യുവരാജിന്റെ സെഞ്ചുറിക്ക് തകർപ്പൻ കൂട്ടുകെട്ടോടെ മറുപടി; കാനഡയെ തകർത്ത് കിവീസ് സൂപ്പർഎട്ടിൽ

ചെന്നൈ: ടി20 ലോകകപ്പിൽ കിവീസ് സൂപ്പർ എട്ടിൽ. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിലേക്ക് ടിക്കറ്റെടുത്തത്. എട്ടുവിക്കറ്റിനാണ് ജയം. കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ഗ്രൂപ്പ് ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്ക നേരത്തേ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ അർധസെഞ്ചുറികളാണ് കരുത്തായത്. 30 റൺസിനിടെ ഓപ്പണർമാരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഫിലിപ്സും രചിനും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ടിം സെയ്ഫേർട്ട് ആറുറൺസെടുത്തപ്പോൾ ഫിൻ അലൻ 8 പന്തിൽ നിന്ന് 21 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രചിനും ഫിലിപ്സും 142 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി. കനേഡിയൻ ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും കൂട്ടുകെട്ട് പൊളിക്കാനായില്ല. അതോടെ കിവീസ് 15.1 ഓവറിൽ ലക്ഷ്യത്തിലെത്തി.
രചിൻ രവീന്ദ്ര 39 പന്തിൽ നിന്ന് 59 റൺസെടുത്തു. നാല് ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഗ്ലെൻ ഫിലിപ്സ് 36 പന്തിൽ നിന്ന് 76 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. നാല് ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
നേരത്തേ ആദ്യം ബാറ്റുചെയ്ത കാനഡ നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. ഓപ്പണർ യുവരാജ് സാമ്രയുടെ സെഞ്ചുറിയാണ് കാനഡയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. യുവരാജ് 65 പന്തിൽ നിന്ന് 110 റൺസെടുത്തു. 11 ഫോറുകളും ആറ് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. എന്നാൽ പിന്നീട് വന്നവരെ പ്രതിരോധിച്ച് കിവീസ് കാനഡയെ 173 ലൊതുക്കി.
Content Highlights: newzealand beat canada t20 world cup