ജന്മം കൊണ്ട് കാനഡക്കാര്‍, പറയുന്നത് അസ്സല്‍മലയാളത്തെറി;ജീനില്‍ അലിഞ്ഞ മാതൃഭാഷ!

മധുപാല്‍
മധുപാല്‍

ദേഷ്യം വരുമ്പോഴും സങ്കടം ഉള്ളപ്പോഴും സന്തോഷം കരകവിയുമ്പോഴും നമുക്ക് പ്രകടിപ്പിക്കാനും പ്രയോഗിക്കാനും ഒരു ഭാഷയുണ്ടെങ്കില്‍ അത് മാതൃഭാഷ തന്നെയാണ്. സിനിമയും നാടകവും പുസ്തകങ്ങളും നമ്മളില്‍ സ്വാധീനം ചെലുത്തുന്നതില്‍ പ്രധാനഘടകം കൂടിയാണ് മാതൃഭാഷ. മാതൃഭാഷയിലൂടെയാണ് നമ്മള്‍ അന്യഭാഷകളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നതുതന്നെ. ഏതൊരു ഭാഷയുടെ അരികിലേക്ക് പോകുമ്പോഴും അറിയാതെ ആദ്യപ്രാര്‍ത്ഥനയും അമ്മമൊഴിയിലാവും. 

ലോകത്തിന്റെ ഏത് കോണിലായിക്കൊള്ളട്ടെ രണ്ട് മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ 'ഹലോ' എന്ന ഔപചാരികതയ്ക്കു പകരം 'എടാ' എന്ന അഭിസംബോധനയിലൂടെയായിരിക്കും തങ്ങളുടെ സൗഹൃദം പുതുക്കുക. എടാ എന്നത് അവന്റെ അമ്മമൊഴിയില്‍ നിന്നുരുവം കൊണ്ട സ്നേഹത്തിന്റെ കൂടി അടയാളമാണ്. ആ അഭിസംബോധനയില്‍ ഒരുപാട് വിശേഷങ്ങള്‍ ആരായുന്നുണ്ട്, വളരെ കാലമായല്ലോ കണ്ടിട്ട് എന്ന പരിഭവമുണ്ട്, നഷ്ടപ്പെടലിന്റെ വേദനയുണ്ട്. ലോകത്തിന്റെ പലയിടങ്ങളിലും സഞ്ചരിച്ചശേഷം ഞാന്‍ തിരിച്ചറിഞ്ഞതാണിത്. 

ഒരിക്കല്‍ യു.കെയില്‍ പോയപ്പോള്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലിന് തൊട്ടപ്പുറത്തുള്ള മുറിയുടെ ജനലിലൂടെ വാക്കുകള്‍ പുറത്തേക്ക് പ്രവഹിക്കുകയാണ്. അതുവരെ ഒരിന്ത്യക്കാരനെപ്പോലും കാണാനാവാതെ ഹോട്ടലില്‍ വീര്‍പ്പുമുട്ടിയ ഞാന്‍ ആവേശഭരിതനായി. 'പച്ചയ്ക്കുള്ളമലയാളം' അതിസ്ഫുടമായി ജനല്‍ച്ചില്ലുകളില്‍ തട്ടി പ്രതിഫലിച്ച് എന്റെ മുറിയിലേക്കിരച്ചുകയറുന്നു! രണ്ടുപേര്‍ തമ്മില്‍ മുട്ടന്‍ വഴക്ക് നടക്കുകയാണെന്ന് അരനിമിഷം കൊണ്ട് മനസ്സിലായി. പെറ്റനാടിന് പോലും താങ്ങാന്‍ പറ്റാത്ത ഭീകരതെറി! 

തായ്‌മൊഴി കേട്ട സന്തോഷത്തില്‍ ഉടനടി ചെയ്യാനുള്ളത് പയ്യന്‍സിനെ പോയി പരിചയപ്പെടുക എന്നുള്ളതാണ്. ഒട്ടും വെച്ചുതാമസിപ്പിച്ചില്ല. ഹോട്ടലുകാരോട് ഒരിന്ത്യക്കാരനെയെങ്കിലും കാണാന്‍ വഴിയുണ്ടോ എന്ന് അന്വേഷിച്ചപ്പോഴൊക്കെ അവര്‍ വിനീതവിധേയരായിക്കൊണ്ട് സോറി പറഞ്ഞതാണ്. എന്നിട്ടിപ്പോള്‍ 'ചുരുളി'യ്ക്കതീതരായ ടീംസിനെയാണ് പരിചയപ്പെടാന്‍ പോകുന്നത്. മലയാളമറിയുന്നവര്‍ക്ക് നമ്മളെ മനസിലാവും എന്ന ബോധത്തോടെ അവരുടെ മുറിയുടെ മുമ്പിലെത്തി. കണ്ടപ്പോഴാണ് ഞെട്ടിയത്. അവര്‍ കാനഡക്കാരാണ്. കനേഡിയന്‍ പൗരത്വവും പാസ്പോര്‍ട്ടുമൊക്കെയാണ് ഉള്ളത്. പക്ഷേ ശുദ്ധമായ തെറിയാല്‍ അവര്‍ തങ്ങളുടെ ജീനിനെ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. 

