സുവർണ ചകോരത്തിനായി ഫാമിലിയും തടവും; 14 മത്സരചിത്രങ്ങളുടെയും റിവ്യൂ വായിക്കാം

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. എട്ടു ദിവസം നീണ്ട ചലച്ചിത്ര വിരുന്ന് അവസാനിക്കുമ്പോൾ ആർക്കാവും മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ലഭിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്.
മലയാള ചിത്രങ്ങളായ ഫാമിലിയും തടവും സുവർണ ചകോരത്തിനായുള്ള മത്സരത്തിൽ ശക്തമായി രംഗത്തുണ്ട്. ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം സമൂഹത്തിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ കപടമനുഷ്യരെയാണ് വരച്ചുകാണിക്കുന്നത്. വിനയ് ഫോർട്ട്, നിൽജ കെ. ബേബി, ദിവ്യപ്രഭ തുടങ്ങിയവരാണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അംഗനവാടി ടീച്ചറായ ഗീതയുടെ കഥ പറയുന്ന ചിത്രമാണ് ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത തടവ്.
ഇവ കൂടാതെ ഇന്ത്യയിൽ നിന്നും ആഗ്ര, വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ എന്നീ ചിത്രങ്ങളും മത്സര വിഭാഗത്തിലുണ്ട്. ഇന്ത്യയിലെ അടിച്ചമർത്തപ്പെടുന്ന ലൈംഗികത പ്രശ്നവൽക്കരിക്കുന്ന ചിത്രമാണ് ആഗ്ര. രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഖനിയായ ജാരിയയുടെ (ജാർഖണ്ഡ്) പശ്ചാത്തലത്തിൽ കഥയാണ് ലുബ്ധക് ചാറ്റർജിയുടെ വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ പറയുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത പ്രശ്നങ്ങളും വിഷയങ്ങളും ഉയർത്തുന്നതായിരുന്നു അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ. ജനങ്ങളെയൊന്നാകെ ഞെരുക്കുന്ന ഭരണകൂട ഭീകരതയിൽ തുടങ്ങി ഗർഭച്ഛിദ്രത്തിനായി കൗമാരക്കാരി നടത്തുന്ന പോരാട്ടത്തിലേക്ക് വരെ അവ ആഴ്ന്നും പരന്നും കിടക്കുന്നു.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജത ചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങൾക്കൊപ്പം നൽകുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആർ.മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്.
സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്കാരങ്ങളും അക്കാദമി ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റിന്റെ സമ്മാനത്തുക.
Content Highlights: iffk 2023, competition movies and reviews, 28th iffk