ടി20യിൽ വീണ്ടും അട്ടിമറി; ശ്രീലങ്കയെ തറപറ്റിച്ച് സിംബാബ്വേ; സൂപ്പർ എട്ടിലേക്ക് രാജകീയ എൻട്രി

കൊളംബോ: ശ്രീലങ്കയെ തറപറ്റിച്ച് സൂപ്പർ എട്ടിലേക്ക് രാജകീയ എൻട്രിയുമായി സിംബാബ്വേ. ഓസ്ട്രേലിയയെ അട്ടിമറിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്കയേയും തോൽപ്പിച്ച് സിംബാബ്വേ സൂപ്പർ എട്ടിലേക്ക് കടന്നത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 19.3 ഓവറിൽ 182 റൺസടിച്ച് മറ്റൊരു അട്ടിമറി ജയം കൂടി സ്വന്തമാക്കുകയായിരുന്നു. സൂപ്പർ എട്ടിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരേയാണ് സിംബാബ്വേ കളിക്കുക.
179 റൺസ് ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ സിംബാബ്വേയ്ക്കായി ഓപ്പണർ ബ്രിയാൻ ബെന്നറ്റ് അർധസെഞ്ച്വറി നേടി. 48 പന്തിൽനിന്ന് 63 റൺസായിരുന്നു ബെന്നറ്റ് പുറത്താകാതെ അടിച്ചുകൂട്ടിയത്.
നാലിൽ മൂന്ന് മത്സരങ്ങളും ജയിച്ച സിംബാബ്വേയ്ക്ക് അയർലാൻഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു.
Content Highlights: Zimbabwe's Royal Entry into Super 8s: Stunning Victory Over Sri Lanka