മോക്യുമെന്ററി മുതൽ ഐഫോൺ ചിത്രങ്ങൾ വരെ; മേളയിൽ തിളങ്ങി മലയാള സിനിമ

ഫെമിനിച്ചി ഫാത്തിമ, അപ്പുറം
ഫെമിനിച്ചി ഫാത്തിമ, അപ്പുറം

താരനിരയോ സാങ്കേതികസന്നാഹങ്ങളോ ആവശ്യമില്ല, പ്രമേയമാണ് മുഖ്യം. 29-മത് കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ അവാനിക്കുമ്പോൾ മലയാളിക്ക് അഭിമാനിക്കാനേറെയുണ്ട്. സാങ്കേതികത്വം കൊണ്ടും വ്യത്യസ്തതകൊണ്ടും മേളയിൽ മലയാള  ചിത്രങ്ങൾ വേറിട്ടുനിന്നു. ഇരുപതുകാരന്റെ സിനിമ മുതൽ മോക്യുമെന്ററി വരേയുള്ള ചിത്രങ്ങൾ ഇവയിലുൾപ്പെടും. 

ആഗോളപ്രമേയങ്ങൾ പ്രാദേശികതയിലൂന്നി നിന്ന് അ‌വതരിപ്പിക്കാനുള്ള ശ്രമങ്ങളും ശ്രദ്ധേയമാണ്. പൊന്നാനി പശ്ചാത്തലമാക്കി ഫെമിനിച്ചി ഫാത്തിമ, കർണാടകയിലെ സിദ്ദി സമൂഹത്തെ അടിസ്ഥാനമാക്കി റിഥം ഓഫ് ദമ്മാം, അങ്കമാലിയിലെ ചുറ്റുപാടിൽ നിർമ്മിച്ച വിക്ടോറിയ, കൊച്ചിയിൽ നിന്നുള്ള ഗേൾഫ്രണ്ട്, തമിഴ്നാടൻ ഉൾഗ്രാമത്തെ പശ്ചാത്തലമാക്കിയെടുത്ത അങ്കമ്മാൾ... അങ്ങനെ നീണ്ടുപോകുന്നു സിനിമകൾ. 

മേളയിലെ താരം, ഫെമിനിച്ചി ഫാത്തിമ 

29-മത് രാജ്യാന്തര ചലച്ചിത്ര മേള കഴിഞ്ഞിറങ്ങുന്നവർക്ക് പറയാനുള്ളതത്രയും ഫെമിനിച്ചി ഫാത്തിമ എന്ന കുഞ്ഞു സിനിമയെക്കുറിച്ചായിരുന്നു. മേളയിൽ പ്രദർശിപ്പിച്ച ഷോകളത്രയും വൻ ജനപങ്കാളിത്തമായിരുന്നു. സമൂഹത്തിലെ യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ നിസ്സാര കാര്യങ്ങളിൽപോലും സ്ത്രീകളെ എത്രമാത്രം അ‌ടിച്ചമർത്തുന്നുണ്ടെന്ന് കാണിച്ചുതരുന്നുണ്ട് ഫാസിൽ മുഹമ്മദിന്റെ ആദ്യചിത്രം

അപ്പുറം- ഒൻപത് ദിവസത്തിലൊരു ചിത്രം 

ഒൻപത് ദിവസം കൊണ്ട് ചിത്രീകരിച്ച ഒരു മലയാള ചിത്രം കൂടി ഇത്തവണ മേളയിൽ രാജ്യാന്തര മത്സരവിഭാഗത്തിലുണ്ട്. ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറമാണ് ഇത്തവണ മേളയിൽ ശ്രദ്ധേയമാകുന്നത്. ആർത്തവം അശുദ്ധിയായി കാണുന്നവരും മനുഷ്യന്റെയുള്ളിലെ ഭയം വിറ്റ് ജീവിക്കുന്നവരേയും ചിത്രത്തിൽ പറഞ്ഞുപോകുന്നുണ്ട്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മേലെയാണ് സ്‌നേഹം എന്ന വികാരമെന്ന് വരച്ചുകാട്ടാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.  

