു പറയാനായി ആ മനോഹര വാചകം മാറ്റി വെച്ചിട്ടുണ്ട്!- അനൂപ് സത്യന്‍

#അനൂപ് സത്യന്‍
അനൂപ് സത്യന്‍
അനൂപ് സത്യന്‍

'നോക്കൂ രവീ, കാറും കോളും നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് രവിയെ ഞാന്‍ ക്ഷണിക്കുന്നില്ല.' 
'ഉദയനാണ് താരം' എന്ന സിനിമയില്‍ തിരക്കഥ പൂര്‍ത്തിയാക്കാനിരിക്കുന്ന ഉദയഭാനുവിന് വേണ്ടി ശ്രീനിവാസന്‍ എഴുതിയ ഡയലോഗാണിത്. ഉടനെ തന്നെ 'യഥാര്‍ത്ഥ ജീവിതത്തില്‍ ആരെങ്കിലും ഇങ്ങനെ സംസാരിക്കുമോ. കാറും കോളും നിറഞ്ഞ... മണ്ണാങ്കട്ട' എന്ന് പറഞ്ഞു ആ കഥാപാത്രത്തെക്കൊണ്ട്  തന്നെ അദ്ദേഹം എഴുതിയ പേപ്പര്‍ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിയിക്കുന്നു. തിരക്കഥാരചനയിലേക്ക് കടക്കുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് സാഹിത്യവാസനയുള്ളവര്‍ക്ക്, കിട്ടാവുന്ന ഏറ്റവും വിലയുള്ള ഉപദേശമാണത്. ഉദയഭാനുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'സംഭവം സിംപിളായിരിക്കണം.' 

മാതൃഭാഷാദിനത്തില്‍ പെട്ടെന്ന് ഇതോര്‍ക്കാന്‍ കാരണം, ഞാനെന്റെ അടുത്ത സിനിമയുടെ എഴുത്തുപണികളിലാണ്. എഴുതാനുള്ള മടിയും, പേടിയും  കാരണം ഒരുപാട് പേരോട് വിശദമായ കഥപറച്ചില്‍ നടത്തുകയാണ് ആദ്യം ചെയ്യുക. കേള്‍ക്കുന്നവരുടെ മുഖത്തുനിന്നാണ് തിരക്കഥയുടെ ആദ്യരൂപം തെളിയുന്നത്. മനസ്സില്‍ കുറിച്ചിട്ടതെല്ലാം കടലാസ്സിലേക്കെഴുതുമ്പോള്‍ ഞാനേറ്റവും ശ്രദ്ധിക്കുന്നതും ആഗ്രഹിക്കുന്നതും, ഭംഗിയുള്ള സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാണ്. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒട്ടും കനമില്ലാത്ത ശുദ്ധമായ മലയാളത്തില്‍ എഴുതാന്‍. അതിനു തന്നെയാണ് ഏറ്റവും ബുദ്ധിമുട്ടും. 

ശക്തമായ സാഹിത്യസ്വാധീനം ഉള്ള സംഭാഷണങ്ങള്‍ ആയിരുന്നു ഒരു കാലം വരെ മലയാള സിനിമയ്ക്ക്. വായനാശീലം ഇല്ലാത്തവര്‍ക്കും എം.ടി യെപ്പോലുള്ള ഇതിഹാസങ്ങളെ അനുഭവിച്ചറിയാന്‍ ഒരു പരിധി വരെ അത്തരം സിനിമകള്‍ വഴി സാധിച്ചിട്ടുണ്ട്. 'ഒരു വടക്കന്‍ വീരഗാഥ'യിലെ സംഭാഷണങ്ങള്‍ എം.ടി. പറയുന്നത്  റെക്കോര്‍ഡ് ചെയ്തു കേട്ടിട്ടാണ് മമ്മൂട്ടി അതെല്ലാം മന:പാഠമാക്കിയതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അവിടെ നിന്നും ബാലചന്ദ്രമേനോന്റെയും ശ്രീനിവാസന്റെയും ലോഹിതദാസിന്റെയും തിരക്കഥകളിലൂടെ മലയാള സിനിമ, നിത്യജീവിതത്തിലുള്ള മലയാളം സംസാരിക്കാന്‍ തുടങ്ങി. അതിപ്പോള്‍ ന്യൂ ജെന്‍ മലയാളത്തില്‍ എത്തി നില്‍ക്കുന്നു. 

ഇപ്പോള്‍ സിനിമയിലേക്ക് വരുന്ന ഒരു വലിയ ശതമാനം ചെറുപ്പക്കാര്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥയാണുള്ളത്. മിക്ക സിനിമകളിലും മലയാളത്തില്‍ എഴുതിയ തിരക്കഥയുടെ കൂടെ മലയാളവാക്കുകള്‍ ഇംഗ്ലീഷിലെഴുതിയ ഒരു 'മംഗ്ലീഷ് സ്‌ക്രിപ്റ്റും' കൂടെ തയ്യാറാക്കാറുണ്ട്. ഒന്നോര്‍ത്തു നോക്കിയാല്‍ തമാശയാണ്. മലയാളത്തില്‍ സിനിമയുണ്ടാക്കാന്‍, സംവിധാനസഹായികളായി അവസരം അന്വേഷിച്ചു വരുന്നവരോട് ആദ്യം ചോദിക്കേണ്ടി വരുന്നത് 'മലയാളം എഴുതാനും വായിക്കാനും അറിയുമോ' എന്നാണ്. 

