55ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും,അല്ലു അർജുനും രശ്മിക മന്ദാനയും ചടങ്ങിൽ

പനജി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. നവംബർ 20 മുതൽ ആരംഭിച്ച മേളയിൽ 15 സിനിമകളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്. പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, ആദിത്യ സുഹാസ് ജംഭാലെയുടെ ആർട്ടിക്കിള്‍ 370, നിഖില്‍ മഹാജൻ്റെ രാവ്സാഹേബ് എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍. നടനും സംവിധായകനും എഴുത്തുകാരനുമായ അശുതോഷ് ഗോവാരിക്കറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള പ്രത്യേക അംഗീകാരം നടൻ അല്ലു അർജുന് നൽകും. സത്യജിത് റേ ലെെഫ് ടെെം അച്ചീവ്മെന്റ് പുരസ്കാരം ഓസ്ട്രേലിയൻ ഫിലിംമേക്കർ ഫിലിപ് നോയ്സിന് ചടങ്ങിൽ സമ്മാനിക്കും.
ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോയത്തിൽ വൈകീട്ട് നാല് മണിമുതൽ സമാപന ചടങ്ങുകൾക്ക് തുടക്കമാകും. കേന്ദ്ര വാർത്താ വിനിയമ പ്രക്ഷേപണ മന്ത്രി അശ്വിനി വെെഷ്ണവ്, കേന്ദ്ര വാർത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ പങ്കെടുക്കും. അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങി പ്രമുഖ ഇന്ത്യൻ സിനിമാ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ പുരസ്‌കാരവും വേദിയിൽ പ്രഖ്യാപിക്കും.
മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും നാൽപ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായിക/ സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായിക/ സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരമുണ്ട്. മികച്ച നവാഗതർക്കുള്ള പുരസ്‌കാരത്തിന് മലയാളത്തിൽ തണുപ്പ് എന്ന ചിത്രത്തിന്റെ സംവിധായകൻ രാഗേഷ് നാരായണൻ മത്സരിക്കുന്നുണ്ട്. ഒടിടിയിലെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവും മികച്ച വെബ് സീരീസിനും ഇത്തവണ പുരസ്‌കാരമുണ്ട്.
സ്ലൊവാക്യൻ ചിത്രം 'ഡ്രെെ സീസണാണ്' മേളയുടെ സമാപന ചിത്രം. ബോഹ്ഡൻ സ്ലാമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേളയുടെ എട്ടാം ദിവസമായ ഇന്നലെ ഇന്ത്യൻ ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ അനുസ്മരണവുമായി എ.ആർ.റഹ്മാൻ എത്തി. കലാ അക്കാദമിയിൽ ഇൻ കോൺവർസേഷൻ വിഭാഗത്തിൽ നടന്ന പരിപാടിയിലാണ് മാധ്യമപ്രവർത്തകൻ നമൻ രാമചന്ദ്രനൊപ്പം റഹ്മാൻ പങ്കെടുത്തത്.
മേളയിൽ കഴിഞ്ഞ ദിവസം മികച്ച പ്രതികരണം നേടി ബ്ലസിയുടെ ആടുജീവിതം പ്രദർശിപ്പിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. അയാം നെവെൻക, മറാഠി ചിത്രം രാവ്സാഹേബ്എ, മലയാള ചിത്രം ആടുജീവിതം എന്നീ ചിത്രങ്ങളായിരുന്നു അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്. സ്പാനിഷ് MeToo പ്രസ്ഥാനത്തിൻ്റെ തുടക്കത്തിന്റെ കഥ പറയുന്ന ചിത്രമാണ് അയാം നെവെൻക. നിവിൻ പോളി നായകനായെത്തി പി.ആർ അരുൺ സംവിധാനം ചെയ്ത ഫാർമ എന്ന വെബ്സീരീസിന്റെ ആദ്യ എപിസോഡ് മേളയിൽ പ്രദർശിപ്പിച്ചു. നിറഞ്ഞസദസ്സിലായിരുന്നു പ്രദർശനം.
Content Highlights: The 55th IFFI concludes today with Allu Arjun presenting an award and A.R. Rahman performing.