തമിഴ്നാട്, കേരളം, കർണാടക..സിനിമ മായ്ക്കുന്ന അ‌തിരുകൾ

ഇത്തവണ മേളയിൽ ശ്രദ്ധനേടിയ അങ്കമ്മാൾ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ വിപിൻ രാധാകൃഷ്ണനാണ്. പെരുമാൾ മുരുകന്റെ 'കോടിത്തുണി' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  അ‌ങ്കമ്മാളെന്ന ഗ്രാമീണവീട്ടമ്മയെ കേന്ദ്രമാക്കി പ്രമേയംകൊണ്ടും അ‌ഭിനേതാക്കളുടെ പ്രകടനംകൊണ്ടും ശ്രദ്ധനേടി. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് അങ്കമ്മാൾ പ്രദർശിപ്പിച്ചത്.

മലയാളിയായ വിപിൻ തമിഴ് ചിത്രം സംവിധാനം ചെയ്തപ്പോൾ തമിഴ്നാട് സ്വദേശിയായ റിനോഷുൻ 'വെളിച്ചം തേടി'യെന്ന മലയാളചിത്രവുമായെത്തി. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് വെളിച്ചം തേടി എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലായിരുന്നു വെളിച്ചം തേടി.

കർണാടകയിലെ ആഫ്രിക്കൻ വംശജരുടെ കഥ പറയുന്ന 'റിഥം ഓഫ് ദമ്മാം' സംവിധാനം ചെയ്തതും മലയാളിയാണ് -ജയൻ ചെറിയാൻ. പോർച്ചുഗീസ് അടിമകളായി ഇന്ത്യയിൽ എത്തപ്പെട്ട ആഫ്രിക്കൻ വംശജരായ സിദ്ദി സമൂഹത്തെയാണ് ചിത്രം അ‌വതരിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. 

ന്യൂജനറേഷന്റെ 'വാട്ടുസീ സോംബി', ഐ ഫോണിൽ ചിത്രീകരിച്ച 'കാമദേവൻ' 

മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘വാട്ടുസി സോംബി’ സംവിധാനം ചെയ്തിരിക്കുന്നത് ഇരുപതുകാരൻ സിറിലാണ്. സാമൂഹികമാധ്യമ ഇടപെടലുകളെക്കുറിച്ചാണ് സിറിൽ തന്റെ ’ജെൻ സി’ സിനിമയിൽ കൂടി പറഞ്ഞുവെക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുന്ന കൂട്ടായ്മയിലൂടെയാണ് സിറിലിന്റെ സിനിമാമോഹങ്ങൾ വളർന്നത്. 

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളം ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയാണ് 'കാമദേവൻ നക്ഷത്രം കണ്ടു'. ആദിത്യ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് പ്രത്യേകതകളേറെയുണ്ട്. രണ്ട് ലക്ഷം രൂപയാണ് സിനിമയുടെ ചെലവ്. പൂർണ്ണമായും ഐഫോണിലാണ് സിനിമ ചിത്രീകരിച്ചത്. 

'പാത്ത്' എന്ന മോക്യുമെന്ററി, പരീക്ഷണചിത്രം 'സംഘർഷ ഘടന' 

പരീക്ഷണ ഡോക്യുമെന്ററിയായെത്തി 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് പാത്ത്. ആളാരവങ്ങളില്ലാതെ വലിയൊരു സന്ദേശം ചെറു ക്യാൻവാസിലേക്ക് അതിന്റെ സ്വത്വം ചോരാതെ തന്നെ എത്തിക്കാനാമ് സംവിധായകൻ ജിതിൻ ഐസക് തോമസ് ശ്രമിച്ചിട്ടുള്ളത്. 

മേളയിൽ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച കൃഷാന്ദ് രചിച്ച് സംവിധാനം ചെയ്ത 'സംഘർഷ ഘടന' (The Art of Warfare) വ്യത്യസ്ത അ‌നുഭവമാണ് സമ്മാനിക്കുന്നത്. അ‌ഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിൻറെ 'ആർട്ട് ഓഫ് വാർ' എന്ന രചനയെ ആസ്പദമാക്കിയുാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടു ചിത്രങ്ങളും മലയാള സിനിമ ടുഡേ വിഭാഗത്തിലാണ്.