ലോകത്തിന്റെ ഏതെല്ലാം മൂലയിലേക്ക് ചേക്കേറിയാലും തലമുറകളായി നമ്മള്‍ കൈമാറുന്ന ഒന്നാണ് മാതൃഭാഷ. അവരുടെ മാതാപിതാക്കള്‍ മുഖാന്തരമാണ് മലയാളം സ്വായത്തമാക്കിയത്. വീട്ടില്‍ മലയാളമാണ് അവര്‍ സംസാരിക്കുന്നത്. സ്വാഭാവികമായും ദേഷ്യം വരുമ്പോള്‍ മാതൃഭാഷയല്ലാതെ മറ്റൊന്നും പുറത്തേക്ക് വരില്ല. നമ്മുടെ വ്യക്തിത്വം മാതൃഭാഷയുമായി എത്രകണ്ട് ഇഴകിച്ചേര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണത്. കുട്ടിക്കാലം മുതല്‍ പറഞ്ഞുകേള്‍ക്കുന്നതാണ് നാം പിന്നീട് പറയുന്നത്. എന്റെ മകള്‍ക്ക് ജനച്ചിപ്പോള്‍ മുതല്‍ സ്‌കിന്‍ അലര്‍ജി ഉണ്ടായിരുന്നു. അവളെ മരുന്ന് തേപ്പിച്ച് പായില്‍ കിടത്തുമ്പോള്‍ കാണാനായി കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും പോഗോ ചാനലും വെച്ച് കൊടുക്കും. അതവള്‍ക്ക് ആശ്വാസം ആയിരുന്നു. പോകപോകെ അവള്‍ക്ക് ആണ് ചാനലിന്റെ ഭാഷയായി എളുപ്പം. അത് തിരിച്ചറിഞ്ഞത് അവള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ ആയിരുന്നു. അവള്‍ സംസാരിക്കുന്നത് തികഞ്ഞ വൈദേശിക ഭാഷയിലാണെന്നും മറ്റു കുട്ടികള്‍ക്ക് അവളൊരു വിദേശി ആണെന്ന തോന്നലുമായിരുന്നു. സ്‌കിന്‍ അലര്‍ജി ഉണ്ടായിരുന്നതുകൊണ്ട് നിറവും വല്ലാതെ വെളുത്തിട്ടായിരുന്നു. ചെറുപ്പത്തിലെ കേട്ട ശീലങ്ങള്‍ തന്നെയാവും തീര്‍ച്ചയായും പറഞ്ഞു തുടങ്ങുന്നത്. ഭാഷയുടെ സ്വഭാവം അങ്ങിനെയാണ്. ആദ്യം മുതല്‍ കേട്ടുതുടങ്ങുന്ന പാഠം. അതാവര്‍ത്തിക്കും. 

സിനിമയിലും നാടകത്തിലും നോവലുകളിലും പ്രാദേശികതയുടെ ലാവണ്യം കൊണ്ടുവരുന്നതും ഭാഷതന്നെയാണ്. കാസര്‍കോഡുമുതല്‍ തിരുവനന്തപുരം വരെയുള്ള പ്രാദേശികഭാഷാതിരുകളും ലിപിയില്ലാത്ത ഗോത്രഭാഷകളും അടിസ്ഥാനപരമായി മലയാളമാണെന്നിരിക്കേ രണ്ട് വ്യത്യസ്ത പ്രദേശക്കാര്‍ പരസ്പരം ഭാഷ മനസ്സിലാക്കിയെടുക്കാന്‍ പ്രയാസപ്പെടുന്നു. മാതൃഭാഷയില്‍ വീണ്ടും വരുന്ന വകഭേദങ്ങളാണവ. മലയാളം എന്ന വിശാലതയ്ക്കുകീഴില്‍ അണിനിരക്കുന്നവര്‍.

Content Highlights: International Mother Language Day 2023, Madhupal, Mathrubhumi