മറ്റു സിനിമാക്കാരുടെ മക്കള്‍ ടൈയും കോട്ടുമൊക്കെയിട്ട് വലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് പോയപ്പോള്‍, ഞങ്ങളെ അന്തിക്കാടുള്ള മലയാളം മീഡിയത്തില്‍ ചേര്‍ത്തതിന്, അച്ഛനോട് കുറെക്കാലത്തോളം എന്റെ ഉള്ളില്‍ പ്രതിഷേധം ഉണ്ടായിരുന്നു. അത് മാറിയത് അവര്‍ക്കു പലര്‍ക്കും അറിയാതെ പോയ മലയാളത്തിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയതിലൂടെയാണ്. 'ഒരു ദേശത്തിന്റെ കഥ'യുടെ അവസാന പേജ് ഒരു വേനല്‍ക്കാലത്ത് ഞാന്‍ വായിച്ച് തീര്‍ത്തതും, പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു. അത് ചിലപ്പോള്‍ മാതൃഭാഷ അനുഗ്രഹിച്ചതായിരിക്കും. ബഷീറും, വി. കെ. എന്നും, സിനിമക്കപ്പുറത്തുള്ള  ഹാസ്യം പരിചയപ്പെടുത്തി തന്നതും മറ്റൊരനുഭവമായിരുന്നു. ഉള്ളിലേക്ക് നോക്കി ചിരിക്കാന്‍ പഠിപ്പിച്ചു തരുന്നത് പോലെ. സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്നെ പിടിച്ചുലച്ചിട്ടുണ്ട്. 

'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു.'- ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ'യിലെ ഈ വരികള്‍ വായിച്ചുകഴിഞ്ഞതിനു ശേഷമോ മറ്റോ ആകണം, മലയാളം മീഡിയത്തില്‍ ചേര്‍ത്തതിനും, പുസ്തകങ്ങളെ പരിചയപ്പെടുത്തിയതിനും ഞാന്‍ അച്ഛനോട് മനസു കൊണ്ട് നന്ദി പറഞ്ഞുതുടങ്ങിയിരുന്നു. 

സിനിമകളിലേക്കെത്തുമ്പോള്‍, ഗാനങ്ങളിലും സംഭാഷണങ്ങളിലും കവിത കൊണ്ട് വരാനുള്ള തമിഴ് ഭാഷക്കുള്ള മോഹിപ്പിക്കുന്ന വഴക്കം മലയാളത്തില്‍ മുഴുവനായും കൊണ്ടുവരാന്‍ സാധിക്കാറില്ല. പുതിയ തലമുറയിലെ ഏറ്റവും ചലനമുണ്ടാക്കിയ 'പ്രേമം' എന്ന് പേരിട്ട സിനിമയില്‍ ഒരിടത്ത് പോലും നായകന്‍ നായികയോട് (നായികമാരോട്) 'എനിക്ക് നിന്നോട് പ്രേമം തോന്നുന്നു' എന്ന് പറഞ്ഞിട്ടില്ലല്ലോ. വായിക്കുമ്പോള്‍ നല്ല സുഖം തോന്നുന്ന മലയാളത്തിലെ ഒരു പ്രേമലേഖനം, ഒരാളില്‍ നിന്ന് നേരിട്ട് കേള്‍ക്കുമ്പോള്‍ 'ഇതല്പം കൂടുതലല്ലേ' എന്ന് തോന്നുന്ന പോലെയാണ് അത്. കടുപ്പം കുറവുള്ള സംഭാഷങ്ങളാണ് എനിക്ക് പ്രിയപ്പെട്ടത്. 'മണിച്ചിത്രത്താഴി'ന്റെ  അവസാനം മോഹന്‍ലാല്‍ തന്റെ പ്രണയം അവതരിപ്പിക്കുന്ന വാക്കുകളില്‍ അതുണ്ട്. 'എനിക്കൊരു ഇഷ്ടമുണ്ട്. അതിവിടെ ഉള്ള ഒരാളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം അറിയുമ്പോ സമ്മതിച്ചനുഗ്രഹിക്കണം.' എന്തൊരു ഭംഗിയാണീ വാചകങ്ങള്‍ക്ക്. 

പേപ്പറും പേനയുമെടുത്തു തിരക്കഥ എഴുത്തിലേക്ക് കയറുമ്പോള്‍, ജീവിതത്തില്‍ കേട്ട ചില സംഭാഷണങ്ങള്‍ ഞാന്‍ പകര്‍ത്തിയെഴുതാറുണ്ട്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയുടെ ക്ലൈമാക്സില്‍- 'യാത്രയെ ഏറ്റവും മനോഹരമാക്കുന്നത് ഒരു റിട്ടേണ്‍ ടിക്കറ്റാണ്.'- എന്നു സുരേഷ് ഗോപി പറയുന്ന ഡയലോഗ് ഞാന്‍ ഒരാളില്‍ നിന്ന് നേരിട്ട് കേട്ടതാണ്. പൂര്‍ണ്ണമായി മലയാളത്തിലല്ലെങ്കിലും മലയാള ഭാഷയുടെ ഭംഗി ആ സംഭാഷണത്തിലുണ്ടായിരുന്നു. ഈയിടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, പത്മശ്രീ കിട്ടിയ ശേഷം നടന്‍ മധു പ്രസംഗിച്ചതില്‍ നിന്ന് കേട്ട മനോഹരമായ ഒരു വാചകമാണ്. 

'എനിക്കിനി ചില പകലുകളും, രാത്രികളും മാത്രമേ ബാക്കിയുള്ളൂ.'  

ഒരു ജീവിതത്തിന്റെ സായാഹ്നത്തെപ്പറ്റി ഇതിലും ഭംഗിയായി പറയാനില്ല. വളരെ വേണ്ടപ്പെട്ട ഒരു കഥാപാത്രത്തിനു പറയാനായി ഞാനത് മാറ്റി വെച്ചിട്ടുണ്ട്.


 

Content Highlights: International Mother Language Day 2023, Anoop Sathyan, Mathrubhumi