ഗേൾഫ്രണ്ടും വിക്ടോറിയയും പറയുന്ന രാഷ്ട്രീയം 

അ‌ങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ കഥയാണ് ശിവരഞ്ജിനി ജെ. സംവിധാനം ചെയ്ത വിക്ടോറിയ എന്ന ചിത്രം. ഒരു തൊഴിൽദിവസത്തിൽ വിക്ടോറിയ എന്ന പെൺകുട്ടി കടന്നുപോകുന്ന സംഘർഷങ്ങൾ പറയുന്ന ചിത്രം തനതായ അ‌വതരണരീതി​ കൊണ്ടും പ്രാദേശികതയിലൂന്നിനിൽക്കുന്ന പാത്രസൃഷ്ടികൊണ്ടും വേറിട്ടുനിൽക്കുന്നു ഒന്നാണ്. ക്വിയർരാഷ്ട്രീയം, വ്യക്തി സ്വാതന്ത്ര്യം, ലിംഗഭേദം, സൌഹൃദം, പ്രണയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മലയാള ചിത്രമാണ് ഗേൾ ഫ്രണ്ട്. ശോഭന പടിഞ്ഞാറ്റിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ഭ്രമയുഗവും കിഷ്കിന്ധാ കാണ്ഡവും മേളയിലും ഹിറ്റ്

പ്രദർശനവിജയം നേടിയ ഭ്രമയുഗവും കിഷ്കിന്ധാ കാണ്ഡവും ചലച്ചിത്രമേളയിൽ പ്രേക്ഷകരെ ആകർഷിച്ചു. മിഡ്​നൈറ്റ് സ്ക്രീനിങ്ങിനായി എത്തിയ രാഹുൽ സദാശിവന്റെ മമ്മൂട്ടിച്ചിത്രം നിശാഗന്ധിയിൽ നിറഞ്ഞ സദസ്സിനു മുന്നിലാണ് പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ ഒരു പ്രദർശനം മാത്രമാണ് മേളയിൽ ഉണ്ടായിരുന്നത്. മലയാളം സിനിമാവിഭാഗത്തിൽ പ്രദർശിപ്പിച്ച ദിൻജിത് അയ്യത്താന്റെ കിഷ്കിന്ധാ കാണ്ഡത്തിന്റെ പ്രദർശനങ്ങളും പ്രേക്ഷകസാന്നിധ്യത്തിൽ പിന്നിലായില്ല.

മലയാളം സിനിമയുടെ പ്രതീകങ്ങൾ

മലയാള സിനിയെ അ‌ടയാ​ളപ്പെടുത്തുന്ന മേളയിലെ മറ്റു ചിത്രങ്ങളാണ് 'മലയാളം സിനിമ ടുഡേ'യിലെ പാൻ ഇന്ത്യൻ സ്റ്റോറി, മുഖക്കണ്ണാടി, കിസ് വാഗൺ, മാറുന്നു മറയുന്നു നിശ്വാസങ്ങളിൽ തുടങ്ങിയവ. കുടുംബ ബന്ധങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് പാൻ ഇന്ത്യൻ സ്റ്റോറി. ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം എന്ന ചിത്രം ഒരുക്കിയ വി.സി. അഭിലാഷ് ആണ് സംവിധാനം. 

സതീഷ് ബാബു സേനനും സന്തോഷ് ബാബുസേനനും ചേർന്നൊരുക്കിയ ചിത്രമാണ് മുഖക്കണ്ണാടി. ഒരു സംവിധായകനും കഥാപാത്രവും തമ്മിലുള്ള സംഘർഷഭരിതമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മിഥുൻ മുരളി ഒരുക്കിയ കിസ് വാഗൺ വ്യത്യസ്തമായ അ‌വതരണ​ശൈലി  കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ഡോ. അഭിലാഷ് ഒരുക്കിയ ചത്രം മാറുന്നു മാറിവരയുന്നു നിശ്വാസങ്ങളിലും സമകാലിക മലയാള സിനിമയുടെ പ്രതീകമായി മേളയിലെത്തി.

Content Highlights: international film festival of kerala malayalam cinema